ക്ഷേമനിധി ബോർഡുകളുടെ ബജറ്റിൽ അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും പഠനത്തിനായി തുക വകയിരുത്താൻ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. 2019-20 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായുള്ള സംസ്ഥാനതല സ്‌കോളർഷിപ്പും സ്വർണനാണയ വിതരണവും തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 16 ക്ഷേമനിധി ബോർഡുകൾ തൊഴിൽവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക ശേഷി കൂടുതലുള്ളതും സാമ്പത്തികശേഷി കുറഞ്ഞതും എന്ന വിധത്തിൽ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തന രീതിയും വ്യത്യസ്തമാണ്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി വർത്തമാനകാല സാഹചര്യമനുസരിച്ച് ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങളിലും ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തണം.
ബോർഡുകളുടെ ഫണ്ട് ഉപയോഗം തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം അവരുടെ ആശ്രിതരായ വിദ്യാർഥികളുടെ പഠനത്തിനും സഹായകമാകുന്ന വിധത്തിലുള്ളതാക്കി മാറ്റണം. തൊഴിലാളിപക്ഷ സമീപനമുള്ള കൂടുതൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരേയും ഭരണകർത്താക്കളേയും വാർത്തെടുക്കുന്നതിന് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
അർഹരായവർക്ക് ക്ഷേമം എത്തിക്കുകയെന്ന സർക്കാർ നയം ബോർഡുകൾ കൃത്യമായി പാലിക്കണം. അബ്ക്കാരി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകൾ പോലെയുള്ളവയിൽ നിന്നും വ്യത്യസ്തമായി മറ്റു പല ക്ഷേമനിധി ബോർഡുകളിലും ആയിരക്കണക്കിന് അനർഹർ വ്യാജ സർട്ടിഫിക്കറ്റുകൾ വഴി കടന്നുകൂടിയിട്ടുണ്ട്. ബോർഡുകൾക്ക് സാമ്പത്തിക പ്രതിസന്ധിക്ക് പോലും കാരണമായിട്ടുള്ള ഇത്തരക്കാരെ കണ്ടെത്തുന്നതിന് ശക്തമായ സൂക്ഷ്മപരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കും. അർഹരായവരെ കണ്ടെത്തി ക്ഷേമമുറപ്പാക്കാൻ ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് തയാറാക്കിയ മാതൃകയിൽ എല്ലാ ക്ഷേമനിധി ബോർഡുകൾക്കും അവർക്ക് അനുയോജ്യമായ നിയമങ്ങൾ ഉണ്ടാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഇത് അതത് ബോർഡുകളിൽ പിഎസ്.സി വഴി നിയമനം നടത്തുന്നത് സുഗമമാക്കും.
ഓണക്കാലത്ത് ക്ഷേമനിധി ബോർഡുകളും ലേബർ കമ്മീഷണറേറ്റും വഴി 72 കോടി രൂപയാണ് തൊഴിൽ വകുപ്പ് നൽകിയത്. ഇക്കുറി ഓണത്തിന് ഒരു തൊഴിലാളിപോലും സമരം നടത്തിയില്ലെന്ന് തൊഴിലാളി ക്ഷേമമുറപ്പാക്കുന്ന സംസ്ഥാന സർക്കാരുള്ള കേരളമായതിനാലാണ്. ഏതു വ്യവസായം നടത്തുന്നതിനും കേരളത്തിൽ അനുകൂല സാഹചര്യമാണുള്ളത്. സർക്കാർ ഇതിന് പൂർണ്ണ പിന്തുണയും നൽകും. തൊഴിൽ നിയമങ്ങളും തൊഴിലവകാശങ്ങളും കൃത്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.
ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2019-20 അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പും സ്വർണനാണയവും മന്ത്രി വിതരണം ചെയ്തു. 107 വിജയികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരം ജില്ലയിലെ 10 പേരെ മാത്രമാണ് സംസ്ഥാനതലത്തിൽ ചടങ്ങിൽ പങ്കെടുപ്പിച്ചത്. മറ്റുള്ളവർക്ക് അതതു ക്ഷേമനിധി ബോർഡ് ആസ്ഥാന മേഖലകളിൽ താമസിയാതെ വിദ്യാഭ്യാസ സ്‌കോളർഷിപ്പും സ്വർണനാണയവും നൽകും.
ചടങ്ങിൽ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ മണിശങ്കർ അധ്യക്ഷനായിരുന്നു. ഡയറക്ടർ ബോബു ബോർജ്ജ് സ്വാഗതവും ചീഫ് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ ബീനാമോൾ വർഗീസ് കൃതജ്ഞതയുമർപ്പിച്ചു. കരകൗശല വികസന കോർപറേഷൻ മുൻ ചെയർമാൻ സുനിൽകുമാർ, ബോർഡ് ഡയറക്ടർമാരായ ബിനോയ് ജോസഫ്, എം.മെഹബൂബ്, കെ.കെ.രാധാകൃഷ്ണൻ, ഡി.ലാൽ, എസ്.ജയകുമാരൻനായർ, അനിൽകുമാർ, വി.എം.രഹ്ന എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Share your comments