1. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇനിമുതൽ ക്ഷേമനിധി. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തുന്നത്. പാലക്കാട് സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയാണ് ക്ഷേമനിധിയിലൂടെ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ക്ഷേമനിധിയുടെ പ്രയോജനം ലഭിക്കും.
കൂടുതൽ വാർത്തകൾ: പ്രവാസികൾക്കായി 20 ലക്ഷം രൂപ വരെ വായ്പ..കൂടുതൽ വാർത്തകൾ
2. സംസ്ഥാനത്ത് ഈ വർഷം ആയിരം കെ-സ്റ്റോറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ -സ്റ്റോറിന്റെയും ഇ – പോസ് മെഷീനുകൾ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനം, സപ്ലൈകോ ശബരി ഉൽപന്നങ്ങൾ, മിൽമ ഉൽപന്നങ്ങൾ, ഛോട്ടു ഗ്യാസ് എന്നീ സേവനങ്ങൾ കെ – സ്റ്റോറുകൾ വഴി ലഭിക്കും. പൊതു വിതരണ സംവിധാനത്തിൽ അളവുതൂക്ക കൃത്യത ഉറപ്പാക്കുന്നതിനാണ് ഇ- പോസ് മെഷീനുകൾ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
3. ക്ഷീര കാർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും, ചാണകം, ഗോമൂത്രം എന്നിവ പരിസ്ഥിതിക്ക് നാശം വരാത്ത രീതിയിൽ കൈകാര്യം ചെയ്ത് അതിലൂടെ മികച്ച വരുമാനം ഉറപ്പാക്കാനുള്ള വഴികൾ, ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ചർച്ച നടന്നത്. ജില്ലയിലെ ഏഴ് ക്ഷീര സംഘ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
4. വേനൽമഴ കനത്തതോടെ ഇടുക്കിയിലെ കുരുമുളക് കർഷകർ ആശങ്കയിൽ. വേനൽമഴയ്ക്ക് ശേഷമുള്ള വെയിലാണ് കുരുമുളക് ചെടിയിൽ നാമ്പും തിരിയും മുളയ്ക്കാൻ സഹായിക്കുന്നത്. തുടർച്ചയായ മഴമൂലം ചെടികളിൽ തിരി പിടിക്കാത്തത് കുരുമുളകിന്റെ ഉൽപാദനത്തെ സാരമായി ബാധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുരുമുളകിൽ തിരി പിടിയ്ക്കുന്നത് വളരെ കുറവാണെന്ന് കർഷകർ പറയുന്നു.
5. കേരളത്തിൽ കനത്ത മഴ തുടരും. 11 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത കുറവാണ്. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ലക്ഷദ്വീപ് തീരത്ത് വിലക്കുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Share your comments