വിധവാപെൻഷനും 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതർക്കുള്ള പെൻഷനും കൈപ്പറ്റുന്നവർ അവിവാഹിതരല്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി സർക്കാർ.
വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ഹാജരാക്കുന്നതിൽനിന്ന് 60 കഴിഞ്ഞവരെ ഒഴിവാക്കിയാണ് ഭേദഗതി.
വിധവാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്നും അവിവാഹിത പെൻഷൻ വാങ്ങുന്നവർ വിവാഹം ചെയ്തിട്ടില്ലെന്നും തെളിയിക്കുന്നതിന് ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നൽകുന്ന സാക്ഷ്യപത്രം എല്ലാവർഷവും ഡിസംബർ മാസത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിയ്ക്ക് സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
സാക്ഷ്യപത്രം ഹാജരാക്കാത്തവരുടെ പെൻഷൻ താത്കാലികമായി തടഞ്ഞുവെയ്ക്കുന്നതിനും തീരുമാനിച്ചിരുന്നു. സർക്കാർ തീരുമാനം പ്രായമുള്ള സ്ത്രീകളെ ഏറേ ബുദ്ധിമുട്ടിക്കുന്നതാണെന്ന് വിമർശമുണ്ടായി.
60 കഴിഞ്ഞ ഗുണഭോക്താക്കളെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറേ നിവേദനങ്ങളും സർക്കാരിന് ലഭിച്ചിരുന്നു.തുടർന്നാണ് 60 വയസ്സും അതിനുമുകളിലുമുള്ള ഗുണഭോക്താക്കൾക്ക് ഇളവ് അനുവദിച്ച് ധനകാര്യവകുപ്പ് ജോ. സെക്രട്ടറി ബി. പ്രദീപ്കുമാർ ഉത്തരവിറക്കിയത്.
അതേസമയം, നിബന്ധനയിലെ ഇളവ് അനർഹർ പെൻഷൻ കൈപ്പറ്റുന്നതിന് കാരണമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കുണ്ടാകും.
Share your comments