കുടുംബശ്രീയിലെ തൊഴിലാളികൾ ഇനി നിരത്തിലെ മാലിന്യം നീക്കം ചെയ്യുക മാത്രമല്ല കൈ നിറയെ വായ്‌പ ലഭിക്കാൻ അർഹരുമാണ് . സംസ്ഥാന വനിതാ വികസന കോർപറേഷന്റെ പുതിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.
വനിത സഹകരണ സംഘങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും അനുവദിക്കുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ വായ്പ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്
വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ് വനിതാ വികസന കോർപ്പറേഷൻ രണ്ട് വായ്പ പദ്ധതികൾക്ക് തുടക്കമിട്ടതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് വേണ്ടിയുള്ള വായ്പ സഹായ പദ്ധതിയ്ക്കും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയ്ക്കുമാണ് തുടക്കമിട്ടത്. വനിതകൾക്ക് വേണ്ടിയുള്ള നിരവധി സാമ്പത്തിക ശാക്തീകരണ, വികസന പ്രവർത്തനങ്ങൾക്ക് ഈ രണ്ട് വായ്പാ പദ്ധതികളും കൂടുതൽ കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാനതല അപെക്‌സ് ബോഡിയായ വനിതാ ഫെഡിനോട് സഹകരിച്ച് കൊണ്ടാണ് സഹകരണ സംഘങ്ങൾക്ക് വേണ്ടി 6 ശതമാനം പലിശ നിരക്കിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പാ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകൾക്ക് 4 ശതമാനം പലിശ നിരക്കിൽ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സിഡിഎസിന് പരമാവധി 50 ലക്ഷം രൂപയും വരെ നൽകുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന. യന്ത്രസഹായത്തോടെ ശുചീകരണം മികച്ചതാക്കാൻ ഉതകുന്ന വിവിധ പദ്ധതികളും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് വരും ദിവസങ്ങളിൽ കോർപ്പറേഷൻ നടപ്പിലാക്കും.
എന്റെ കൂട് പദ്ധതി വിജയം കണ്ടതിനാൽ എല്ലാ ജില്ലകളിലും ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, ഷോർട്ട് സ്റ്റേ ഹോമുകൾ എന്നിവ ആരംഭിക്കുന്നതാണ്. കേരളത്തിലെ വനിത സംഘങ്ങൾ വിചാരിച്ചാൽ കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല സുരക്ഷ ഒരുക്കാൻ സാധിക്കും.
കോർപ്പറേഷന്റെ മികച്ച പ്രവർത്തനം മുൻനിർത്തി 2017 മുതൽ തുടർച്ചയായി മൂന്ന് വർഷം എൻ.എസ്.സി.എഫ്.ഡി.സിയുടെ പെർഫോമൻസ് എക്‌സലൻസ് ദേശീയ പുരസ്‌കാരം വനിത വികസന കോർപറേഷന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ വായ്പ ചുങ്കത്തറ വനിത സഹകരണ സംഘത്തിന് മന്ത്രി കൈമാറി. മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരി കിഷോറിന് കൈമാറിക്കൊണ്ട് മന്ത്രി നിർവഹിച്ചു.
വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കുടുംബശ്രീ മിഷൻ ഡയറക്ടർ എസ്. ഹരികിഷോർ, വനിത ഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. അമ്പിളി, കോർപറേഷന്റെ ഡയറക്ടർമാരായ ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി എ.ആർ. ബിന്ദു, വനിത ശിശുവികസന വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യഗ്രാമം പദ്ധതി : 5000 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
Share your comments