എറണാകുളം: ആരോഗ്യ മേഖലയിൽ മാത്രമല്ല സാമൂഹ്യ രംഗത്തും ആശാവർക്കർമാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിലെ ആശാവർക്കർമാർക്ക് ആരോഗ്യ പരിശോധനാ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കേരളത്തിലെ ആശാവർക്കർമാർ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ച്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ രോഗികളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. 'ആശമാർക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായാണ് എല്ലാ ആശാവർക്കർമാർക്കും ബ്ലഡ് പ്രഷർ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഗ്ലൂക്കോമീറ്ററും നൽകിയത്. അടുത്ത ഘട്ടത്തിൽ തൂക്കം, ഉയരം എന്നിവ കണക്കാക്കാനുള്ള ഉപകരണങ്ങൾ നൽകുമെന്നും മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നടപ്പാക്കുന്ന 'ഒപ്പം കളമശ്ശേരി' പരിപാടിയിലും നിർണ്ണായക പങ്ക് വഹിക്കാൻ ആശാവർക്കർക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
‘മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘ഒപ്പം കളമശ്ശേരി’ പരിപാടിയുടെ ഭാഗമായാണ് ആശമാർക്കൊപ്പം കളമശ്ശേരി’ പദ്ധതിയും നടപ്പാക്കുന്നത്. ആശാവർക്കർമാർക്ക് കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
ഏലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മുൻസിപ്പാലിറ്റി ചെയർമാൻ എ. ഡി. സുജിൽ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. വി. രവീന്ദ്രൻ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Share your comments