News

ഇന്ന് "കാട്ടിലെ പാഴ്മുളം തണ്ടിന്റെ" ദിനം

പ്രിയങ്ക മേനോൻ

പ്രിയങ്ക മേനോൻ

Bamboo

Bamboo

മുളയുടെ പ്രാധാന്യം ലോകസമൂഹത്തിനു മുൻപിൽ വിളിച്ചോതുക എന്ന ലക്ഷ്യത്തോടെ 2009 സെപ്റ്റംബർ 16ന് ബാങ്കോങ്കിൽ നടന്ന വേൾഡ് ബാംബൂ കോൺഗ്രസിന്റെ ലോക മുള സമ്മേളനത്തിൽ ആണ് മുളക്കു വേണ്ടി ഒരു ദിവസം മാറ്റി വെക്കാൻ തീരുമാനിച്ചത്. പുൽവർഗ്ഗത്തിലെ രാജാവെന്നും, പാവപ്പെട്ടവന്റെ തടിയെന്നും, മനുഷ്യന്റെ സുഹൃത്തും എന്നൊക്കെ വിശേഷണങ്ങൾ അനവധി ആണ് മുളക്ക്. പുൽവർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള. ഇതിന്റെ ജന്മദേശം ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടു വാദങ്ങൾ ഇന്നും നിലനിൽക്കുന്നു. എന്നിരുന്നാലും മുള ഉത്പാദനത്തിലും വിപണനത്തിലും മുൻപന്തിയിൽ ചൈന തന്നെ. എന്നാൽ മുളയുമായി ബന്ധപ്പെട്ട് ഒരു ഗിന്നസ് റെക്കോർഡ് വാങ്ങിയെടുക്കാൻ നമ്മുടെ മലയാളമണ്ണ് തന്നെ വേണ്ടി വന്നു. കൊല്ലം ജില്ലയിലെ പട്ടാഴിയിൽ നിന്നുള്ള മുളയാണ് 'ലോകത്തെ ഏറ്റവും വലിയ മുള' എന്ന റെക്കോർഡ് 1989ൽ കരസ്ഥമാക്കിയത്. നമ്മുടെ മുളയൊന്നു പൂത്തു കാണാൻ മുപ്പതു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. പൂത്താലോ അതോടുകൂടി നശിക്കുകയും ചെയ്യുന്നു. എന്നാൽ വിപണിയിൽ നല്ല കാലം തുടങ്ങിയതോടെ മുളക്കെന്നും പൂക്കാലമാണ്. നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വീട് നിർമ്മാണം വരെ ഒറ്റക്ക് ചെയ്യും ഈ തൃണരാജൻ. വിപണിയിലെ ഈ താരത്തെ നട്ടു പരിപാലിച്ചാൽ ലാഭം ഉറപ്പ്. 1400 ഇനം മുളയിനങ്ങൾ ഉണ്ട് ലോകത്തെമ്പാടും. ഇതിൽ 136 ഇനങ്ങൾ ഭാരതത്തിൽ നിന്നാണ്. അതിലേകദേശം ഇരുപത്തിയഞ്ചോളം ഇനങ്ങൾ കേരളത്തിൽ നിന്നുമാണ്.

മുള

മുള

പണ്ട് കാലത്തു മുളകൾ ധാരാളമായി അതിരിൽ വച്ച് പിടിപ്പിക്കാറുണ്ട്. ഇതിന് കാരണം എന്തെന്നോ, മണ്ണൊലിപ്പ് തടയാനുള്ള അസാധാരണ കഴിവുണ്ട് ഇവയ്ക്ക്. മുള കൊണ്ട് അനേകം കരകൗശല വസ്തുക്കളും, പാചകോപകരണങ്ങൾ, കാർഷികോപകരണങ്ങളും നിർമ്മിക്കാം. ഇതു മാത്രമോ നമ്മുടെ തീൻ മേശകളിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കാനും ഇവയ്ക്ക് കഴിയും. മുളയരി കൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പു കൊണ്ടുള്ള കട്ട്ലെറ്റുകൾ, അച്ചാർ, ചമ്മന്തി പൊടി, മുളയരിപ്പായസം അങ്ങനെ അനേക വിഭവങ്ങൾ. മുളയിൽ ഉണ്ടാക്കുന്ന പുട്ട് മലയാളിയുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിലാണ്. മുളയധിഷ്ഠിത ഉത്പന്നങ്ങളോട് തദേശിയർക്കു മാത്രമല്ല വിദേശിയർക്കും ഏറെ പ്രിയമാണ്. മുളയധിഷ്ഠിത ഉത്പന്നങ്ങളും വിഭവങ്ങളും എല്ലാം വൻ ബിസിനസ്സ് സാദ്ധ്യതകൾ ആണ് തുറന്നിടുന്നത്. ഗൃഹനിർമ്മാണ രംഗത്ത് അതികായൻ ആണ് മുള. മുളകൊണ്ടുള്ള വീട് പ്രകൃതിക്ക് ഏറെ അനുയോജ്യമാണ്. മുളയുടെ ഉറപ്പും, ലഭ്യതയും, താരതമ്യേന വില കുറവുമാണ് ഇതിനെ ഗൃഹനിർമ്മാണ രംഗത്ത് ഉപയോഗിക്കാനുള്ള പ്രധാന കാരണം. ഒരു വീടിനു വേണ്ട എല്ലാ ഘടകങ്ങളും അതായത് ഭിത്തി, ജനൽ പാളികൾ, കർട്ടൻ, ഫർണീച്ചറുകൾ അങ്ങനെ എല്ലാത്തിനും ഇത് ഉപയോഗപ്രദമാണ്. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ നേതൃത്വത്തിൽ പലയിടത്തും മുള വീടുകൾ ഇന്ന് നിർമിച്ചു നൽകുന്നുണ്ട്.

Chinese Bamboo/Lucky bamboo

Chinese Bamboo/Lucky bamboo

നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ട് വരാൻ പോലും മുള ഒരാൾ വിചാരിച്ചാൽ മാത്രം മതി.  'ചൈനീസ് ബാംബൂ' എന്ന ഓമനപേരിൽ വിളിക്കുന്ന ഫെങ്ഷൂയി വാസ്തുവിദ്യയ്ക്ക് ഇന്ന് കേരളത്തിൽ ആരാധകർ ഏറെ ആണ്. ഒരടി മാത്രം പൊക്കമുള്ള ചൈനീസ് ബാംബൂ യഥാർത്ഥത്തിൽ മുള വർഗ്ഗത്തിൽ പെട്ട സസ്യമല്ല. ഇവക്ക് മുളയോട് ഏറെ രൂപസാദൃശ്യം ഉണ്ടെന്നു മാത്രം. നമ്മുടെ അകത്തളങ്ങളെ ആകർഷണീയം ആക്കാൻ ചൈനീസ് ബാംബൂ അഥവാ ലക്കി ബാംബൂ ഏറെ നല്ലതാണ്. വീടിനുള്ളിൽ ഭാഗ്യം കൊണ്ടുവരാനും പോസിറ്റീവ് എനർജി നിറക്കുവാനും ഈ സസ്യത്തിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ചൈനീസ് വാസ്തു വിദ്യയിൽ പണ്ട് കാലം തൊട്ടേ അതിപ്രധാനസ്ഥാനം ആണ് ഇവയ്ക്ക്. മുളംതണ്ടുകൾ കൂട്ടമായി ഒരു ചുവന്ന നാടയിൽ കെട്ടിയ രീതിയിലാണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്. ഈ ചുവപ്പു നിറം അഗ്നിയുടെ പ്രതീകമായി വിശ്വസിക്കപ്പെടുന്നു. ജലലഭ്യത ഏറെ ഉള്ളതും സൂര്യപ്രകാശം താരതമ്യേന കുറഞ്ഞ സ്ഥലവുമാണ് ഇത് നട്ട് പരിപാലിക്കാൻ ഏറെ നല്ലത്. ഇത്തരം വിശ്വാസത്തിൽ അധിഷ്ഠിതമായ ഒട്ടേറെ പേർ കേരളത്തിൽ ഉള്ളതിനാൽ "ലക്കി ബാംബൂ" അനേകം സാധ്യതകൾ തുറന്നിടുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ


English Summary: World Bamboo Day

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine