ആരോഗ്യകരമായ അവയവങ്ങൾ ലഭ്യമല്ലാത്തതിനാൽ നിരവധി ആളുകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുന്നു. ആരോഗ്യമുള്ള അവയവങ്ങൾ കൃത്യ സമയത്ത് ലഭിക്കുകയാണെങ്കിൽ ജീവൻ തിരിച്ചു പിടിക്കാൻ സാധിക്കും. അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനമായി ആചാരിക്കുന്നത്.
രക്തദാനം പോലെ തന്നെ പ്രധാനപെട്ടതാണ് അവയവ ദാനവും. അത്യാവശ്യ ഘട്ടത്തിൽ രക്തം കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലാകുന്നപോലെ തന്നെ അവയവത്തിന്റെ കാര്യവും. പ്രവർത്തനക്ഷമമല്ലാത്ത അവയവങ്ങൾ മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് ഓരോ വർഷവും ലോകത്ത് ജീവൻ നഷ്ടമാകുന്നത്.
അമേരിക്കയിലെ ഇരട്ട സഹോദരന്മാരായ റിച്ചാഡ് ഹെറിക്ക്, റോണള്‍ഡ് ഹെറിക്ക് എന്നിവരിലായിരുന്നു ആദ്യമായി അവയവദാന ശസ്ത്രക്രിയ നടത്തിയത്. മാനവരാശിയുടെ വളർച്ചയ്ക്ക് തന്നെ അതുല്യമായ സംഭാവന നല്‍കിയ ജോസഫ് മുറയെ ശാസ്ത്ര ലോകം 1990ല്‍ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ജീവശാസ്ത്രത്തിലും മനുഷ്യശാസ്ത്രത്തിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കി ആദരിച്ചത്.
അവയവങ്ങൾ ദാനം ചെയ്യുന്നത് മറ്റൊരാൾക്ക് ഒരു പുതിയ ജീവിതം നൽകുന്നു. ദാനം ചെയ്യുന്നവർ പ്രായം കണക്കിലെടുക്കേണ്ട ആവശ്യമില്ല. എന്നാൽ, എച്ച്.ഐ.വി., ക്യാൻസർ, വിട്ടുമാറാത്ത ഏതെങ്കിലും ഹൃദയ, ശ്വാസകോശ രോഗങ്ങൾ എന്നിവ ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അവയവം ദാനം ചെയ്യുന്നയാൾ പൂർണ ആരോഗ്യവനായിരിക്കണം.
അവയവദാനം രണ്ട് തരത്തിലുണ്ട്. ജീവിച്ചിരിക്കുന്നവരിൽ നിന്ന് പ്രവത്തിച്ചുകൊണ്ടിരിക്കുന്ന അവയവങ്ങൾ ദാനം ചെയ്യുന്നതാണ് ഒന്നാമത്തെ രീതി. വൃക്ക, കരൾ എന്നിവയാണ് ഈ രീതിയിൽ ദാനം ചെയ്യാൻ കഴിയുക. ഇത്തരം അവയവ ദാനങ്ങളിൽ അവയവ ദാദാവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അവയവ ദാനം ചെയ്യുന്നതിന് മുൻപും ചെയ്ത ശേഷവും പൂർണമായ ശ്രദ്ധ ആവശ്യമാണ്.
രണ്ടാമത്തേത് മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിൻറെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.
Share your comments