ഗൂഗിൾ പേ വഴി ഇനി വിദേശത്തുനിന്നും ഇന്ത്യയിലേക്ക് പണമയക്കാം. വൈസ്, വെസ്റ്റേൺ യൂണിയൻ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിൾ പേ പുതിയ സംവിധാനം
ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി യുഎസിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഇന്ത്യ, സിംഗപ്പൂർ രാജ്യങ്ങളിലേക്ക് ആപ്പ് ഉപയോഗിച്ച് പണമയക്കാനാകും.
പണമയക്കുന്നത് ഉൾപ്പടെയുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്ന കമ്പനികളാണ് വൈസും വെസ്റ്റേൺ യൂണിയനും. ലണ്ടൻ ആസ്ഥാനമായുള്ള വൈസ് 2011ലാണ് സ്ഥാപിതമായത്.
കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ അന്തർദേശീയ പണമിടപാട് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചത്. ലോകമെമ്പാടും പണം അയക്കുന്നതിനുള്ള അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സംവിധാനമാണ് വെസ്റ്റേൺ യൂണിയൻ. വർഷവസാനം വൈസ് വഴി 80 രാജ്യങ്ങളിലേക്കും വെസ്റ്റേൺ യൂണിയൻ വഴി 200 രാജ്യങ്ങളിലേക്കും പുതിയ സൗകര്യം വ്യാപിപ്പിക്കാനും ഗൂഗിൾ പേ പദ്ധതിയിട്ടിട്ടുണ്ട്.
40 രാജ്യങ്ങളിലായി ഏകദേശം 1.50 കോടി ഉപയോക്താക്കളാണ് ഗൂഗിൾ പേയ്ക്കുള്ളത്. ഈ കൊവിഡ് കാലത്ത് ഇത്തരമൊരു സംവിധാനം ഉപയോക്താക്കൾക്ക് വളരെയധികം പ്രയോജനകരമാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. ജി പേ, ടെസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഗൂഗിൾ പേ 2020 നവംബറലാണ് രൂപമാറ്റം വരുത്തി ഇന്ന് കാണുന്ന രൂപത്തിലായത്.
സിലിക്കൺ വാലി ടെക്നോളജി കമ്പനിയാണ് ഗൂഗിൾ പേയ്‌മെന്റ് ആപ്ലിക്കേഷൻ പുനർരൂപകൽപ്പന ചെയ്തത്.
Share your comments