
1. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷിഭൂമിയുടെയും ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനമായ കർഷക രജിസ്ട്രിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂലൈ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. കൃഷി ഭവനിൽ പോകാതെ തന്നെ, കർഷകർക്കുള്ള ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻപ് കൃഷിഭവൻ വഴി മാത്രം സാധ്യമായിരുന്ന സംവിധാനം ഫാർമർ ലോഗിൻ വഴി സ്വന്തമായോ, അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ ചെയ്യാനുള്ള വെബ്‌സൈറ്റും ഓപ്പൺ ആക്കിയിരുന്നു. പി. എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര / സംസ്ഥാന കാർഷിക പദ്ധതി ആനുകൂല്യങ്ങളും സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനായി നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ അധിഷ്ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇന്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണീക്ക് ഐ.ഡി.കാർഡ് ലഭിക്കുന്നതാണ്. https://klfr.agristack.gov.in/farmer-registry-kl/#/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ രജിസ്‌ട്രേഷൻ ചെയ്യാനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471 2309122, 0471 2303990 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ ജൂലൈ 25-ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 'പോത്ത് / പോത്ത് കുട്ടി വളർത്തൽ' എന്ന വിഷയത്തിൽ കർഷകർക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ 0479 2452277, 0479 2457778 എന്നീ ഫോൺ നമ്പറുകൾ വഴിയോ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
Share your comments