അരിമണിയില്‍ അത്ഭുതം കാട്ടുന്നവര്‍ ലോകത്ത് ഏറെയാണ്. ജപ്പാനില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച ഒരു കലാരൂപമാണിത്. നെല്‍കൃഷി ചെയ്യുന്ന നാടുകളിലൊക്കെ ധാന്യം കൊണ്ടുളള കലാരൂപങ്ങളുടെ നിര്‍മ്മാണവും പതിവാണ്. കേരളത്തിലും നെല്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരുണ്ട്. എന്നാല്‍ നെല്ലുപയോഗിച്ച് വിഗ്രഹങ്ങളുണ്ടാക്കുന്നവരെ പരിചയപ്പെട്ടിട്ടില്ല. അത്തരമൊരു നെല്‍പ്രതിമ നിര്‍മ്മാതാക്കളാണ് ഒഡിഷയിലെ കോരപ്പുട്ട് ദേശത്തെ ആശയും ഹരി കൃഷ്ണ നായക്കും. നിറം കൊടുത്ത ചണവും സ്വര്‍ണ്ണ വര്‍ണ്ണമുള്ള നെല്ലും മുളയുമാണ് ശില്‍പ്പത്തിന് ആവശ്യമായ വസ്തുക്കള്‍.
കേരളത്തിലെ വീടുകളില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി വീടിനുമുന്നില്‍ നെല്‍ക്കതിര്‍ തൂക്കുന്ന പതിവ് കൃഷി സമൃദ്ധമായ പഴയകാലത്തുണ്ടായിരുന്നു. ഇപ്പോള്‍ കൃഷി കുറഞ്ഞതോടെ അത്തരം ആചാരങ്ങളും അന്യം നിന്നുപോയി. കര്‍ണ്ണാടകയില്‍ ഈ കാഴ്ച ഇപ്പോഴും കാണാന്‍ കഴിയും. ഒഡിഷയിലെ ആദിവാസി സമൂഹമാണ് ഐശ്വര്യത്തിന്‍റെയും ദൈവപൂജയുടെയും ഭാഗമായി നെല്‍മൂര്‍ത്തികളെ ഉണ്ടാക്കുന്നത്.
അന്യം നിന്നുപോകുന്ന കലാരൂപം
മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. മുളയും നെല്ലും മഞ്ഞള്‍ വെള്ളത്തില്‍ മുക്കിയ ശേഷം ഉണക്കിയാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാല്‍ മനോഹരവും ചൈതന്യവത്തുമായ ഈ പ്രതിമകള്‍ ഇഷ്ടപ്പെടുന്ന കലാസ്വാദകര്‍ ഏറെയുണ്ട് ഒഡിഷയില്‍. ഹരിയുടെ സമുദായത്തില്‍ അദ്ദേഹത്തിന് പുറമെ മറ്റൊരാള്‍ക്കും ഈ കലാരൂപമുണ്ടാക്കാന്‍ അറിയാം. സരസ്വതി ദേവി,ലക്ഷ്മിദേവി,വിഘ്‌നേശ്വരന്‍ എന്നിവയാണ് പ്രധാനമായും ആളുകള്‍ വാങ്ങുക. പഴയ ജനറേഷന്‍ ഇതൊക്കെ ഇഷ്ടപ്പെടുമെങ്കിലും പുത്തന്‍ തലമുറക്ക് താത്പ്പര്യം കുറവാണെന്നും ഹരി പറയുന്നു. കൃഷി മുഖ്യതൊഴിലാക്കിയ ഹരിയുടെ ഒഴിവുസമയ തൊഴിലാണ് വിഗ്രഹനിര്‍മ്മാണം. നല്ല ക്ഷമ വേണ്ടുന്ന കലാരൂപമായതിനാല്‍ ഇത് പഠിക്കാനുളള താത്പ്പര്യവും യുവാക്കള്‍ക്കില്ല. മൂന്ന് മക്കളുള്ളതില്‍ ഒരാളെങ്കിലും ഇത് പഠിച്ച് ,ഈ കലാരൂപം നശിക്കാതെ നിലനിര്‍ത്തണം എന്ന് ഹരി ആഗ്രഹിക്കുന്നു. ഭാര്യ ആശ വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവില്‍ നിന്നാണ് ഈ കല പഠിച്ചത്. ആശ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിയും വിഗ്രഹനിര്‍മ്മാണമാണ്.
സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
മറ്റ് സംസ്ഥാനങ്ങളിലൊക്കെ സര്‍ക്കാര്‍ സഹായത്തോടെ പ്രദര്‍ശനങ്ങള്‍ക്ക് പോകാന്‍ അവസരം കിട്ടിയിട്ടുണ്ട് ഈ ദമ്പതികള്‍ക്ക്. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ചീപ്പ്,ആഭരണങ്ങള്‍, തുണികളില്‍ ഡിസൈനുകള്‍ എന്നിവയും ചെയ്യാറുണ്ട് ഇവര്‍. ഈ കലാരൂപം നഷ്ടമാകാതെ വരും തലമുറയിലേക്ക് പകരാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ഈ ദമ്പതികള്‍ കരുതുന്നു.
Share your comments