Food Receipes

പായസവും പ്രഥമനും.. എന്താണ് വ്യത്യാസം

പായസവും പ്രഥമനും.. എന്താണ് വ്യത്യാസം

പ്രഥമൻ എന്നാൽ ഒന്നാമൻ എന്നാണു അർഥം. ഇതൊരു സംസ്‌കൃതം വാക്കാണ്. കേട്ടിട്ടില്ലേ പ്രഥമ, ദ്വിതീയ, ത്രിതീയ എന്ന്, അതായത് ഒന്ന്, രണ്ടു, മൂന്നു എന്നർത്ഥം. ഇതിനൊക്കെ പായസവുമായി എന്ത് ബന്ധം എന്നായിരിക്കും സംശയം..... ബന്ധമുണ്ട്! പറയാം.

പായസം കേരളത്തിൽ പായസം രണ്ടു രീതിയിൽ ആണ് ഉണ്ടാക്കാറ്. രണ്ടിലും പാൽ ചേർത്താണ് തെയ്യാറാക്കുന്നത്. ഒന്നിൽ പശുവിൻ പാലും അടുത്തതിൽ തേങ്ങാ പാലും ആണ് ചേർക്കുന്നത്.

പശുവിൻ പാൽ ചേർത്തുണ്ടാക്കുന്ന പായസം പാൽ പായസം അല്ലെങ്കിൽ അതിൽ ചേർക്കുന്ന വിഭവത്തിന്റെ പേരും പാലും ചേർത്തു പേര് പറയും, ഉദാഹരണം പാലട. അതായത് പാലും അടയും ചേർത്തുണ്ടാക്കിയ പായസം. പാലടയെ അല്ലെങ്കിൽ പാൽ പായസത്തെ ഒരിക്കലും പ്രഥമൻ എന്ന് വിളിക്കില്ല. അഥവാ അങ്ങിനെ വിളിച്ചു പോന്നിട്ടുണ്ടെങ്കിൽ ഇനി പറയരുത്

പ്രഥമൻ

പറഞ്ഞപോലെ തേങ്ങാ പാൽ ആണ് ഇവിടത്തെ താരം. തേങ്ങ പിഴിഞ്ഞ് നമ്മൾ മൂന്ന് തവണ പാൽ എടുക്കുന്നു. ഒന്നാം പാൽ, രണ്ടാം പാൽ മൂന്നാം പാൽ. മൂന്നാം പാലിൽ വേവിക്കുന്നു. രണ്ടാം പാലിൽ കുറുക്കുന്നു. ഒന്നാം പാലിൽ അവസാനിപ്പിക്കുന്നു. അങ്ങിനെ തൃതീയനും, ദ്വിതീയനും അവസാനം പ്രഥമനിൽ അവസാനിപ്പിച്ചു രുചികരമായ പായസം തെയ്യാറാക്കി എടുക്കുന്ന പായസത്തിന് അതേപോലെ തന്നെ പേരും കിട്ടി "പ്രഥമൻ".

ആദ്യകാലത്തു ഒന്നാം പാൽ മാത്രം ഉപയോഗിച്ച് ദൈവങ്ങൾക്ക് നിവേദിക്കുന്ന രീതിയായിരുന്നു. പിന്നീട് ഈ പായസം ജനകീയമായപ്പോൾ രണ്ടും മൂന്നും പാലുകൾ ചേർത്തു ഉണ്ടാക്കി തുടങ്ങി. ചെലവ് കുറവല്ലേ. ഒന്നാം പാൽ മാത്രം ചേർത്തു ഒരു പ്രഥമൻ ഉണ്ടാക്കി നോക്കൂ. രുചി എന്നും നാവിൻ തുമ്പത്ത് നിൽക്കും. ജന്മത്തിൽ രുചി മറക്കില്ല.

തേങ്ങാ പാൽ ചേർത്ത് അട ഉപയോഗിച്ചുണ്ടാക്കുന്ന പായസത്തെ അടപ്രഥമൻ എന്ന് പറയും എന്നാൽ പശുവിൻ പാലാണ് എങ്കിൽ പാലട എന്ന് മാത്രമേ പറയാവൂ. ഒരു വ്യത്യാസം കൂടെയുണ്ട്. പാലടയിൽ അണ്ടിപരിപ്പും മുന്തിരിയും ചേർക്കില്ല.


English Summary: deferent bet ween payasam and pradhaman

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine