പോഷകസമൃദ്ധമായ ചുവന്ന ചീര, ഇലക്കറികളിൽ കേമനാണെന്ന് കൂടി പറയാം. ആഴ്ചയിലൊരിക്കലെങ്കിലും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പറയുന്നത്. ചുവന്ന ചീര ഉപയോഗിച്ച് വൈവിധ്യങ്ങളായ വിഭവങ്ങളുമുണ്ടാക്കാമെന്നതിനാൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഭക്ഷണക്രമത്തിലേക്ക് ചീര ചേർക്കുന്നത് വ്യത്യസ്ത രുചി പരീക്ഷിക്കാനും സഹായിക്കും.
ചീര കൊണ്ടുള്ള ഏതാനും വിഭവങ്ങൾ പരീക്ഷിക്കാം.
ചീര- ചക്കക്കുരു തോരന്‍
ചേരുവകള്‍
ചീര ചെറുതായി അരിഞ്ഞത്- 2 കപ്പ്
ചക്കക്കുരു (നീളത്തില്‍ അരിഞ്ഞത്)- 5 എണ്ണം
തേങ്ങ തിരുമ്മിയത്- 1 കപ്പ്
മഞ്ഞള്‍പൊടി- ¼ ടീ സ്പൂണ്‍
ജീരകം- ½ ടീ സ്പൂണ്‍
മുളകുപൊടി- ½ ടീ സ്പൂണ്‍
കടുക്, വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ്- ആവശ്യത്തിന്
ബന്ധപ്പെട്ട വാർത്തകൾ: അത്ഭുത സിദ്ധിയുള്ള അഗത്തി ചീര
തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളക് ഇട്ട് പൊട്ടിച്ച ശേഷം അരിഞ്ഞുവച്ച ചക്കകുരു ചേര്‍ത്ത് അൽപം വെള്ളം ചേര്‍ത്ത് വേവിക്കുക. ശേഷം, അരിഞ്ഞുവച്ച ചീര ചേർത്ത് ഇതിലേക്ക് ഉപ്പിട്ട് മൂടി വേവിക്കുക.
ചെറുതായി അരച്ച തേങ്ങ, മുളകുപൊടി, ജീരകം, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് മൂടി വേവിക്കുക. വെള്ളം വറ്റുമ്പോള്‍ നല്ലതുപോലെ ചിക്കിതോര്‍ത്തി എടുത്താൽ സ്വാദുള്ള ചീര തോരൻ റെഡി.
ചീര കട്ലറ്റ്
ചേരുവകള്‍
ചീര ചെറുതായി നുറുക്കിയത്- 1 കപ്പ്
ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ചത്- 1 കപ്പ്
സവാള ചെറുതായി നുറുക്കിയത്- 1/2 കപ്പ്
റൊട്ടി/ ബ്രെഡി പൊടി- 1 കപ്പ്
പച്ചമുളക് ചെറുതായി നുറുക്കിയത്- 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി നുറുക്കിയത്- ¼ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി- ¼ ടേബിള്‍ സ്പൂണ്‍
മസാലപൊടി- ½ ടേബിള്‍ സ്പൂണ്‍
മുട്ട അടിച്ചെടുത്തത്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് ചീരയിട്ട് ചെറുതായി വഴറ്റി കുരുമുളക് പൊടി, മസാലപ്പൊടി എന്നിവ ചേർക്കാം. ഉരുളക്കിഴങ്ങ് ഉടച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി കൈ വെള്ളയില്‍ വച്ച് ചെറുതായി അമര്‍ത്തി കട്ലറ്റ് ആകൃതിയാലാക്കുക.
ഇത് മുട്ട മിശ്രിതത്തില്‍ മുക്കി റൊട്ടി പൊടിയില്‍ നല്ല പോലെ പുരട്ടി തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. ഇളം ബ്രൗണ്‍ നിറമാകുമ്പോൾ വറുത്തെടുക്കാം.
ചീര സൂപ്പ്
ചീര കൊണ്ടുള്ള വെറൈറ്റി വിഭവമാണ് ചീര സൂപ്പ്. ഇതിന് ആവശ്യമായ ചേരുവകൾ...
ചീര ചെറുതായി അരിഞ്ഞത്-1 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് - 1 എണ്ണം
സവാള ചെറുതായി അരിഞ്ഞത്- 1 എണ്ണം
വെണ്ണ- 1 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം- 1 ടീസ്പൂൺ
നെയ്യിൽ മൊരിച്ച റൊട്ടി കഷ്ണങ്ങൾ-1 കപ്പ്
കുരുമുളക് പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് വെള്ളമൊഴിച്ച് ചീര വേവിക്കുക. ഇതിന് ശേഷം ചീര മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും ഉരുളക്കിഴങ്ങ് പൊടിച്ചതും ചേർക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. മൊരിച്ച റൊട്ടിക്കഷ്ണങ്ങളും ഫ്രഷ് ക്രീമും ചേർത്ത് വിളമ്പുക.
Share your comments