പാളയന്തോടൻ പഴം പെട്ടന്ന് പഴുത്തു പോകുന്ന പഴമാണ്. ഇങ്ങനെ പഴം കൂടുതലുള്ളപ്പോൾ പഴം കൊണ്ട് രുചികരമായ ജാം ഉണ്ടാക്കി സൂക്ഷിക്കാം.
കൂടുതൽ കാലം കേടു കൂടാതെ ഇരിക്കും. മാത്രമല്ല മാർക്കറ്റിൽനിന്ന് കിട്ടുന്ന, കളറും പ്രിസെർവേറ്റിവ്‌സും ചേർത്ത ജാം പോലെ ഒട്ടും അനാരോഗ്യകരമല്ലാത്ത,വീട്ടിൽ ഉണ്ടാക്കിയ ജാം കഴിക്കുകയൂം ചെയ്യാം.കുട്ടികൾക്കേറെ ഇഷ്ടപ്പെടുന്ന പഴം ജാം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു കിലോ പാളന്തോടന്‍ പഴം എടുക്കുക.ഇത് നന്നായി തൊലികളഞ്ഞ് വട്ടത്തില്‍ ചെറുതായി അരിഞ്ഞ ശേഷം കുക്കറില്‍ ഇട്ട് പഴം മുങ്ങിനില്‍ക്കുന്ന അത്രയും വെള്ളം ഒഴിച്ച് അടുപ്പത്തു വയ്ക്കുക.
മൂന്ന് വിസില്‍ അടിച്ച ശേഷം തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം കുക്കര്‍ തുറന്ന് അതില്‍ നിന്നും പഴത്തിന്റെ സത്ത് അരിപ്പ വെച്ച് അരിച്ചെടുക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് അരിപ്പയില്‍ വെച്ച് പഴം നന്നായി ഉടച്ചെടുത്ത് അതിന്റെ നീര് മുഴുവനായും ഊറ്റിയെടുക്കണം.
പിന്നീട് ഒരു ചുവടു കട്ടിയുള്ള പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് ഈ ലായിനി ഒഴിച്ചു കൊടുക്കുക. ഇനി അതിലേയ്ക്ക് ഒന്നരക്കപ്പ് പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.ഇവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും തിളപ്പിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു കഷണം കറുവപ്പട്ടയും അഞ്ചാറ് കരയാമ്പൂവും ചേര്‍ത്തു കൊടുക്കുക. പതിനഞ്ച് മിനിറ്റോളം നന്നായി തിളച്ചതിനു ശേഷം ഇതില്‍ നിന്നും കറുവപ്പട്ടയും കരയാമ്പൂവും എടുത്തു മാറ്റുക.
പിന്നീട് ഇത് കുറച്ചു നേരം കൂടിതിളപ്പിച്ച് കുറുക്കിയെടുക്കുക. നന്നായി കുറുകിയ ശേഷം ഇതില്‍ ഒരു ചെറുനാരങ്ങയുടെ നീര് കൂടെ ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിക്കുക. പിന്നീട് അടുപ്പ് ഓഫ് ചെയ്ത ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ആരോഗ്യകരമായ പഴംജാം തയ്യാര്‍. കൂടുതൽ കാലം കേടു കൂടാതെ ഇരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാം
Share your comments