
പൊതുവെ വിയറ്റ്നാം, തായ്‌ലൻഡ്, ഇൻഡോനേഷ്യ എന്നിവടങ്ങളിൽ കണ്ടു വരുന്ന ഒരു മരമാണ് മിൽക്ക് ഫ്രൂട്ട്. മിൽക്ക് ഫ്രൂട്ടോ? എന്ന് ചോദിച്ച് കണ്ണ് തള്ളാൻ വരട്ടെ.. നമ്മുടെ നാട്ടിലെ സ്വർണപത്രിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
പല നാടുകളിലും പല പേരിലാണ് മിൽക്ക് ഫ്രൂട്ട് അറിയപ്പെടുന്നത്. കംപോഡിയയിൽ ട്യൂബ്ഡോസ് എന്ന പേരിലും വിയറ്റ്നാമിൽ വൂസ്‌വ എന്ന പേരിലുമാണ് ഇത് അറിയപ്പെടുന്നത്. മിൽക്ക് ഫ്രൂട്ട് മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഇലയാണ്. ഇലയുടെ മുകൾ ഭാഗം പച്ചയും താഴ്ഭാഗം സ്വർണ നിറവുമാണ്. പച്ച, വയലറ്റ്, മഞ്ഞ നിറങ്ങളിൽ മിൽക്ക് ഫ്രൂട്ട് ലഭ്യമാണ്. ഇനി ഇതുകൊണ്ടു എങ്ങനെയാണ് ഷെയ്ക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ:
മിൽക്ക് ഫ്രൂട്ട് -നാലെണ്ണം
ഞാലിപൂവൻ പഴം -ചെറുത്- ഒരെണ്ണം
ഏലയ്ക്ക -രണ്ടെണ്ണം
പഞ്ചസാര -ആവശ്യത്തിന്
വെള്ളം - 75 മില്ലി (കൊഴുപ്പ് വേണ്ടതനുസരിച്ച്)
ഷെയ്ക്ക് ഉണ്ടാക്കുന്ന വിധം:
മിൽക്ക് ഫ്രൂട്ട് കഴുകി വൃത്തിയാക്കി രണ്ടായി മുറിക്കുക. ശേഷം സ്പൂൺ ഉപയോഗിച്ച് മാതളം പ്രത്യേകം പാത്രത്തിലേക്ക് മാറ്റാം. കുരു കളഞ്ഞ ശേഷം ഇത് മിക്സിയുടെ ജാറിൽ ഇടുക. ഒപ്പം പഴവും ഏലയ്ക്കയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കാം. വെള്ളത്തിനു പകരം ഐസ് ക്യൂബ്സ് വേണങ്കിലും ഇട്ടുകൊടുക്കാം.

ശ്രദ്ധിക്കുക : മുറിച്ച് മാതളം മാറ്റുന്ന സമയത്ത് പഴത്തിൽ നിന്നും പാൽ പുറത്തേക്ക് വരും. ഇത് ശേഖരിക്കാൻ ഒരു പാത്രത്തിൽ വച്ച് ഇവ വേർതിരിക്കുന്നതാകും നല്ലത്. ഷെയ്ക്ക് തയാറാക്കുന്ന സമയത്ത് ഈ പാൽ ജാറിലേക്ക് ഒഴിച്ച് കൊടുക്കാം.
How to make milk fruit shake without milk? Milk fruit is commonly found in Vietnam, Thailand and Indonesia.
Share your comments