ഓട്സുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ് എന്നതുകൊണ്ടുതന്നെ നിരവധിയാളുകൾ ഗോതമ്പിനു പകരമായി ഉപയോഗിക്കുന്ന ഒന്നാണ് ഓട്സ്. ഇവയിൽ ഗോതമ്പിനെക്കാൾ ഉയർന്ന അളവിൽ കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഉപ്പുമാവ്, ഇഡ്ഢലി, ദോശ , സ്മൂത്തി തുടങ്ങിയവയെല്ലാം ഓട്സ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം.
ഫൈബർ അടങ്ങിയ ഭക്ഷണമായ ഓട്സ് എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ഒന്നുമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓട്സ് കൊണ്ട് പ്രഭാതഭക്ഷണമായി ഉണ്ടാക്കാൻ കഴിയുന്ന ദോശയെ പരിചയപ്പെടാം.ഓട്സ് ദോശ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ഇത് വളരെ രുചികരവും കുട്ടികൾക്ക് ഇഷ്ടപെടുന്ന താരത്തിലുള്ളതുമാണ്.
ആവശ്യമായ ചേരുവകൾ
ഓട്സ് - 2 കപ്പ് (പൊടിച്ചത് )
വെള്ളം- ആവശ്യത്തിന്
അരിപ്പൊടി- അര കപ്പ്
പച്ചമുളക്- 2 എണ്ണം ചതച്ചത്
ഉള്ളി- ഇടത്തരം വലുപ്പത്തിൽ ഒരുകഷ്ണം
തൈര് - 2 ടേബിൾ സ്പൂൺ
ഇഞ്ചി- കുറച്ചു ചതച്ചത്
കറിവേപ്പില- ഒരു തണ്ട്
മല്ലിയില- ആവശ്യമെങ്കിൽ
ഉപ്പ്- ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
ഓട്സ് ഒരു പാനിൽ വെച്ച് ഫ്രൈ ചെയ്ത ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. കട്ടയില്ലാതെ വെള്ളം ആവശ്യാനുസരണം മിക്സ് ചെയ്ത ശേഷം മുകളിൽ സൂചിപ്പിച്ച അളവിൽ തൈരും അരിപ്പൊടിയും ചേർത്ത് ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർത്ത് ഇളക്കിയ ശേഷം ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ഇളക്കിയ ശേഷം ഉപ്പ് ചേർത്ത് 5 മിനുട്ട് അടച്ചുവെക്കാം. ദോശ പാൻ നന്നായി ചൂടായ ശേഷം നന്നായി ലൂസായ മാവ് പാനിൽ ഒഴിച്ചുകൊടുക്കുക. ആവശ്യാനുസരണം ദോശകൾ ചുട്ടെടുത്ത് ചൂടോടെ വിളമ്പാം.
ബനാന ഓട്സ് സ്മൂത്തി വളരെ പെട്ടെന്ന് നമുക്ക് പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ്. ധാരാളം പോഷക ഗുണങ്ങളടങ്ങിയ ഓട്സ് വിഭവങ്ങൾ വളരെ ഈസിയായി ഉണ്ടാക്കാമെന്നതും ശ്രദ്ധേയമാണ്.
ബനാന ഓട്സ് സ്മൂത്തിക്ക് ആവശ്യമായ ചേരുവകൾ
ഇൻസ്റ്റന്റ് ഓട്സ്- കാൽ കപ്പ്
നന്നായി പഴുത്ത പഴം- 2 എണ്ണം (വലുപ്പത്തിനനുസരിച്ച്)
പാൽ- 1 കപ്പ്
വാനില എസ്സെൻസ്- ( ആവശ്യാനുസരണം)
തേൻ- ( മധുരം ആവശ്യമെങ്കിൽ)
ഐസ് ക്യൂബുകൾ- (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
മുകളിൽ സൂചിപ്പിച്ച അളവിൽ ഓട്സ് പാലിൽ കുതിർത്തിയ ശേഷം 1 മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. അതിനുശേഷം ഓട്സും പാലും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പഴം ഉടച്ചെടുത്ത ശേഷം ചേർക്കുക. ആവശ്യമെങ്കിൽ വാനില എസ്സെൻസ്, അഥവാ ഏലക്കാപ്പൊടി,തേൻ, ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് നന്നായി ഇളക്കുക. വളരെയെളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്മൂത്തി തയ്യാറാക്കി ഗ്ലാസിൽ വിളമ്പാം.
Share your comments