മഹാരാഷ്ട്രയിൽ ധാരാളം തഴച്ചു വളരുന്ന ഒരു പയറുവർഗ്ഗമാണ് "വാൽ" (Vaal Dal) മഹാരാഷ്ട്രയിലെ അനുയോജ്യമായ കാലാവസ്ഥ ആയിരിക്കണം ഇതിനു കാരണം. മറ്റേതു പയറുവർഗ്ഗ സസ്യങ്ങളെയും പോലെ "വാൽ" എന്ന ഈ പയറും മറ്റുള്ള മരങ്ങളിൽ പടർന്നാണ് വളരുന്നത്.
"സുർതി വാൽ" എന്നുകൂടി അറിയപെടുന്ന ഈ പയർ ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്. "വാൽ" അല്ലെങ്കിൽ "സുർതി പാപ്ടി" എന്ന ലേബലിൽ പാക്കറ്റുകളിൽ ഇതിൻറെ ഉണക്ക പയറും ലഭ്യമാണ്. ഈ പയർ പച്ച നിറത്തിലുള്ളപ്പോഴോ ഉണങ്ങിയ ശേഷം മഞ്ഞ നിറമായശേഷമോ കറികൾ ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ കുതിർത്തി മുളപ്പിച്ച വാൽ പയർ അത്യധികം പോഷകാംശം അടങ്ങിയതാണ്. ഈ പയറിനു നേരിയ കയ്പുള്ളത് ഇതിന്റെ ഒരു പ്രതേകതയാണ്.
ഇനി വാൽ പയറിൽ അടങ്ങിയിരിക്കുന്ന പോഷകാംശത്തെ കുറിച്ച് നോക്കാം. "വാൽ" ഊർജത്തിന്റെ ഉറവിടമാണെന്നു തന്നെ പറയാം. പ്രോട്ടീൻ, ഫൈബർ, എന്നിവ ധാരാളം അടങ്ങിയ വാൽ പയറിൽ Vitamin A Vitamin B Complex, Vitamin C, Vitamin E, Copper, Manganese, എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ, പലതരം minerals ഉം enzymes ഉം ഉൾക്കൊണ്ടിരിക്കുന്നു.
പോഷകാംശങ്ങളുടെ കലവറ തന്നെയായ വാൽ പയർ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുകയാണെങ്കിൽ, ഒരുപാട് പ്രോട്ടീനും ഫൈബറും അടങ്ങിയ വാൽ, ദഹനത്തിനെ വളരെയധികം സഹായിക്കുന്നത് കൊണ്ട് വാൽ കഴിക്കുന്നത് പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, എന്നിവയെ തടയാൻ സഹായിക്കുന്നു. ആഴ്ചയിൽ നാല് പ്രാവശ്യം വാൽ ഭക്ഷിക്കുന്ന ഒരാൾക്ക് 22 ശതമാനം ഹൃദയപരമായ അപകട സാധ്യത, വാൽ കഴിക്കാത്ത ആളെക്കാളും കുറവാണെന്ന് ഗവേഷകർ പറയുന്നു. കൂടാതെ ഈ പയർ, രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും നന്നല്ലാത്ത കൊളെസ്റ്ററോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്നും ഗവേഷകർ തെളിയിച്ചിരിക്കുന്നു.
വാൽ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കുകയാണെങ്കിൽ, വിഭവങ്ങളുടെ ഒരു പട്ടിക തന്നെ നമുക്ക് തയ്യാറാക്കാം. വാൽ കറി, ഉസ്സൽ, വാൽ കിച്ചടി റൈസ്, വാൽ രസ്സ ബാജി, മധുര കിഴങ്ങും വാൽ പയറും കൊണ്ടുള്ള കറി, എന്നിവ അവയിൽ ചുരുക്കം ചിലതു മാത്രമാണ്.
മഹാരാഷ്ട്രക്കാരുടെ അഥവാ മറാഠികളുടെ ഇഷ്ട വിഭവമായ വാലാച്ചി രസ്സ ബാജി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
1 1/2 കപ്പ് വാൽ മുളപ്പിച്ചത് ; 1 ഉരുളക്കിഴങ് ; 1 സവാള, ചെറുതായി അരിഞ്ഞത്;
1/2 തക്കാളി ചെറുതായി അരിഞ്ഞത്; 1/2 ടീസ്പൂൺ മഞ്ഞപ്പൊടി;
1/2 ടീസ്പൂൺ മുളകുപൊടി; 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി
1 ടീസ്പൂൺ ഗരം മസാല
വറുകേണ്ട സാധനങ്ങൾ
2 ടീസ്പൂൺ സൺഫ്ലവർ എണ്ണ; 1/2 സവാള , ചെറുതായി അരിഞ്ഞത്;
3/4 കപ്പ് തേങ്ങാ ചിരവിയത്; 2 ഇല്ലി വെളുത്തുള്ളി; 1/4 ഇഞ്ച് ഇഞ്ചി
1/2 ടീസ്പൂൺ കടുക് ; 1/4 ടീസ്പൂൺ അസഫോറ്റിടാ (ഹിങ്)
വാലാച്ചി ബാജി ഉണ്ടാകുന്നതിനു നാല് ദിവസത്തെ തയ്യാറെടുപ്പ് ആവശ്യമാണ് ആദ്യദിവസം ഉണങ്ങിയ വാൽ പയർ വെള്ളത്തിൽ കുതിർത്തിവെക്കുക. രണ്ടാം ദിവസം കഴുകി ഉണക്കിയ ശേഷം ഒരു പാത്രത്തിൽ അടച്ചുവെക്കുകയോ, വൃത്തിയുള്ള തുണികൊണ്ടു കെട്ടിവെക്കുകയോ ചെയ്യുക. ഇത് ഇളം ചൂടുള്ള സ്ഥലത്തു വെച്ചാൽ എളുപ്പത്തിൽ മുളക്കുന്നതാണ്. മൂന്നാം ദിവസം മുളച്ച വാൽ പയറിനെ വീണ്ടും വെള്ളത്തിൽ കുതിർത്തി വെക്കുക. ഇത് തൊണ്ടു എളുപ്പത്തിൽ മാറ്റാൻ സഹായകമാകും.
നാലാം ദിവസം വാൽ രസ്സ കറി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യം, വാൽ തൊണ്ടു കളഞ്ഞുവെക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം സവാള അരിഞ്ഞത് ചുവന്ന നിറം വരുന്ന വരെ വറക്കുക. തേങ്ങ ചേർത്ത ശേഷം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്ത് 2 -3 നിമിഷം റോസ്സ്ട് ചെയ്യുക. ഈ മിശ്രിതം ചൂടാറിയശേഷം വെണ്ണപോലെ നന്നായി അരച്ചെടുക്കുക.
വീണ്ടും പാനിൽ എണ്ണ ചൂടാക്കിയ ശേഷം കടുക് വറക്കുക. കടുക് പൊട്ടിയ ഉടനെ അസഫോറ്റിടയും കരിവേപ്പിലയും ചേർക്കണം. അതിനുശേഷം ചെറുതായി നുറുക്കിവെച്ച സവാള, തക്കാളി, എന്നിവയിട്ട് മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി റോസ്സ്ട് ചെയ്ത ശേഷം ഒരു മിനിറ്റ് വേവിക്കുക. പിന്നീട് ക്യൂബ് രൂപത്തിൽ അരിഞ്ഞ ഉരുളക്കിഴങ് ചേർക്കുക. ആവശ്യത്തിനുള്ള വെള്ളം ചേർത്ത് 5 -7 മിനിറ്റ് വേവിക്കുക. അതിനു ശേഷം തൊണ്ടു കളഞ്ഞ മുളപ്പിച്ച വാൽ പയർ ചേർത്ത് വീണ്ടും ആവശ്യത്തിനുള്ള വെള്ളം ചേർത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം
വാൽ, ഉരുളക്കിഴങ്, എന്നിവ വെന്തതിനു ശേഷം ഗരം മസാല, അരച്ചുവെച്ച മിശ്രിതം, പാകത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കുറച്ചു കൂടി സമയം ചൂടാക്കാവുന്നതാണ്. പക്ഷെ ശ്രദ്ധ വെക്കേണ്ടത് വാൽ പയർ വേവാതിരിക്കുകയോ, കൂടുതൽ വേവുകയോ ചെയ്യരുത്.
വാൽ രസ്സ ബാജി ചൂടു ചോറിന്റെ കൂടെയോ, ചപ്പാത്തി, ബാക്രി, എന്നിവയുടെ കൂടെയോ കഴിക്കാവുന്നതാണ്.
കൂടുതൽ പാചകക്കുറിപ്പുകൾ വായിക്കുക: നറു നീണ്ടി സിറപ്പ് തയ്യാറാക്കാം
Share your comments