മലയാളികളുടെ സദ്യയിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് പപ്പടം. പപ്പടം ഇല്ലാത്ത സദ്യയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ചോറും നെയ്യും പരിപ്പും കൂട്ടി കുഴക്കുമ്പോൾ പൊടിച്ച് അൽപം അകത്താക്കാൻ പപ്പടത്തിന്റെ മേമ്പൊടി ഇല്ലാതെ വയ്യ. തൂശനിലയിൽ ചൂട് ചോറ് വിളമ്പുമ്പോൾ ഒരു വശത്ത് പപ്പടം കാണം. പപ്പടം രുചിയേറിയതാകണമെങ്കില്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടാകുമ്പോള്‍ പപ്പടം ഇട്ട് പൊള്ളിച്ചെടുക്കുക. പപ്പടം കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലുത്, ചെറുത്, ഇടത്തരം എന്നിങ്ങനെ പല വലുപ്പത്തിൽ പപ്പടങ്ങൾ വിപണിയിലുണ്ട്. പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടമാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാല്‍ അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.
വേണ്ട ചേരുവകൾ
ഉഴുന്ന് പരിപ്പ് - 1 കപ്പ്
ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മെെദ - ആവശ്യത്തിന്
നല്ലെണ്ണ - 1 സ്പൂൺ
ഉണ്ടാക്കുന്ന രീതി
ആദ്യം ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക. ശേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി എടുക്കുക. അൽപം മെെദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക. ഇനി ഇത് വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ചൂട് എണ്ണയിൽ പപ്പടം കാച്ചി എടുക്കുക. സ്വാദിഷ്ഠമായ പപ്പടം തയാർ.
Share your comments