വാഴയ്ക്കാത്തൊലി അവിയലിൽ ചേർക്കാനായി ഉപയോഗിക്കാറുണ്ട് നമ്മുടെ അമ്മമാർ. എന്നാൽ അച്ചാറും പൊടിച്ച് പൗഡർ ആക്കി കുഞ്ഞുങ്ങൾക്കും മറ്റും കഴിക്കാനും കൊടുക്കാം.വാഴക്കയുടെ തൊലി വിറ്റാമിൻ B6, B12, മഗ്നീഷ്യം, പൊട്ടാസ്യം, ഭക്ഷ്യനാര്, ഉറക്കക്കുറവ് ഇല്ലാതാക്കുകയും ടെൻഷൻ കുറയ്ക്കുകയും ചെയ്യുന്ന ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്ന ഘടകമായ ട്രിപ്പ്ടോഫാൻ എന്നിവയാൽ സമ്പുഷ്ടമാണ്. നേന്ത്രൻ ,മൊന്തൻ തുടങ്ങിയ കറിവാഴകളുടെ തൊലി പാഴാക്കാതെ അച്ചാറിട്ടാൽ ഈ ഗുണങ്ങളെ ഉപയോഗപ്പെടുത്താമെന്ന് ട്രിച്ചിയിലുള്ള നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന ചൂണ്ടിക്കാട്ടുന്നു. സാധാരണ അച്ചാറുണ്ടാക്കുന്നതു പോലെ വാഴക്കായുടെ തൊലി ഉപയോഗിച്ച് അച്ചാറുണ്ടാക്കാം. സുഗന്ധ വ്യഞ്ജനങ്ങളും പ്രിസർവേറ്റീവുകളും ചേർത്തുണ്ടാക്കുന്ന ഈ ഉത്പന്നം ഒരു വർഷം വരെ സൂക്ഷിച്ചു വെക്കാനാകും.
വാഴക്കാതൊലിയുടെ പൊടിയാണ് പ്രിയമേറി വരുന്ന മറ്റൊരു ഉത്പന്നം. വാഴക്കാത്തൊലി ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന ഇത് കിലോഗ്രാമിന് അൻപതിലേറെ രൂപയ്ക്കാണ് ഓൺലൈനായി വിൽക്കപ്പെടുന്നത്.ആയുർവേദ ഔഷധങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ജൈവവളം, പെറ്റ്ഫുഡ്, ത്വക് ലേപനം തുടങ്ങിയവയുടെ നിർമാണത്തിന് വാഴക്കാത്തൊലിയുടെ പൗഡർ ഉപയോഗിക്കപ്പെടുന്നുണ്ട്. കോൺക്രീറ്റിന്റെ നിർമാണവേളയിൽ വാഴക്കാത്തൊലി പൗഡർ ചേർക്കുന്നത് അമിതമായി കെട്ടിടങ്ങൾ ചൂട് പിടിക്കുന്നത് തടയുമെന്ന് ബംഗളൂരുവിലെ ജയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.
നാഷനൽ റിസർച്ച് സെന്റർ ഫോർ ബനാന - 0431- 2618125
Share your comments