കയ്യിൽ കരുതിയില്ലെങ്കിലും ഒരു അത്യാവശ്യം വരുമ്പോൾ പണമെടുക്കാനുള്ള അത്യാധുനിക വിദ്യയാണ് എടിഎം. പുറത്തേക്ക് പോകുമ്പോൾ ഭക്ഷണം കരുതാത്തവർക്ക് ഭക്ഷണം എടുക്കാനും ഒരു എടിഎം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടില്ലേ?
എന്നാൽ അതിനുള്ള സംവിധാനമാണ് ഇന്ത്യയുടെ ഹൈടെക് സിറ്റികളിലൊന്നായ ബെംഗളൂരുവിൽ ഒരുക്കിയിട്ടുള്ളത്. വിശപ്പിന് സമയമില്ലെന്നത് പോലെ ഇവിടെ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇഡ്ഡലി കഴിക്കുന്നതിനും ഇനി പരിധിയില്ല. ഏത് സമയവും ആവശ്യം അനുസരിച്ച് ഇഡ്ഡലി കഴിക്കാവുന്നതാണ്.
24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എല്ലാം ഇങ്ങനെ മെഷീനിലൂടെ തയ്യാറാക്കി ചൂടോടെ ഭക്ഷിക്കാം. ക്യുആർ കോഡ് കാണിച്ച് എടിഎം വഴി ഇഡ്ഡലി ഓർഡർ ചെയ്താൽ നിമിഷങ്ങൾക്കകം തന്നെ കണ്ടെയ്‌നറിലാക്കിയ ചൂടേറിയ ഇഡ്ഡലി ലഭിക്കും.
ഫ്രെഷോട്ട് റോബട്ടിക്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഇഡ്ഡലി എടിഎമ്മുകൾ സ്ഥാപിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: ലോക Egg ദിനത്തിൽ അറിഞ്ഞിരിക്കാം ചരിത്രവും ഗുണങ്ങളും
ഇഡ്ഡലി എടിഎമ്മിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് വടയാണോ ഇഡ്ഡലിയാണോ എന്ന് ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാം. ശേഷം പണം ഓൺലൈനായി അടച്ച് ഭക്ഷണത്തിനായി കാത്തിരിക്കാം. ഇഡ്ഡലി അച്ചിൽ മാവ് ഒഴിച്ച് നല്ല ചൂടൻ ഇഡ്ഡലി മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്ത് പാക്കറ്റുകളിൽ ലഭിക്കും.
12 മിനിറ്റിനുള്ളിൽ 72 ഇഡ്ഡലികൾ വരെ വിതരണം ചെയ്യാൻ ഈ മെഷീനുകൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്.
ഇഡ്ഡലി എടിഎമ്മിന് പിന്നിലെ കഥ
ഹിരേമത്ത് എന്ന കമ്പ്യൂട്ടർ എഞ്ചിനീയറാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീൻ ആശയത്തിന് പിന്നിൽ. 2016ൽ തന്റെ മകൾക്ക് സുഖമില്ലാതെ ആയപ്പോൾ രാത്രിയിൽ അവൾക്ക് ചൂടൻ ഇഡ്ഡലി കഴിക്കണമെന്ന് തോന്നി. എന്നാൽ രാത്രിയിൽ നല്ല ചൂടൻ ഇഡ്ഡലി നഗരമധ്യത്തിൽ കിട്ടുക എന്നത് അപ്രാപ്യമായിരുന്നു. അപ്പോഴാണ് എപ്പോഴും പണം ലഭ്യമാകുന്ന എടിഎം മേഷീൻ പോലെ ഒരു ഓട്ടോമേറ്റഡ് ഇഡ്ഡലി മെഷീനും കൊണ്ടുവരാനുള്ള പദ്ധതി ആലോചിച്ചത്.
പൊതുഇടങ്ങളിലും അതുപോലെ ഹോട്ടൽ സൗകര്യങ്ങൾ കുറവുള്ള പ്രദേശങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നു. എന്നാൽ, ഇഡ്ഡലിയുടെ ഗുണമേന്മയെ കുറിച്ചും അതിന്റെ രുചിയെ കുറിച്ചുമാണ് ചിലർ ആശങ്കപ്പെട്ടത്. എപ്പോഴും വീട്ടിൽ തയ്യാറാക്കുന്ന ഇഡ്ഡലിയാണ് ആരോഗ്യത്തിലും സ്വാദിലും ഗുണകരമാകുന്നതെന്നും ഇഡ്ഡലി എടിഎം ഒരു ക്ലിനിക് അനുഭവമാണ് നൽകുന്നതെന്നും കുറച്ചാളുകൾ അഭിപ്രായപ്പെട്ടു.
രുചിയും പാചകവും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Food Receipes'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments