കോവിഡൊക്കെ കഴിഞ്ഞ് എല്ലാവരും ട്രിപ്പിങിംന്റെ മൂഡില്‍ അല്ലെ? എന്നാല്‍ പൈതല്‍ മല നോക്കിയാലോ?
കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൈതല്‍ മല, വൈതല്‍ മല എന്നും വിളിപ്പേരുണ്ട്. പച്ചപ്പും പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്. കണ്ണൂരിന്റെ മൂന്നാര്‍ എന്നാണ് വിളിക്കുന്നത്. കാട് കാണാനും തണുത്ത കാറ്റ് ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും മടിക്കാതെ തന്നെ പൈതല്‍ മലയിലേക്ക് പോകാം. പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പൈതല്‍ മല കടല്‍നിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പൈതല്‍ മല സ്ഥിതി ചെയ്യുന്നത്. പൈതല്‍ മലയുടെ രണ്ട് കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍ സ്ഥിത് ചെയ്യുന്നത്.
നീണ്ടു നിവര്‍ന്നു കിടക്കുന്ന പുല്‍മേടുകളും, ചോലവനങ്ങളും മുകളിലുള്ള വാച്ച് ടവറില്‍ നിന്നുള്ള കാഴ്ചകളും, ഏതൊരു സഞ്ചാരികളുടേയും മനസ്സ് കീഴടക്കും. പൈതല്‍ മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ട് മറ്റൊരു ആകര്‍ഷണകേന്ദ്രമാണ്. ഇവിടെ നിന്നുള്ള കാഴ്ചകളും, മൂടല്‍മഞ്ഞും ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. വാഹനങ്ങള്‍ എത്തിച്ചേരുന്നതിനാൽ തന്നെ ഇവിടം സഞ്ചാരികളെ കൂടുതൽ ആകര്‍ഷിക്കുന്നു. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം പാലക്കയം തട്ട്. ട്രക്കിന്‍ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധമാണിവിടം. അപൂര്‍വമായ ധാരാളം പച്ചമരുന്നുകള്‍ ഇവിടെ കാണപ്പെടുന്നുണ്ട്. വൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഔഷധച്ചെടി ആയ "അങ്കര" ഇവിടെ ധാരാളമായുണ്ട്. തൊട്ടു കഴിഞ്ഞാല്‍ ചൊറിച്ചില്‍ ശരീരവേദന കടുത്തപനി ഉണ്ടായേക്കാവുന്ന ഈ ചെടിയുടെ സമ്പര്‍ക്കം ആനകള്‍ പോലും ഒഴിവാക്കും എന്നാണ് പറയുന്നത്. ഇവയ്ക്കു പുറമെ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പാത്തന്‍പാറ വഴി പോകാം, മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ദുഷ്‌കരമാണ്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ മല. പൊട്ടന്‍പ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നാല്‍ പൈതല്‍ മല എത്താം. ആലക്കോട്, കാപ്പിമല, മഞ്ഞപ്പുല്ല് വഴിയും പാത്തന്‍പാറ, കുടിയാന്മല വഴിയും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചേരാം. കാടിന്റെ മനോഹാരിത ആസ്വദിക്കേണ്ടവര്‍ക്ക് മഞ്ഞപ്പുല്ല് വഴിയുള്ള യാത്രയാണ് അഭികാമ്യം.
Share your comments