2016 ഏപ്രില്‍ 16
തിരുവനന്തപുരത്തുനിന്ന് രാവിലെ തിരിച്ച ജനശതാബ്ദിയില്‍ മലപ്പുറം തിരൂരിലേക്ക്. ഉച്ചയ്ക്ക് 12.30 ന് ട്രയിന്‍ തിരൂരിലെത്തി. പതിവു യാത്രയുടെ ആലസ്യം വിട്ട് സ്റ്റേഷനിലേക്കിറങ്ങുമ്പോള്‍ അവിശ്വസനീയമായ നിശബ്ദത. ഒരു റെയില്‍വേ സ്റ്റേഷന്റെ പതിവു തിരക്കോ ഒച്ചപ്പാടുകളോ ഒന്നുമില്ല. അപ്പോഴാണ് ഞാനുള്‍പ്പെടെ അവിടെയെത്തിയ ബഹുപൂരിപക്ഷം യാത്രക്കാരും അനാഥമായ 'വാട്ട്‌സാപ്പ് ഹര്‍ത്താല്‍' എന്ന വര്‍ത്തമാനകാല ദുരന്തത്തിന്റെ ദൈന്യത തിരിച്ചറിയുന്നത്. നേരത്തെ തന്നെ പല ദിക്കുകളിലേക്ക് പോകാന്‍ എത്തിയവരും യാദൃശ്ചികമായി വന്നു ചേര്‍ന്നവരുമൊക്കെ നോക്കുകുത്തികളെപ്പോലെ സ്റ്റേഷനില്‍ അങ്ങിങ്ങ് സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാവരുടെയും മുഖത്ത് ഏതോ വലിയ ആപത്തില്‍ പെട്ട ഭാവം. ഒരു വലിയ ജനസഞ്ചയം തന്നെ അക്ഷരാര്‍ത്ഥത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അവിടെ കുടുങ്ങി നിശ്ചേതനമായിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സു തണുപ്പിക്കുന്ന ഒരു സന്ദേശം എന്റെ ഫോണിലേക്കെത്തി. ഞാന്‍ ഏറെ പ്രതീക്ഷയോടെ കാണാന്‍ ചെല്ലുന്ന കര്‍ഷകശ്രീ വെട്ടം മുഹമ്മദിന്റെ സന്ദേശം.... ഹര്‍ത്താല്‍ ദിനങ്ങളില്‍ പ്രതികരണശേഷിയില്ലാതെ പോകുന്ന പൊതുജനത്തിന് ആശ്വാസമാകുന്ന ആംബുലന്‍സ് അങ്ങനെ എനിക്കും പ്രതീക്ഷയായി. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും ഊടുവഴികളിലൂടെ ആംബുലന്‍സില്‍ ചുണ്ടന്‍ വീട്ടിലേക്ക്. കര്‍ഷകപ്രതിഭയായ മുഹമ്മദും ഭാര്യ ഷക്കീലയും സ്വീകരിക്കാന്‍ വീട്ടുവാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ഏറെനാള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നേരത്തെ പരസ്പരം കാണാന്‍ കഴിഞ്ഞില്ല. ആദ്യം കാണാന്‍ എത്തിയതാകട്ടെ ആംബുലന്‍സിലും- അപ്രഖ്യാപിത ഹര്‍ത്താല്‍ വരുത്തിയ വിന സരസമായി പങ്കുവച്ചുകൊണ്ട് ഞങ്ങള്‍ വീട്ടിലേക്ക് കയറി.
നിറവിന്റെയും സമൃദ്ധിയുടെയും പര്യായമാണ് കര്‍ഷകശ്രീവെട്ടം മുഹമ്മദിന്റെ മലപ്പുറത്തെ ഏദന്‍തോട്ടം. ബഹുവിളകളുടെ കേദാരമായ ഈ തോട്ടത്തില്‍ തെങ്ങിനെ നായകവിളയാക്കിയുളള നിരവധി കൃഷിയിട പരീക്ഷണങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുഹമ്മദ് നടത്തിവരുന്നത്. പത്തേക്കറോളം വിസ്തൃതിയില്‍ ബഹുതലവിളകളും ഓമനപ്പക്ഷികളും വളര്‍ത്തുപക്ഷികളുമൊക്കെയായി ഓരോ ദിവസം പുലരുന്നത് തിരൂര്‍ ചുണ്ടന്‍ വീട്ടില്‍ തികച്ചും പുതുമയുളള പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായാണ്. മുഹമ്മദും ഭാര്യ ഷക്കീലയും പൈതൃകമായി ലഭിച്ച പത്തേക്കര്‍ തെങ്ങിന്‍ പുരയിടമാണ് ഇന്ന് ഏദന്‍ തോട്ടമാക്കി മാറ്റിയിരിക്കുന്നത്.
കാര്‍ഷികവൃത്തി ഒരുപജീവനമാര്‍ഗം എന്നത് വാസ്തവം. എങ്കിലും അതിനെ കുറച്ചു കൂടെ യുക്തിസഹമായി സമീപിച്ചാല്‍ മാത്രമെ വിജയിക്കാന്‍ കഴിയൂ എന്നും അത് സുസ്ഥിരവിജയമാക്കാനും കഴിയൂ എന്നതാണ് മുഹമ്മദിന്റെ പക്ഷം. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, വിപണി ഉറപ്പാക്കുക, കൃഷിപ്പണിയ്ക്ക് ആളെ കിട്ടാത്തതിന്റെ വൈഷമ്യം ഒഴിവാക്കുക- ഈ മൂന്നു പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതാണ് മുഹമ്മദിന്റെ കൃഷിയിടം.
തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കാസര്‍ഗോഡു വരെ സുഗമമായി ജലയാത്ര നടത്താന്‍ ബ്രിട്ടീഷുകാര്‍ ചാലുകീറി വെട്ടിയുണ്ടാക്കിയ കനോലി കനാലിന്റെയും തിരൂര്‍ പൊന്നാനിപ്പുഴയുടെയും ഇടയിലാണ് ഫലഭൂയിഷ്ടമായ ഈ കൃഷിയിടം. 600 തെങ്ങ്, 200 അടയ്ക്ക, 150 ജാതി, 4000 വാഴ, കൂടാതെ വിവിധതരം പച്ചക്കറികള്‍, കിഴങ്ങുവിളകള്‍ എന്നിവ വേറെ. ഇതിനു പുറമെ 25 ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ പശുക്കളടങ്ങുന്ന ഒരു ഡയറി യൂണിറ്റ്, രണ്ടായിരത്തിലേറെ കോഴികളുള്‍ക്കൊളളുന്ന പൗള്‍ട്രി യൂണിറ്റ്, 200 താറാവ്, 25 ടര്‍ക്കി, കുറച്ച് എമു എന്നിങ്ങനെ വേറെയും. കൃത്യമായ പരിചരണത്തിലൂടെ പ്രതിവര്‍ഷം ഒരു തെങ്ങില്‍ നിന്ന് ശരാശരി 150 തേങ്ങ കിട്ടുന്നു. കരിക്കും ധാരാളം ഇവിടെനിന്ന് വിപണിയിലേക്ക് പോകുന്നുണ്ട്. ''800 മുതല്‍ 1000 ഇളനീര് വരെ ഇവിടെനിന്ന് പോകുന്നുണ്ട്. ഓരോ തവണയും ഒരെണ്ണത്തിന് 14 രൂപ വിലയ്ക്ക്.....''മുഹമ്മദ് പറയുന്നു.
ഒരു തേങ്ങ പോലും മുഹമ്മദ് അതേപടി വില്‍ക്കുന്നില്ല. വെളിച്ചെണ്ണയോ വെന്ത വെളിച്ചെണ്ണയോ ആക്കി കൃഷിയിലും പൗച്ചിലും നിറച്ച് 'ജൈവശ്രീ' എന്ന ബ്രാന്‍ഡില്‍ വില്‍പന നടത്തുന്നുകയാണ് പതിവ്. നാളികേര വികസന ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതി പ്രകാരം 8 ലക്ഷം രൂപ സഹായം ഈ യൂണിറ്റിനു ലഭിച്ചിരിക്കുന്നു. 30 ടണ്‍ വെളിച്ചെണ്ണ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. 100 തേങ്ങയില്‍ നിന്ന് നാലര കിലോ വെന്ത വെളിച്ചെണ്ണയുടെ അവശിഷ്ടമായ തേങ്ങാപ്പീര ഉപയോഗപ്പെടുത്തി അവലോസുണ്ട പോലുളള മധുരപലഹാരങ്ങളും ചമ്മന്തിപ്പൊടിയുമുണ്ടാക്കുന്നു. ആയിരം തേങ്ങയ്ക്ക് 100 കിലോ വെളിച്ചെണ്ണ കിട്ടും. പിണ്ണാക്ക് സ്വന്തമാവശ്യത്തിനെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വെളിച്ചെണ്ണയായും വെന്ത വെളിച്ചെണ്ണയായും മധുരപലഹാരമായും ചമ്മന്തിപ്പൊടിയായും പിണ്ണാക്കായും ഒക്കെ രൂപാന്തരപ്പെടുമ്പോള്‍ തേങ്ങയുടെ വിപണിമൂല്യം ആനുപാതികമായി വളരെ ഉയരവുമെന്ന് മുഹമ്മദ് പറയുന്നു. തെങ്ങില്‍ നിന്ന് പ്രതിവര്‍ഷം 3.5 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നു.
തെങ്ങ് മാത്രമുണ്ടായിരുന്ന കൃഷിയിടം ഇന്ന് വൈവിദ്ധ്യമാര്‍ന്ന വിവിധ വിളകളുടെ വിളനിലമാണ്. കമുക്, ജാതി, കൊക്കോ, കുരുമുളക്, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, സപ്പോട്ട, പ്ലാവ്, ശീമപ്ലാവ്, കശുമാവ്, മാങ്കോസ്റ്റിന്‍, പപ്പായ, ചാമ്പ തുടങ്ങി നിരവധി വിളകള്‍.
ഹൈടെക് രീതിയിലാണ് വളപ്രയോഗവും ജലസേചനവുമെല്ലാം. എല്ലാം തന്നെ സ്വന്തമായി രൂപകല്‍പന ചെയ്തത്. 15 സെന്റില്‍ നിര്‍മ്മിച്ച കുളത്തില്‍ നിന്ന് 5 കുതിരശക്തിയുളള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കൃഷിയിടമാകെ 12 ബ്ലോക്കുകളായി തിരിച്ച് റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ച് നനയ്ക്കാവുന്ന വിധമാണ് ജലസേചന സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എവിടെയിരുന്നും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്ന അധികമേന്മയുമുണ്ട്.
''ഈ കുളത്തില്‍ തന്നെ ഗിഫ്റ്റ് തിലാപ്പിയ സമൃദ്ധമായി വളര്‍ത്തുന്നു. മൂന്നു മാസത്തെ വളര്‍ച്ച മതി തിലാപ്പിയ 400 ഗ്രാം ആകാന്‍. ''ഇപ്പോള്‍ 7000 എണ്ണം വളരുന്നു.... കിലോയ്ക്ക് 150 രൂപ വച്ച് കിട്ടും....'' മീന്‍ തീറ്റ കുളത്തില്‍ വിതറുന്നതിനിടയില്‍ മുഹമ്മദ് പറഞ്ഞു.
ജൈവകൃഷിയോട് എന്നും പ്രതിപത്തി
ജൈവകൃഷിയെ നെഞ്ചോടു ചേര്‍ത്ത് സ്‌നേഹിക്കുന്ന കര്‍ഷകപ്രമുഖനാണ് മുഹമ്മദ്. തമിഴ്‌നാട്ടില്‍ ജൈവകൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ സത്യമംഗലത്തെ സുന്ദരരാമയ്യരാണ് ഇക്കാര്യത്തില്‍ മുഹമ്മദിന്റെ ഗുരു. പത്തു വര്‍ഷത്തിലേറെയായി മുഹമ്മദ് ജൈവ കൃഷിയുടെ വക്താവും പ്രചാരകനുമായിട്ട്. ഇ.എം.2 ജൈവവള ലായനി ഇവിടെ ധാരാളമായി ഉപയോഗിക്കുന്നു.
ചെടികളിലെ കുമിള്‍ബാധയ്‌ക്കെതിരെ ഇ.എം-5 ലായനിയാണ് ഉപയോഗിക്കുന്നത്. ജൈവവിനാഗിരി 100 മില്ലി, 100 ഗ്രാം ശര്‍ക്കര, 100 മില്ലി വൈറ്റ് റം, 600 മില്ലി വെളളം എന്നിവ ഉപയോഗിച്ചാണ് ഇ.എം-5 ലായനി ഉണ്ടാക്കുന്നത്. കൂടാതെ മുട്ട സത്ത് ടോണിക്ക് ആയി ചെടിയുടെ ഇലകളില്‍ തളിക്കുന്നു. ഫിഷ് എക്‌സ്ട്രാക്റ്റ് അഥവാ മീന്‍ സത്ത് തയാറാക്കാന്‍ ഒരു ടണ്‍ മീന്‍ അവശിഷ്ടമാണ് ഒരു വര്‍ഷത്തേക്ക് ടാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് മികച്ച ജൈവകീടനാശിനിയാണ്.
3 ദിവസത്തിലൊരിക്കല്‍ 2 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ ളളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കും. ചെടി കരുത്തോടെ വളരാന്‍ ഇത് സഹായകമാണ്. കൂടാതെ പഞ്ചഗവ്യം, മണ്ണിരക്കമ്പോസ്റ്റ്, ആര്‍.കെ ബാക്ടീരിയല്‍ ലായനി, ഫ്‌ളവര്‍ എക്‌സ്ട്രാക്റ്റ്, മോര് ലായനി, അമൂത ലായനി, ലീഫ് എക്‌സ്ട്രാക്റ്റ്, ശാക്തീകരിച്ച ഗോമൂത്രം തുടങ്ങി വിവിധതരം ജൈവവളങ്ങള്‍ കുപ്പികളില്‍ കാറ്റു കടക്കാതെ ഇവിടെ അടച്ചു സൂക്ഷിച്ചിട്ടുമുണ്ട്. ഫാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാണാനും പഠിക്കാനും വേണ്ടിയാണ്. വിവിധ ചാര്‍ട്ടുകളില്‍ ഇവ തയ്യാറാക്കുന്ന രീതിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളാണ് ഇവിടുത്തെ ക്ഷീരധാരകള്‍. ഒരു പശുവില്‍ നിന്ന് 20 ലിറ്റര്‍ പാല്‍ ലഭിക്കും. ദിവസവും 400 ലിറ്റര്‍ പാല്‍ വില്‍ക്കും. പാലു കൂടാതെ തൈര്, വെണ്ണ എന്നിവയും പാക്കറ്റിലാക്കി വില്‍ക്കുന്നു. ഡയറീഫാമിലെ ചാണകവും തൊഴുത്തു കഴുകുന്ന വെളളവും മറ്റു മാലിന്യങ്ങളും അടുക്കളയില്‍ നിന്നുളള പാഴ്‌വസ്തുക്കളും ജലവും മറ്റു മാലിന്യങ്ങളും യഥാസമയം കമ്പോസ്റ്റ് ടാങ്കിലേക്ക് മാറ്റി സംസ്‌കരിച്ച് ചാണക-കമ്പോസ്റ്റ് ലായനി പൈപ്പ് വഴി വിളകളുടെ ചുവട്ടില്‍ എത്തിക്കാനും മികച്ച സംവിധാനമുണ്ടിവിടെ. തൊഴുത്തില്‍ തണുപ്പ് ക്രമീകരിക്കാന്‍ ഫാനുകള്‍ ഉണ്ട്. യന്ത്രക്കറവയാണ് സാധാരണ. ആവശ്യത്തിന് തീറ്റപ്പുല്ല് കൃഷിയിടത്തില്‍ തന്നെ വളര്‍ത്തുന്നു. പുല്ലരിയല്‍ യന്ത്രമുപയോഗിച്ചരിഞ്ഞ് ഇത് തീറ്റയായി നല്‍കുന്നു. ഡയറിഫാമിന് സബ്‌സിഡി നബാര്‍ഡില്‍ നിന്നാണ് ലഭിച്ചത്.
താമസസ്ഥലത്തുനിന്ന് ഒരു കിലോ മീറ്റര്‍ മാറി ഒരേക്കര്‍ തോട്ടത്തില്‍ ഈയടുത്തിടെ മുഹമ്മദ് കൃത്യതാകൃഷിക്കും പോളിഹൗസ് കൃഷിയ്ക്കും തുടക്കം കുറിച്ചു. 12 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മിച്ച പോളിഹൗസില്‍ വെളളരിയാണ് പ്രധാനകൃഷി. പോളിഹൗസ് കൃഷിയ്ക്ക് സീസണ്‍ ബാധകമല്ലാത്തതിനാല്‍ ഇരുപതിരട്ടി വരെ അധികവിളവ് സാധാരണ കൃഷിയേക്കാള്‍ കിട്ടുന്നുണ്ട് എന്ന് മുഹമ്മദ് പറയുന്നു.
യന്ത്രങ്ങളുടെ ചങ്ങാതി
''കൃഷിപ്പണി എളുപ്പമാക്കാനും ചെലവ് ചുരുക്കാനും യന്ത്രസഹായം കൂടിയേ തീരൂ.... മറ്റെല്ലാ മേഖലകളും പുരോഗമിച്ചു കഴിഞ്ഞ ഇക്കാലത്ത് കാര്‍ഷിക മേഖല മാത്രം പ്രാകൃതമായ കൃഷിരീതികളില്‍ തുടരണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് ബുദ്ധി ശൂന്യതയാണ്. യുവാക്കളെയും പുതു തലമുറയെയും ആകര്‍ഷിക്കാന്‍ യന്ത്രസാന്നിദ്ധ്യം കൂടിയേ തീരൂ. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും എന്തിനേറെ മാനസ്സിക ക്ലേശങ്ങള്‍ ഒഴിവാക്കാനും വരെ കൃഷിയിലെ യന്ത്രവല്‍ക്കരണം സഹായകമാകും എന്നാണ് എന്റെ അനുഭവം....''
അനുഭവത്തിന്റെ കരുത്തില്‍ ഈ കര്‍ഷകപ്രതിഭ സാക്ഷ്യപ്പെടുത്തുന്നു. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുളള ചാണകക്കുഴമ്പ് കലക്കിയെടുക്കാനുളള സ്ലറി മിക്‌സിങ് യൂണിറ്റ്, ചാണകക്കുഴമ്പ് കൃഷിയിടത്തിലേക്ക് പമ്പ് ചെയ്യാനുളള സ്ലറി പമ്പിങ് സിസ്റ്റം, തീറ്റപ്പുല്ല് ചെറുകഷ്ണങ്ങളാക്കുന്ന ചാഫ് കട്ടര്‍, കൊപ്ര ഡ്രയര്‍, വെളിച്ചെണ്ണ ഫില്‍റ്റര്‍, മുട്ട വിരിക്കാനുളള മിനി ഇങ്കുബേറ്റര്‍, കാവയന്ത്രം, വവെളിച്ചെണ്ണ-പാല്‍ പാക്കിങ് യന്ത്രം, തുളളിനനയ്ക്കുളള വാട്ടര്‍ ഫില്‍റ്റര്‍, മണ്ണിര കമ്പോസ്റ്റ്, അരിപ്പ്, സ്റ്റമ്പ് കട്ടര്‍, മരങ്ങളുടെ കൊമ്പു കോതാനുളള ടീ പ്രൂണര്‍ തുടങ്ങി മുഹമ്മദിന്റെ കൃഷിയിടത്തിലില്ലാത്ത യന്ത്രങ്ങള്‍ അപൂര്‍വ്വം എന്നു തന്നെ പറയാം.
ജൈവകൃഷി രീതി അവലംബിക്കുന്ന ഈ കൃഷിയിടത്തില്‍ ആവശ്യമുളള വളം, വീട്ടില്‍ പാചകാവശ്യത്തിനുളള ഇന്ധനം എല്ലാം ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു. മണ്ണിര കമ്പോസ്റ്റ് ധാരാളമായുണ്ടാക്കി വില്പന നടത്തുന്നുമുണ്ട്. മുഹമ്മദിന്റെ തോട്ടത്തില്‍ നിന്ന് മണ്ണിരകമ്പോസ്റ്റ് വാങ്ങിപ്പോയി കൃഷിയിടങ്ങള്‍ ജൈവസമൃദ്ധമാക്കിയ അയല്‍പക്ക കര്‍ഷകര്‍ നിരവധി. കുഞ്ഞുമണ്ണിരകളെ പപ്പായ പോലുളള പഴത്തിന്റെ അവശിഷ്ടങ്ങള്‍ നല്‍കിത്തന്നെയാണ് ഇദ്ദേഹം വളര്‍ത്തുക. 'ചെറുപ്പക്കാരനായ മണ്ണിരകളെ' നിരന്തരം വളര്‍ത്തിയെടുക്കാനും അങ്ങനെ കമ്പോസ്റ്റ് നിര്‍മ്മാണം ത്വരിതപ്പെടുത്താനും മുഹമ്മദ് സദാ ജാഗ്രത പുലര്‍ത്തുന്നു. മണ്ണിരകമ്പോസ്റ്റ് വില്പനയും ഒരു മികച്ച വരുമാന മാര്‍ഗവുമാണ്.
അന്‍പത്തിനാലുകാരനായ മുഹമ്മദിന് മക്കള്‍ മൂന്ന്; റിജിത, റിഷാദ്, റമിത. ഷബീര്‍ ജാമാതാവാണ്. അസ്മി പേരക്കുട്ടിയും. 2008 ലെ കര്‍ഷകശ്രീ പുരസ്‌കാരത്തിനു പുറമെ സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കര്‍ഷകര്‍ക്കുളള കര്‍ഷകോത്തമപുരസ്‌കാരം, നാളികേര വികസന ബോര്‍ഡിന്റെ 2012-ലെ ബെസ്റ്റ് കോക്കനട്ട് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങി പ്രമുഖ പുരസ്‌കാരങ്ങള്‍ നിരവധി ലഭിച്ചു കഴിഞ്ഞു.
''എന്തൊക്ക പറഞ്ഞാലും തന്റെ മക്കളെ കര്‍ഷകരായി കാണാന്‍ ആരും ആഗ്രഹിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയല്ല നമ്മുടേത്.... മണ്ണിനെയും ചെടികളെയും സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു തലമുറ എക്കാലവും നമുക്ക് നിലനിര്‍ത്തിയേ തീരൂ... എങ്കിലേ മാനവരാശിയ്ക്ക് സുസ്ഥിരമായി നിലനില്‍ക്കാന്‍ കഴിയൂ... കാര്‍ഷിക മേഖല വേണ്ടവിധം സംരക്ഷിക്കാതെ മറ്റു മേഖലകളിലൊക്കെ പുരോഗതിയുണ്ടായി എന്നു പറയുന്നതില്‍ എന്തര്‍ത്ഥം.. അതും മനുഷ്യരാശിയ്ക്ക് ദോഷമല്ലാത്ത ജൈവകൃഷിയുടെ കാലമാണിനി വരാന്‍ പോകുന്നത്....''
സ്വന്തം ജീവിതം തന്നെ അനുഭവപാഠമാക്കി മാറ്റിയ പ്രതിഭാധനനായ വെട്ടം മുഹമ്മദിന്റെ വാക്കുകള്‍... വെട്ടത്തുനാട്ടില്‍ സസ്യലതാസമൃദ്ധമായ ഒരേക്കര്‍ തോട്ടം തീര്‍ത്ത് അതിനെ കാവല്‍ മാലാഖമാരെ പോലെ പരിപാലിക്കുന്ന മുഹമ്മദിനോടും ഷക്കീലയോടും യാത്രപറഞ്ഞിറങ്ങുമ്പോള്‍ നേരം വൈകാന്‍ തുടങ്ങിയിരുന്നു.
സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷി ജാഗരണ്‍, മലയാളം
Share your comments