പ്രായം കൂടുന്നതിനനുസരിച്ച് മുട്ടിന് വേദനയും തേയ്മാനവും കൂടാനുള്ള സാധ്യത കൂടുന്നു. സന്ധിവാതം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് മുട്ടുവേദനയുടെ പ്രധാന കാരണം. നട്ടെല്ല്, ഇടുപ്പ് എന്നിവിടങ്ങളിൽ തേയ്മാനം സംഭവിക്കുമെങ്കിലും കൂടുതലായും ബാധിക്കുന്നത് കാൽമുട്ടിലാണ്. അസ്ഥികൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗമാണ് സന്ധി. കാൽമുട്ടിൽ ഉണ്ടാകുന്ന പരിക്ക്, അണുബാധ, പാരമ്പര്യം, ശരീരത്തിന്റെ അമിതഭാരം, വ്യായാമക്കുറവ് എന്നിവയും മുട്ട് തേയ്മാനം വരാനുള്ള പ്രധാന കാരണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ വൈദ്യുതി നിരക്കിൽ വർധനവ്; പുതുക്കിയ നിരക്ക് അറിയാം
എന്തൊക്ക ഭക്ഷണം കഴിക്കാം (What to eat)
പോഷകഗുണമുള്ള നിരവധി ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെ മുട്ട് തേയ്മാനം അകറ്റാൻ സാധിക്കും. എന്നാൽ ശരീരഭാരം കൂടാത്ത രീതിയിലുള്ള ഭക്ഷണരീതി ശീലമാക്കാം. ഇലക്കറികൾ (Leafy vegetables), വെണ്ടയ്ക്ക, പാൽ (Milk), പാലുൽപ്പന്നങ്ങൾ (Milk products) എന്നിവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ഗ്രീൻടീ (Green Tea)
ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാർട്ടിലേജിന്റെ നാശം തടയും. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതും മുട്ട് വേദന കുറയ്ക്കും.
മത്സ്യം (Fish)
മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് സന്ധിവേദനയ്ക്കും അസ്ഥിക്ഷയത്തിനും നല്ലതാണ്. മത്സ്യം ഇഷ്ടമല്ലാത്തവർ ഒമേഗ 3 അടങ്ങിയ ഫ്ലാക്സ് സീഡ് ഓയിൽ, വാൾനട്ട്, അവക്കാഡോ, ചിയ സീഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച് ജ്യൂസ് (Orange juice)
സന്ധിവാതം അകറ്റാൻ ഓറഞ്ച് ജ്യൂസിലെ വൈറ്റമിൻ സി ഉത്തമമാണ്. കാർട്ടിലേജിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
ടോഫു (Tofu)
ടോഫുവിൽ അടങ്ങിയിരിക്കുന്ന സോയ പ്രോട്ടീൻ സന്ധികളുടെ വീക്കവും വേദനയും കുറയ്ക്കുന്നു.
വാഴപ്പഴം (Banana)
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും ബോൺ ഡെൻസിറ്റി കൂട്ടുകയും ചെയ്യുന്നു.
ചെമ്മീൻ (Prawn)
ചെമ്മീനിൽ (കൊഞ്ച്) അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ സന്ധിവാതത്തെ തടയാൻ സഹായിക്കുന്നു.
പീനട്ട് ബട്ടർ (Peanut butter)
സന്ധിവാതം കുറയ്ക്കാൻ വൈറ്റമിൻ ബി 3 നല്ലതാണ്. പീനട്ട് ബട്ടർ എല്ലാ ദിവസവും കഴിക്കുന്നത് കാലിന്റെ ഫ്ലെക്സിബിളിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പൈനാപ്പിൾ (Pineapple)
പൈനാപ്പിളിലെ പോഷക ഘടകങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.
മുട്ട് തേയ്മാനമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Precautions)
കാൽമുട്ടിന് തേയ്മാനം സംഭവിച്ചാൽ കൂടുതൽ സമയം വിശ്രമിക്കാൻ പാടില്ല. ഇത് സ്ഥിതി വഷളാക്കാൻ സാധ്യതയുണ്ട്. അമിത വണ്ണമുള്ളവർ ഭാരം കുറയ്ക്കുന്നത് മുട്ടിലെ തേയ്മാനവും വേദനയും കുറയ്ക്കാൻ സഹായിക്കും. ഡോക്ടറിന്റെ അഭിപ്രായം കേട്ട ശേഷം ശരിയായ രീതിയിൽ വ്യായാമം ചെയ്യുക.
പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കാം (Symptoms)
നടക്കുമ്പോഴും നിൽക്കുമ്പോഴും മുട്ടിന് വേദന, ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ട്, കാലിന്റെ ബലം നഷ്ടമാകുക, മുട്ടിൽ നീർക്കെട്ട് വരുക എന്നിവയാണ് മുട്ട് തേയ്മാനത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
Share your comments