കഴിഞ്ഞ കുറച്ചുനാളുകളായി നമ്മുടെ നാട്ടില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൊറോണക്കാലത്താണ് ഇന്‍ഡോര്‍ പ്ലാന്റ് വിപണി ശരിക്കും പച്ചപിടിച്ചതെന്ന് വേണമെങ്കില്‍ പറയാം.
വീടുകളിലും ഫ്‌ളാറ്റുകളിലും മാത്രമല്ല ഓഫീസുകളില്‍പ്പോലും ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇടംപിടിച്ചുകഴിഞ്ഞു. അകത്തളങ്ങള്‍ മനോഹരമാക്കുന്നതില്‍ ഇത്തരം കുഞ്ഞന്‍ ചെടികള്‍ക്കുളള പങ്ക് ചെറുതല്ല. മുറികളിലെ വായു ശുദ്ധമാകാനും മനസ്സിന് സന്തോഷവും ഏകാഗ്രതയും നല്‍കാനും ഇന്റീയര്‍ ഭംഗിയാക്കാനും പറ്റിയ ചില ചെടികള്‍ പരിചയപ്പെടാം.
സ്‌നേക്ക് പ്ലാന്റ്
മദര്‍ ഇന്‍ലോസ് ടങ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. വായു ശുദ്ധമാക്കാന്‍ ഏറ്റവും അനുയോജ്യമായ ചെടിയാണിത്. വെളളമോ വെളിച്ചമോ അധികം ആവശ്യമില്ല. ചെടിയുടെ പരിചരണത്തിനും സമയം നല്‍കേണ്ടതില്ല. രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടുന്നതിനാല്‍ അകത്തളങ്ങള്‍ക്ക് യോജ്യമായ നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റാണിത്.
മണി പ്ലാന്റ്
മറ്റ് ഇന്‍ഡോര്‍ പ്ലാന്റുകളെ അപേക്ഷിച്ച് സൂര്യപ്രകാശം അത്രയധികം ആവശ്യമില്ലാത്തവയാണ് മണി പ്ലാന്റുകള്‍. ഇവയുടെ വളര്‍ച്ചയ്ക്ക് മണ്ണുപോലും വേണ്ട. വെളളത്തിലും വളരും. അതിനാല്‍ കൂടുതല്‍ ദിവസം വീട്ടിനുളളില്‍ വളരാനാകും. വീട്ടില്‍ പണവും ഐശ്വര്യവും നിറയ്ക്കുമെന്ന വിശ്വാസത്തില്‍ ഈ ചെടി വളര്‍ത്തുന്നവര്‍ ധാരാളമുണ്ട്.
കറ്റാര്‍വാഴ
വീട്ടിനുളളില്‍ വളര്‍ത്താവുന്ന ചെടികളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍വാഴ അഥവാ അലോവേര. വീട്ടിനകത്തെ വായു ശുദ്ധമാക്കാനും ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കാനുമെല്ലാം കറ്റാര്‍വാഴയ്ക്ക് സാധിക്കും. രാത്രിയും പകലും ഓക്‌സിജന്‍ പുറത്തുവിടുന്ന സസ്യമായതിനാല്‍ കിടപ്പുമുറികള്‍ക്ക് ഏറെ അനുയോജ്യമാണിവ. കൂടുതല്‍ സമയം സുഖകരമായ ഉറക്കം കിട്ടാന്‍ കിടപ്പുമുറിയില്‍ ഇവ തെരഞ്ഞെടുക്കാം. സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തേയ്ക്ക് ഇടയ്ക്കിടെ ഇവ മാറ്റിവയ്ക്കാം. സൗന്ദര്യസംരക്ഷണത്തിന് അലോവേര തെരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്.
എറീക്ക പാം
എല്ലായ്‌പ്പോഴും ജലദോഷവും സൈനസൈറ്റിസും കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് മുറിക്കുളളില്‍ ചെടികള്‍ വളര്‍ത്താന്‍ പ്രയാസമാണ്. എന്നാല്‍ ഈ ചെടിയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. ശുദ്ധവായു നല്‍കുമെന്നതിനാല്‍ കിടപ്പുമുറികളില്‍ വയ്ക്കാന്‍ യോജിച്ചതാണിത്.
സ്‌പൈഡര്‍ പ്ലാന്റ്
വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുളള ചെടിയാണിത്. ഈ വിഭാഗത്തില്‍പ്പെട്ട നിരവധി ചെടികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചെടിച്ചട്ടിയില്‍ വയ്ക്കാനും തൂക്കിയിടാനും അല്ലാതെ വയ്ക്കാനുമെല്ലാം പറ്റിയ ചെടികളാണിവ. കൂടുതല്‍ ഓക്‌സിജന്‍ പുറത്തിവിടാനും വിഷാംശം ആഗിരണം ചെയ്യാനുമെല്ലാം ഇവയ്ക്കാവും. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റും യോജ്യമായ നോണ്‍ടോക്‌സിക് വിഭാഗത്തില്‍ ഇവയെ പെടുത്താം.
ഡ്രസീന
വലിപ്പത്തിലും നിറത്തിലുമെല്ലാം ഒരുപാട് വ്യത്യസ്ഥതകള്‍ നിറഞ്ഞ വിവിധ ഇനം ഡ്രസീന ചെടികള്‍ ഇന്ന് വിപണിയിലുണ്ട്. മുറ്റത്തെ മണ്ണിലും ചെടിച്ചട്ടിയിലാക്കി അകത്തളങ്ങളില്‍ വയ്ക്കുകയോ ചെയ്യാം. ആഴ്ചയില്‍ ഒരു തവണ വെളളം നനച്ചാല്‍ മതിയാകും. മാത്രമല്ല ഇലകള്‍ ഇടയ്ക്ക് തുടച്ചുകൊടുത്താല്‍ ചെടിയുടെ വളര്‍ച്ച വര്‍ധിക്കും. ഓക്‌സിജന്‍ കൂടുതല്‍ പുറത്തുവിടും.
ലക്കി ബാംബു
മിക്ക വീടുകളിലും സര്‍വ്വസാധാരണമായി കാണുന്ന ചെടിയാണ് ലക്കി ബാംബു. ഗൃഹപ്രവേശനത്തിനും മറ്റും ആളുകള്‍ ഈ ചെടി സമ്മാനമായി ഇപ്പോള്‍ നല്‍കാറുണ്ട്. ഡൈനിങ് റൂമില്‍ വളര്‍ത്താന്‍ യോജിച്ചവയാണിത്. ഇവയ്ക്ക് കൂടുതല്‍ വെളളവും വെളിച്ചവും ആവശ്യമാണ്.
ബേബി റബ്ബര്‍ പ്ലാന്റ്
അധികം വെളളമോ വെളിച്ചമോ ആവശ്യമില്ലാത്ത ചെടിയാണിത്. ഓക്‌സിജന്‍ ധാരാളമായി പുറപ്പെടുവിക്കും. ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ നശിപ്പിക്കാനും ഗുണകരമാണ്. ആസ്മ രോഗമുളളവര്‍ക്ക് ആശ്വാസം നല്‍കുന്ന ചെടിയാണിത്.
Share your comments