 
            ഒരുപക്ഷേ പാൽച്ചായയേക്കാൾ കട്ടൻചായക്കായിരിക്കും ആരാധകർ അധികമായുള്ളത്. ശരീരത്തിന് ഉന്മേഷവും ഊർജ്ജവും പകരുന്ന കട്ടൻചായ കേരളത്തിന്റെ രാഷ്ട്രീയ- സംസ്കാരവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യത്തിന് ഗുണകരമായ ഒരുപാട് ഘടകങ്ങളും കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യം വർധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഉത്തമമാണ്. ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഈ പാനീയം മുടി കൊഴിച്ചിൽ മുതൽ മുഖക്കുരു വരെയുള്ള സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്.
മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ കട്ടൻചായ എങ്ങനെയൊക്കെയാണ് ശരീരത്തിന് ആന്തരികമായും ബാഹ്യമായും ഫലം ചെയ്യുന്നതെന്ന് മനസിലാക്കാം.
തിയോഫിലിന്‍, കഫീന്‍ എന്നീ ഘടകങ്ങൾ ഉന്മേഷം തരുമ്പോൾ, ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കട്ടൻ ചായ രക്തസമ്മർദ്ദം കുറയ്ക്കാൻ നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും സ്ഥിരമായി കട്ടൻചായ കുടിയ്ക്കുന്നത് ഗുണം ചെയ്യുന്നു.
കാൻസറിനെതിരെ പ്രവർത്തിക്കുന്ന ഇതിലെ പോളീഫിനോള്‍സ്, കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകൾ മാറ്റും.
ദിവസവും ഒരു കപ്പ് കട്ടൻചായ കുടിക്കുന്നതിലൂടെ, കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പോഷിപ്പിക്കുകയും കുടലിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ഹൃദയത്തിന് ഗുണപ്രദമായ ഫ്ലാവൊനോയ്ഡ്സ് പോലുള്ള നിരവധി ആന്‍റി ഓക്സിഡന്റുകളും ഇതിലുണ്ട്. അതിനാൽ തന്നെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. ചായയിലെ ആല്‍ക്കലിന്‍ എന്ന ആന്റിജനാവട്ടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.
കട്ടൻചായ എങ്ങനെയാണ് മുഖസൗന്ദര്യം വർധിപ്പിക്കുന്നതെന്നും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതെന്നും അറിയാം.
ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് തുടങ്ങിയ കട്ടൻചായയിലെ ഘടകങ്ങൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന് സഹായിക്കുന്നു. അകാല വാർധക്യം തടഞ്ഞ് ചർമത്തിനും ശരീരത്തിനും ചെറുപ്പം നൽകാനും കട്ടൻ ചായ സഹായിക്കും. ചർമത്തിനെ ബാധിക്കുന്ന അണുബാധ തടഞ്ഞുകൊണ്ട് ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.
മുഖക്കുരുവിനും ശാശ്വത പരിഹാരമാണിത്. ചർമത്തിലുണ്ടാകുന്ന വീക്കത്തിന് എതിരെയും ഫലപ്രദമായി പ്രവർത്തിക്കും. കൂടാതെ, ചർമത്തിന്റെ പുനരുജ്ജീവനത്തിന് കട്ടൻ ചായ നല്ലതാണ്. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കുന്നു.
മിക്കവരെയും അലട്ടുന്ന മുടി കൊഴിച്ചിലിനെതിരെ നിസാരമായ കട്ടൻചായ പ്രയോജനപ്പെടും. ചായയിലുള്ള കാറ്റെച്ചിൻസ്, ഫ്ലൂവനോയിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമെ കട്ടൻചായയിലെ ആന്റി ഓക്സിഡന്റും മുടി കൊഴിയുന്നത് തടയും. മുടിയുടെ സ്വാഭാവിക നിറവും തിളക്കവും നിലനിർത്തുന്നതിനും രാവിലെ കട്ടൻ ചായ ശീലമാക്കുന്നത് സഹായിക്കുന്നു.
കുടിക്കുകയും പുരട്ടുകയും ചെയ്യാം
കട്ടൻചായ തലമുടിയിൽ പുരട്ടുന്നതിലൂടെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇതിനായി സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ തേച്ച് തല കഴുകി വൃത്തിയാക്കുക. ശേഷം കടുപ്പത്തിലുണ്ടാക്കിയ കട്ടൻചായ തണുപ്പിച്ച്, ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഷാംപൂ തേച്ച് വൃത്തിയാക്കിയ തലമുടിയിൽ ഇത് സ്പ്രേ ചെയ്തുകൊടുക്കാം. ഒരു കാപ് ഉപയോഗിച്ച് തലമുടി ആവരണം ചെയ്യുക. 15- 20 മിനിറ്റിന് ശേഷം തല കഴുകാം.
കട്ടൻ ചായയിൽ ശുദ്ധമായ തേൻ കൂടി ചേർത്താൽ ചർമം കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ തേൻ, സോറിയാസിസ്, ഹെർപ്പസ് അണുബാധ പോലുള്ള സങ്കീർണ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments