തേങ്ങാപ്പാല്‍ കൊണ്ട് പല വിഭവങ്ങളും സ്വാദിഷ്ടമാക്കാം. പോഷകങ്ങളേറെയുള്ള ഈ ഭക്ഷണപദാർത്ഥം നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമൊക്കെ നല്ലതാണ്. ഇതുകൂടാതെ തേങ്ങാപ്പാൽ ചര്‍മ്മത്തിനും മുടിക്കും ഗുണം ചെയ്യുന്നു. ഇത് എപ്രകാരമാണ് ചര്‍മ്മത്തിനും മുടിയ്ക്കും ഗുണം ചെയ്യുന്നത് എന്ന് നോക്കാം:
പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തേങ്ങാപ്പാല്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മം ലഭ്യമാക്കാൻ തേങ്ങാപ്പാല്‍ സഹായിക്കുന്നു. ഇത് മുഖത്ത് പുരട്ടി അല്‍പ സമയം കഴിഞ്ഞ് ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സുന്ദരമുഖം സ്വന്തമാക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ
അകാല വാര്‍ദ്ധക്യത്തിന് പരിഹാരമാണ് തേങ്ങാപ്പാൽ. ചര്‍മ്മത്തിന് ഇലാസ്തികത നിലനിര്‍ത്തുന്നു. തേങ്ങാപ്പാലില്‍ അല്‍പം ബദാം അരച്ചത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും കുത്തുകളും എല്ലാം ഇല്ലാതാവും.
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ നീക്കം ചെയ്യാനും പരിഹാരമാണ് തേങ്ങാപ്പാൽ. അല്‍പം റോസ് വാട്ടറും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് കണ്ണിന് താഴെ പുരട്ടിയാൽ മതി. അതിന് ശേഷം ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക.
മുടിയുടെ വളര്‍ച്ചക്ക് രോമകൂപത്തില്‍ പോഷകവും മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകങ്ങള്‍ എല്ലാം തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാല്‍ നല്ലതുപോലെ മുടിയില്‍ മസ്സാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് പോഷണവും ഈര്‍പ്പവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.
അകാലനര പ്രതിരോധിക്കുന്നതിനും തേങ്ങാപ്പാലിന് സാധിക്കും. തേങ്ങാപ്പാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും പോഷണവും നല്‍കുന്നത് പോലെ തന്നെ സമാനമായ രീതിയില്‍ മുടിയിലും പ്രവര്‍ത്തിക്കുന്നു.
Share your comments