ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി ആരും ഇല്ല അല്ലെ, തിരക്ക് പിടിച്ച ജീവിതത്തിൻ്റെ ഇടയിൽ ഭക്ഷണങ്ങൾ ഒരു പ്രാവശ്യം മാത്രം ഉണ്ടാക്കി, ബാക്കിയുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നവരാണ് നമ്മളിൽ അധികം പേരും. അത് കൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ കേട് കൂടാതെ വെക്കുന്നതിനും, അത് പോലെ തന്നെ ഫ്രൂട്ട്സ്, വെജിറ്റബിൾ എന്നിവ കേട് കൂടാതെ സൂക്ഷിക്കുന്നതിനും ഫ്രിഡ്ജ് ഉപയോഗിക്കുന്നു.
പാചകം ചെയ്ത് വെച്ചിരിക്കുന്ന ഭക്ഷണം 2 അല്ലെങ്കിൽ 3 ദിവസത്തേക്ക് നമ്മുടെ ആവശ്യാമുസരണം ചൂടാക്കി കഴിക്കുന്നത് നല്ലതാണ്. കാരണം സമയ ലാഭമാണ്. എന്നിരുന്നാലും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.
അത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നിങ്ങൾക്കറിയാമോ?
ഏതൊക്കെ തരത്തിലാണ് ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാകുന്നത്
ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുന്ന സാധനങ്ങൾ പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങൾ ഉടൻ തന്നെ ചൂടാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഹാനികരമായി മാറുന്നത്. അത് കൊണ്ട് തന്നെ നിങ്ങൾ എന്ത് ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ നിന്നും എടുത്താലും ഉടൻ തന്നെ പാചകം ചെയ്ത് കഴിക്കാതെ അൽപ്പ സമയം വെച്ച് അതിനെ റൂം ടെമ്പറേച്ചറിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ ചൂടാക്കി കഴിക്കാൻ പാടുള്ളു.
ഇനി തയ്യാറാക്കുന്ന ഭക്ഷണം എത്ര നാളത്തേക്കാണ് നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്?
പല കാര്യങ്ങളെക്കുറിച്ചും വേണ്ടത്ര അവ ബോധമില്ലാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. പല തരത്തിലുള്ള അപകടങ്ങളും, ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാവുന്ന ഒന്നാണ് ഫ്രിഡ്ജ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് നന്നായി അറിഞ്ഞ് തന്നെ ഉപയോഗിക്കണം.
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട രീതി എന്താണ്?
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. പാചകം ചെയ്ത ഭക്ഷണമാണെങ്കിൽ അത് ഇളക്കാതെ വെയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
അത് പോലെ തന്നെ പാചകം ചെയ്ത ഭക്ഷണം റൂമിൽ അധിക സമയം വെച്ചതിന് ശേഷമാണെങ്കിൽ അത് പിന്നീട് ഫ്രിഡ്ജിൽ വെച്ചാലും അതിൽ ബാക്ടീരിയ വരാൻ സാധ്യത ഉണ്ട്.
ഒരു തവണ വെച്ച് ഇറക്കി ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ വീണ്ടും ചൂടാക്കി കഴിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമുള്ളവ മാത്രം എടുത്ത് ചൂടാക്കി ഉപയോഗിക്കാം.
എത്ര നാളത്തേക്ക് ഉപയോഗിക്കാം?
ചോറ് അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ കറികളാണെങ്കിൽ അത് ദിവസങ്ങൾ വെക്കാതെ പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്, അതായത് 2 ദിവസത്തിൽ ഉള്ളിൽ തന്നെ ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്.
സലാഡുകളാണെങ്കിൽ അത് 24 മണിക്കൂർ വരെ സൂക്ഷിക്കാവുന്നതാണ്. പച്ചക്കറികൾ കൊണ്ടാണ് എങ്കിൽ കൂടുതൽ വെക്കുന്നത് അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
പാചകം ചെയ്തവ സൂക്ഷിക്കുമ്പോൾ ഭക്ഷണ പാത്രം അടച്ച് തന്നെ വെക്കാൻ ശ്രദ്ധിക്കുക. ഇറച്ചി അത് പോലെ തന്നെ മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ പ്രത്യേക കവറുകളിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ : ഉലുവയ്ക്കുമുണ്ട് ഈ പ്രശ്നങ്ങൾ: പ്രമേഹരോഗികൾക്കും ഗർഭിണികൾക്കും നല്ലതാണോ?
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments