
പല രോഗങ്ങളും ഭേദമാക്കാൻ ആഹാരം മുഖ്യമാണെന്നത് പോലെ, ചില രോഗങ്ങൾക്ക് ചില ഭക്ഷണം കഴിക്കുന്നതും ദോഷം ചെയ്യും. അതായത്, പഴകിയ ആഹാരം കഴിക്കുന്നത് ശാരീരികമായും മാനസികമായും പ്രതികൂലമായി ബാധിക്കും. അതായത്, ഒന്നോ രണ്ടോ ദിവസം കേടാകാതെ സൂക്ഷിക്കാമെന്ന് നിങ്ങൾ കരുതുന്ന ചില ആഹാരസാധനങ്ങൾക്കുള്ള പരമാവധി ആയുസ് 24 മണിക്കൂർ അഥവാ ഒരു ദിവസമായിരിക്കും. ഇത് അറിഞ്ഞുകൊണ്ടും ചിലർ ഭക്ഷണത്തിൽ വിട്ടുവീഴ്ച വരുത്തുന്നുണ്ട്. ഇത് പലവിധത്തിൽ നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
ആഹാര സാധനങ്ങൾ സമയം വൈകി കഴിയ്ക്കുന്നതിലൂടെ വയറുവേദന, തലവേദന, ദഹനപ്രശ്‌നങ്ങൾ, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ഇത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കും. അതിനാൽ തന്നെ അടുക്കളയിൽ സൂക്ഷിക്കുന്ന ആഹാര സാധനങ്ങൾ സമയത്തിന് അനുസരിച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത്തരത്തിൽ ഒന്നിൽ കൂടുതൽ ദിവസം സൂക്ഷിക്കാതെ പെട്ടെന്ന് ഉപയോഗിക്കേണ്ട ആഹാരസാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
-
തക്കാളി (Tomato)
പഴമാണെങ്കിലും, കറികളിലെ പ്രധാന പച്ചക്കറിയായി ഉപയോഗിക്കുന്ന തക്കാളി 24 മണിക്കൂറിൽ കൂടുതൽ സമയം അടുക്കളയിൽ വച്ചാൽ അത് കേടാകുന്ന അവസ്ഥയിലെത്താം. വാസ്തവത്തിൽ, അടുക്കളയിലെ ചൂട് കാരണമാണ് ഇവ പെട്ടെന്ന് കേടാകാൻ തുടങ്ങുന്നത്. അതിനാലാണ് മിക്കപ്പോഴും ഒരു ദിവസം കൊണ്ട് തക്കാളി അഴുകാൻ തുടങ്ങുന്നത്. ഇതുകൂടാതെ, അമിതമായി പഴുത്ത തക്കാളി കഴിച്ചാൽ വയറും അസ്വസ്ഥമാകും.
-
കൂൺ (Mushroom)
ഒരു ദിവസം പോലും തുറന്ന സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ലാത്ത ആഹാര സാധനമാണ് കൂൺ. കൂൺ പഴകിയാൽ ഇതിന്റെ നിറം മങ്ങി കറുത്ത നിറമാകാൻ തുടങ്ങും. കൂൺ തുറസ്സായ സ്ഥലത്ത് വച്ച ശേഷം, 24 മണിക്കൂർ കഴിഞ്ഞ് കഴിക്കുയാണെങ്കിൽ, വയറുവേദനയോ വയറിന് മറ്റ് പല അസ്വസ്ഥതകളോ ഉണ്ടാകാം. അതിനാൽ കൂൺ വാങ്ങിയതിനോ, വിളവെടുത്തതിനോ ശേഷം ഉടൻ തന്നെ അത് പാചകം ചെയ്യുന്നതിനായി ശ്രദ്ധിക്കുക. അതുമല്ലെങ്കിൽ കൂൺ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പാത്രത്തിന് മൂടി ഉപയോഗിക്കരുത്.
-
ബ്രെഡ് (Bread)
പ്രഭാതഭക്ഷണത്തിൽ, മിക്ക ആളുകളും ബ്രെഡ് കൂടുതലായി ഉപയോഗിക്കുന്നു. മുട്ടയോടൊപ്പം കഴിക്കുന്നതിന് ബ്രെഡ് മികച്ച പ്രഭാത ഭക്ഷണമാണെന്നും മിക്കവരും കരുതുന്നു. എന്നാൽ ബ്രെഡ് കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ, ഒരു ദിവസം കൊണ്ട് അത് കേടാകാൻ തുടങ്ങും. അതിനാൽ തന്നെ ബ്രെഡ് വാങ്ങുമ്പോൾ, അത് ഉപയോഗിക്കാവുന്ന അവസാന തീയതി പരിശോധിച്ച് വേണം വാങ്ങാൻ.
ഇതിൽ പലരും ശ്രദ്ധ നൽകിയാലും, അടുക്കളയിൽ ബ്രെഡ് പായ്ക്കറ്റ് തുറന്ന് വച്ച് അത് കേടാക്കാറുണ്ട്. ബ്രെഡ് ഇത്തരത്തിൽ തുറന്ന് വച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ സാധാരണ ഊഷ്മാവിൽ ബ്രെഡ് സൂക്ഷിക്കുക. വേണമെങ്കിൽ ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്.
ഇതുകൂടാതെ, അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക. അതായത്, ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ അണുവിമുക്തമായിരിക്കണം. ഭക്ഷണം അധികനേരം തുറന്നുവയ്ക്കാതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുക. കാലാവധി കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ പൂർണമായും അടുക്കളയിൽ നിന്ന് ഒഴിവാക്കണം. ഇതിന് പുറമെ, സ്പൂണുകളും കത്തികളും ഉപയോഗിച്ച ശേഷം ചുടുവെള്ളത്തില്‍ കഴുകി വയ്ക്കുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments