മിക്കവരും തന്നെ ഇൻഡോര്‍ പ്ലാൻറുകൾ വളർത്താൻ ആഗ്രഹിക്കുന്നവരാണ്. ഇൻറീരിയര്‍ ഭംഗിക്കായി മാത്രമല്ല പച്ചപ്പും തണലും ഒക്കെ നൽകുന്ന ആരോഗ്യ വശങ്ങളും സന്തോഷവും ഒക്കെ ഇതിൽ ഒരു ഘടകമാണ്. എന്തായാലും ഡിമാൻഡ് ഏറിയ ഒരു വിപണിയായി മാറുകയാണ് അലങ്കാര സസ്യങ്ങളുടേത്.
വിവിധ നിറങ്ങളിലെ അലങ്കാര സസ്യങ്ങൾ ഇൻഡോര്‍ അലങ്കാരത്തിന് എല്ലാവരും വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ വീടുകളിലും അപ്പാര്‍ട്ട്മെൻറുകളിലും ഒക്കെ. കൊവിഡ് കാലത്ത് മറ്റ് കടകൾക്ക് ഒക്കെ കച്ചവടം ഇല്ലാതിരുന്നപ്പോഴും ചെടി വിൽപ്പനക്കാര്‍ ലാഭം കൊയ്തു. വീട്ടിൽ അലങ്കാര സസ്യങ്ങൾ വളര്‍ത്താൻ അൽപ്പമൊന്നു മെനക്കെട്ടാൽ ഇതിൽ നിന്ന് മികച്ച വരുമാനം കണ്ടെത്താം. വാണിജ്യപരമായി ചെയ്‌ത് കയറ്റുമതി ചെയ്യുകയാണെങ്കിൽ ലാഭമേറെയുള്ള ബിസിനസ്സാണ്.
വിവിധ ഇനങ്ങളിലെ പൂച്ചെടികൾ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ അലങ്കാരങ്ങൾക്ക് ഫ്രഷ് ആയ പുഷ്പങ്ങളും ഇലകളും ഒക്കെ ഉപയോഗിച്ച് തുടങ്ങിയതോടെ ഡിമാൻഡുള്ള ഇലച്ചെടികൾ ഇടവിളയായി കൃഷി ചെയ്ത് പോലും വരുമാനം ഉണ്ടാക്കുന്നുണ്ട് ചിലര്‍. ഇലകൾ മാത്രമാണ് വിൽപ്പന. മെസഞ്ചിയാന പോലുള്ള ചെടികളുടെ ഇലകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായാൽ നല്ലൊരു തുക തന്നെ ലഭിക്കും എന്ന സാധ്യതകളാണ് ഈ രംഗത്തുള്ളവര്‍ പ്രയോജനപ്പെടുത്തുന്നത്.
വിപണിയിലെ ഇപ്പോഴത്തെ സാധ്യതകളും ഡിമാൻഡും വിലയിരുത്തി വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഇത്തരം അലങ്കാര സസ്യങ്ങളുടെ കൃഷി ആരംഭിക്കാം. ഏറെ ഡിമാൻഡുള്ള ഡ്രസീന ഇനത്തിലെ ഇലച്ചെടികൾ കൃഷി ചെയ്യാം. ഇലകൾ ഉപയോഗിക്കുന്ന നിരവധി അലങ്കാരച്ചെടി വൈവിധ്യങ്ങളുണ്ട്.
സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോ ബാഗുകളിലും അലങ്കാര സസ്യങ്ങൾ കൃഷി ചെയ്യാം. മറ്റ് ബിസിനസുകൾ പോലെ തന്നെ വളരെ ചെറിയ രീതിയിൽ വീട്ടിൽ തന്നെ ഡിമാൻഡുള്ള അലങ്കാര സസ്യങ്ങൾ നട്ടു വളര്‍ത്താം. 200 ചതുരശ്ര അടിയിൽ പോലും ഗ്രോബാഗുകളിൽ ചെടികൾ കൃഷി ചെയ്യാനാകും. സാധ്യതയും കൈയിലുള്ള പണവുമനുസരിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ചെടികൾ എത്തിക്കുകയോ, സ്വന്തം നഴ്സറി തുടങ്ങുകയോ, ഇൻസ്റ്റഗ്രാമിലൂടെയുൾപ്പെടെ അലങ്കാര സസ്യങ്ങൾ വിൽക്കുകയോ ഒക്കെ ചെയ്യാം. അധിക വരുമാനത്തിനായി ഒരു വഴി ആലോചിക്കുന്നവര്‍ക്ക് ചെറിയ തോതിൽ ആരംഭിച്ച് ഓര്‍ഡര്‍ അനുസരിച്ച് ബിസിനസ് വിപുലീകരിക്കാം.
അലങ്കാര സസ്യങ്ങൾ വളര്‍ത്തുന്നതിനൊപ്പം തന്നെ ഡിസൈനര്‍ പോട്ടുകൾ, വ്യത്യസ്തമാര്‍ന്ന ഇൻഡോര്‍ പോട്ടുകൾ, വെര്‍ട്ടിക്കൽ ഗാര്‍ഡനിങ്ങിന് ആവശ്യമായ ഉത്പന്നങ്ങൾ തുടങ്ങിയവയൊക്കെയും അനുബന്ധമായി വിൽക്കാം. ഏത് ഇൻറീരിയറിനും മിഴിവേകുന്ന കയര്‍, മുള ഉത്പന്നങ്ങളിലെ പോട്ടുകൾ, ആൻറിക് ചെടിച്ചട്ടികൾ എന്നിവയൊക്കെ ഇതോടൊപ്പം പരീക്ഷിക്കാം. മണ്ണില്ലാതെ തന്നെ ഇൻഡോര്‍ ചെടികൾ വളരാൻ സഹായിക്കുന്ന ചകിരിച്ചോറിനുമുണ്ട് ഡിമാൻഡ്. ഈ സാധ്യതളും പരീക്ഷിക്കാം.
Share your comments