തൊടിയില്‍ ഒരു ചെമ്പരത്തിയെങ്കിലും ഇല്ലാത്ത വീടുകളുണ്ടാകില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതുപോലെ മുറ്റത്തെ ചെമ്പരത്തിയും പലപ്പോഴും അവഗണനയില്‍ത്തന്നെയാണ്. എന്നാല്‍ ചെമ്പരത്തിപ്പൂവ് ചില്ലറക്കാരനല്ല കേട്ടോ. വിപണന സാധ്യതകള്‍ ഏറെയുളള പുഷ്പമാണ് ചെമ്പരത്തി.
നൂറ് കോടിയിലധികം രൂപയുടെ പ്രതിവര്‍ഷ കയറ്റുമതിയും വിറ്റുവരവും നടക്കുന്ന വ്യവസായമാണ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റേത്. ഇന്ത്യയില്‍ നിന്ന് ഇരുപതിലധികം രാജ്യങ്ങളിലേക്ക് ചെമ്പരത്തി കയറ്റുമതി ചെയ്യുന്നുണ്ട്.
ചെമ്പരത്തിലെ ആന്തോസയാനിന്‍ എന്ന വര്‍ണ്ണകത്തിന്റെ സാന്നിധ്യമാണ് വിദേശവിപണിയില്‍ പൂവിന് വില ലഭിക്കാന്‍ കാരണം. ചുവന്ന ചെമ്പരത്തിയിലാണ് ഈ വര്‍ണ്ണകം കൂടുതലായുളളത്. പല രാജ്യങ്ങളിലും ഉണങ്ങിയ ചെമ്പരത്തിപ്പൂക്കള്‍ കയറ്റുമതി ചെയ്യാറുണ്ട്. തായ്‌ലന്‍ഡ്, മെക്‌സിക്കോ, അമേരിക്ക, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചെമ്പരത്തി ധാരാളമായി ഉത്പാദിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് 350 രൂപയും ഉണക്കിയ പൂവ് പൊടിച്ചെടുത്തതിന് 100 രൂപയും വിലയുണ്ട്. എന്നാല്‍ ഇതൊക്കെയാണെങ്കിലും പലര്‍ക്കും ചെമ്പരത്തിയുടെ വിപണനസാധ്യകള്‍ അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ചെമ്പരത്തിക്ക് ഔഷധഗുണങ്ങളും ഏറെയാണ്. നിരവധി ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ചെമ്പരത്തി. ബീറ്റ കരോട്ടിന്‍, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍ സി എന്നിവ ഇതിലുണ്ട്. അതുകൊണ്ടുതന്നെ ദാഹശമനികളിലും ചായയിലും കറികളിലുമെല്ലാം ഇതുപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവിന്റെ നീര് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.
വിദേശരാജ്യങ്ങളില്‍ ചെമ്പരത്തിച്ചായയ്ക്ക് ഏറെ പ്രചാരമുണ്ട്. പലയിടത്തും ഔഷധമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുളള പരിഹാരമാര്‍ഗമായും ഉപയോഗിക്കാറുണ്ട്. ജീവകം സി, ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമാണിത്. ചുവന്നതോ ഇളംചുവപ്പ് നിറമുളളതോ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ കൊണ്ടുനിര്‍മ്മിക്കുന്ന ഔഷധച്ചായ ആണ്. വൃക്ക രോഗമുളളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തിച്ചായ നല്ലതാണ്. അതുപോലെ തന്നെ ബേക്കറി വിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ അസംസ്‌കൃത വസ്തുവായി ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിയിലെ വിറ്റാമിന്‍ സി ചുമ, ജലദോഷം എന്നിവ ഇല്ലാതാക്കാന്‍ സഹായകമാണ്. സൗന്ദര്യസംരക്ഷണ വസ്തുക്കളില്‍ ചെമ്പരത്തിപ്പൂവ് ധാരാളമായി ഉപയോഗിക്കാറുണ്ട്. ഹെയര്‍ ഓയില്‍,ഷാംപു, ലിപ് ബാം, ഫേഷ്യല്‍ ക്രീം എന്നിവയിലൊക്കെ പ്രധാന ഘടകമാണ് ചെമ്പരത്തി. മുടിയുടെ സംരക്ഷണത്തിന് മുത്തശ്ശിമാരടക്കം നിര്‍ദേശിക്കാറുളള ഒന്നാണ് ചെമ്പരത്തി. പ്രകൃതിദത്ത ഷാംപൂവായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. അരക്കപ്പ് ചെറുചൂടുവെളളത്തില്‍ ചെമ്പരത്തിപ്പൂവും ഇലയും ചേര്‍ത്ത് നല്ലപോലെ അരച്ചെടുത്ത മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. തലയിലെ താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും ചെമ്പരത്തിപ്പൂവ് ഫലപ്രദമാണ്. അതുപോലെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവെടുത്ത് അരച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുന്നു.
മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ഹാവായ് ദ്വീപ് ഉള്‍പ്പെടെയുളള പല സ്ഥലങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനുമെല്ലാം ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ഹിബിസ്‌ക്കസ് റോസാ സിനെന്‍സിസ് എന്നാണ് ചെമ്പരത്തിയുടെ ശാസ്ത്രീയനാമം. ഇരുന്നൂറിലധികം വിഭാഗം ചെമ്പരത്തികളുണ്ട്. ഏത് കാലാവസ്ഥയിലും വളരുമെന്നതാണ് ഈ ചെടിയുടെ ഏറ്റവും വലിയ സവിശേഷത. പ്രത്യേകിച്ച് പരിചരണമൊന്നും ആവശ്യവുമില്ല. ചെടിയില്‍ പൂവിനെപ്പോലെ തന്നെ ഇലകള്‍ക്കും പ്രാധാന്യമുണ്ട്. ചെറിയ കൊമ്പുകള്‍ മുറിച്ചുനട്ടാണ് പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാറുളളത്.
Share your comments