Environment and Lifestyle

പച്ചക്കറികളും പഴങ്ങളും കേടാകാതെ എങ്ങനെ സൂക്ഷിക്കാം?

Fruits & Vegetables can be stored intact

പഴങ്ങളും പച്ചക്കറികളും വാങ്ങിക്കുമ്പോള്‍ നല്ല ഫ്രഷ്‌ ആയത് തന്നെ നോക്കി വാങ്ങിക്കും, എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പലതും കേടായി തുടങ്ങും. പലപ്പോഴും വലിയ വില കൊടുത്ത് വാങ്ങിയ സാധനങ്ങള്‍ ഉപയോഗ ശൂന്യമായി പോകാറുമുണ്ട്. കൂടുതല്‍ നാള്‍ കേടാകാതെ നിലനില്‍ക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചാലോ, അല്പ നാള്‍ കഴിയുമ്പോള്‍ ഫ്രിഡ്ജിലിരുന്ന് അവ ചീത്തയാകും. ചില പച്ചക്കറികള്‍ക്ക് അമിതമായി തണുപ്പ്, ഈര്‍പ്പം എന്നിവ ലഭിയ്ക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക.

പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ ചില പൊടിക്കൈകളുണ്ട്, അതുപ്രകാരം ഇത്തരം സാധനങ്ങള്‍ സൂക്ഷിയ്ക്കുകയാണെങ്കില്‍ കൂടുതല്‍ നാള്‍ ഫ്രഷ്‌ ആയി തന്നെ ഉപയോഗിക്കാം. അടുക്കളയില്‍ പ്രയോഗിക്കാവുന്ന അത്തരം ചില വിദ്യകള്‍ നോക്കാം.

ഉള്ളി സൂക്ഷിക്കേണ്ടത്

ഉള്ളിയ്ക്ക് പലപ്പോഴും കൈ പൊള്ളുന്ന വിലയാണ്, അത്രയും വില കൊടുത്ത് വാങ്ങുന്ന ഉള്ളി മുഴുവന്‍ ചീത്തയായി പോയാലോ? മുടക്കിയ പണമത്രയും നഷ്ടമാകും എന്ന് മാത്രമല്ല, ഉടനെ തന്നെ അടുത്ത ഉള്ളി വാങ്ങിക്കുകയും വേണം, കാരണം ഉള്ളി ഇല്ലാത്ത പാചകം ചിന്തിയ്ക്കാന്‍ പോലും കഴിയില്ല മിക്ക ആളുകള്‍ക്കും. എന്നാല്‍ കൃത്യമായ രീതിയില്‍ സൂക്ഷിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം.

തണുപ്പുള്ള, ഇരുണ്ട സ്ഥലങ്ങളില്‍ വേണം ഉള്ളി സൂക്ഷിയ്ക്കാന്‍. ഒരു പത്ര താളില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുന്നതും നല്ലതാണ്. അല്ലെങ്കില്‍ ചെറിയ ദ്വാരങ്ങളുള്ള ഒരു പേപ്പര്‍ ബാഗില്‍ സൂക്ഷിച്ചു വെയ്ക്കാം. ഒരിയ്ക്കലും ഉരുളക്കിഴങ്ങിനോടൊപ്പം ഉള്ളി സൂക്ഷിയ്ക്കരുത്. പലരും ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് വാങ്ങുകയും അത് അങ്ങനെ തന്നെ സൂക്ഷിയ്ക്കുകയും ചെയ്യുകയാണ് പതിവ്. ഇതുവഴി ഉരുളക്കിഴങ്ങു പുറം തള്ളുന്ന വാതകങ്ങള്‍ ഉള്ളി വലിച്ചെടുക്കുകയും പെട്ടെന്ന് ചീയാന്‍ തുടങ്ങുകയും ചെയ്യും.

സ്ട്രോബെറിയും ബ്ലൂബെറിയും

പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ. വിപണിയില്‍ ഉയന്ന വില നിലനിര്‍ത്തുന്ന പഴങ്ങളാണിവ. ഇത്തരം പഴങ്ങള്‍ സൂക്ഷിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ കേടുകൂടാതെ സൂക്ഷിയ്ക്കാനാകും. ഒരു കപ്പ് വിനാഗിരിയും മൂന്ന് കപ്പ് വെള്ളവും യോജിപ്പിച്ച ലായനിയിൽ ഈ പഴങ്ങള്‍ കഴുകി, വൃത്തിയായി തുടച്ച ശേഷം ഫ്രിഡ്ജില്‍ വെയ്ക്കുകയാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ഇവ കേടാകാതെ സൂക്ഷിയ്ക്കാം. പഴങ്ങളും പച്ചക്കറികളും എല്ലായ്പ്പോഴും ഈ മിശ്രിതത്തില്‍ കഴുകുന്നത് ബാക്ടീരിയയെ നശിപ്പിയ്ക്കാന്‍ സഹായിക്കും.

വാഴപ്പഴം ചീഞ്ഞ് പോകാതിരിക്കാൻ

വാഴപ്പഴം കറുത്ത നിറം പടര്‍ന്ന് ചീയുന്നത് സ്വാഭാവികമാണ്. നന്നായി പഴുത്ത പഴമാണ് നിങ്ങള്‍ വാങ്ങിയതെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ അത് നിറം മാറി തുടങ്ങും. നിറം മാറി അമിതമായി പഴുത്ത പഴം കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവരാണ് കൂടുതലും. ഈ പ്രശ്നം മറികടക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് പഴങ്ങളുടെ തണ്ട് മൂടുക എന്നത്. പഴത്തിന്‍റെ തണ്ട് വഴിയുള്ള എഥിലീന്‍ ഉത്പാദനവും അതിന്‍റെ വ്യാപനവും മന്ദ ഗതിയിലാക്കിക്കൊണ്ട് പഴുക്കുന്ന സമയം ദീര്‍ഘിപ്പിയ്ക്കാന്‍ കഴിയും.

നാരങ്ങ സൂക്ഷിക്കേണ്ടത്

നാരങ്ങ വെറുതെ ഫ്രിഡ്ജില്‍ വെയ്ക്കരുത്. നാരങ്ങ ഫ്രിഡ്ജിൽ നേരിട്ട് സൂക്ഷിക്കുകയാണെങ്കില്‍ ഒരു നിശ്ചിത സമയത്തിന് ശേഷം അത് ചീത്തയാകാന്‍ തുടങ്ങും. എന്നാല്‍ നേരിട്ട് വെയ്ക്കുന്നതിന് പകരം ഒരു സിപ്പ് ലോക്ക് ബാഗിലോ, കട്ടിയുള്ള പ്ലാസ്റ്റിക് കവറില്‍ കെട്ടിയ ശേഷമോ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുകയാണെങ്കില്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്‍ക്കും. എടുത്ത് ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ചെറു ചൂടുവെള്ളത്തിൽ മുക്കിവയ്ക്കാവുന്നതാണ്.

ഇഞ്ചി സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഒരു തുണിയിലോ പേപ്പർ ബാഗിലോ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നതാണ് ഇഞ്ചി ഏറെക്കാലം കേടുകൂടാതെയിരിയ്ക്കാനുള്ള ഏകവഴി. വായുവും ഈർപ്പവും ഇഞ്ചിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. തൊലി കളഞ്ഞോ, ചെറുതായി അരിഞ്ഞോ ഒരു ചെറിയ പാത്രത്തില്‍ അടച്ചു സൂക്ഷിയ്ക്കുന്നതും മികച്ച വഴിയാണ്.

ഇനി മുതല്‍ പച്ചക്കറികളും പഴങ്ങളും വങ്ങുമ്പോള്‍ ഈ പൊടിക്കൈകള്‍ പരീക്ഷിയ്ക്കാന്‍ മറക്കേണ്ട.


English Summary: How Fruits and vegetables can be stored intact

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine