സ്റ്റീം തെറാപ്പി…. പനിയും ജലദോഷവും പമ്പ കടക്കാൻ ഉത്തമമാണ് ആവി പിടിക്കുന്നത്. നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നിവയിലെ കഫം അയഞ്ഞതാക്കുവാൻ ഇത് വളരെയധികം പ്രയോജനകരമാണ്. അതായത്, നാസികാദ്വാരം തുറക്കുവാനും വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗം വരുമ്പോൾ വായ നൽകുന്ന സൂചനകൾ
ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ശാരീരിക അസ്വസ്ഥതകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ ആവി പിടിക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഇത് ശരിയായ രീതിയിൽ അല്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.
ജലദോഷം, പനി (ഇൻഫ്ലുവൻസ), മൂക്കിലെ അലർജികൾ, സൈനസ് അണുബാധ (സൈനസൈറ്റിസ്), ബ്രോങ്കൈറ്റിസ് തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾക്കെതിരെ ആവി പിടിക്കുന്നത് ഫലപ്രദമാണ്. എന്നാൽ, സ്റ്റീം തെറാപ്പി യഥാർഥത്തിൽ അണുബാധയ്ക്ക് കാരണമായ വൈറസിനെ നശിപ്പിക്കുകയല്ല ചെയ്യുന്നത്. പകരം ജലദോഷത്തിൽ നിന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുകയാണ് ചെയ്യുന്നത്.
ആവി പിടിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
-
ആവി പിടിക്കുന്നതിലൂടെ ശരീരത്തിനകത്തെ രോഗാണുക്കളെ നീക്കം ചെയ്യാനും കൂടുതൽ ആശ്വാസം ലഭിക്കാനും സാധ്യതയുണ്ടെന്ന് വിചാരിച്ച് കൂടുതൽ സമയം ആവി പിടിക്കുന്നവരുണ്ട്. എന്നാൽ, തുടര്‍ച്ചയായി പത്ത് മിനിറ്റില്‍ കൂടുതല്‍ സമയമെടുത്ത് ആവി പിടിക്കുന്നത് ഒഴിവാക്കുക.
-
രോഗലക്ഷണങ്ങളുണ്ടെങ്കിൽ ദിവസവും രണ്ടോ മൂന്നോ തവണ ആവി പിടിക്കുന്നത് നല്ലതാണ്.
-
ചൂടുവെള്ളത്തിൽ നിന്ന് ശരിയായ അകലം പാലിച്ച് ആവി പിടിക്കുക. ഇല്ലെങ്കിൽ പൊള്ളൽ ഏൽക്കാൻ സാധ്യത കൂടുതലാണ്. ഇതിന് പുറമെ കണ്ണിന് മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം. അതിനായി നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറക്കുക.
-
തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകൾ ആവി പിടിക്കുന്നതിനുള്ള വെള്ളത്തില്‍ കലര്‍ത്തുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നു. എന്നാൽ ഇവ ആരോഗ്യത്തിന് ഗുണകരമല്ല.
-
ആവി പിടിക്കാനുള്ള വെള്ളത്തിൽ തുളസിയിലയോ പനിക്കൂര്‍ക്കയോ യൂക്കാലി തൈലമോ ഉപയോഗിക്കാം. കൂടാതെ, തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം എന്നിവയും ആവി പിടിക്കുന്നതിന് നല്ലതാണ്.
-
മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മറ്റും വാങ്ങുന്ന വേപ്പറൈസറുകള്‍ ഉപയോഗിച്ചും ആവി പിടിക്കാം. ഇവ പൊള്ളലേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നു. കുട്ടികൾ ആവി പിടിക്കുന്നതിന് ഇത്തരം വേപ്പറൈസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
-
വേപ്പറൈസറുകള്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം തുറക്കുകയോ ഇവയിലേക്ക് വെള്ളം ചേർക്കുകയോ ചെയ്യുക. ഉപ്പ് വേപ്പറൈസറില്‍ ഉപയോഗിക്കരുത്.
-
ജലദോഷത്തിൽ നിന്നും ഇവ ആശ്വാസം നൽകുമെങ്കിലും ആവി പിടിക്കുന്ന സമയത്ത് എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുകയാണെങ്കിൽ, ഇത് തുടരരുത്. പകരം ഒരു ഡോക്ടറിനെ കാണുകയോ, നിങ്ങളുടെ രോഗ ലക്ഷണങ്ങളെ ലഘൂകരിക്കാൻ മറ്റ് വഴികൾ നോക്കുകയോ ചെയ്യേണ്ടതാണ്.
Share your comments