മെക്‌സിക്കോയിലെ മഴക്കാടുകളിലാണ് പാർലർ പാം (Parlor palm) ധാരാളമായി കാണപ്പെടുന്നത്. ഇത് പാർലർ പന എന്നും അറിയപ്പെടുന്നു. ഈ ചെടി നേരിട്ടുള്ള സൂര്യപ്രകാശമെത്താത്ത സ്ഥലത്താണ് കൂടുതല്‍ നന്നായി വളരുന്നത്. പാർലർ പാം വീടിനകത്തും വളര്‍ത്താവുന്നതാണ്. ഈ ചെടിക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.
നല്ല വെളിച്ചമായാലും മങ്ങിയ വെളിച്ചമായാലും പാര്‍ലര്‍ പന പതുക്കെ മാത്രമാണ് വളരുന്നത്. ഈ ചെടിക്ക് വളരാൻ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. വളരെ വര്‍ഷങ്ങള്‍ എടുത്താണ് ചെടി അതിന്റെ പരമാവധി വലുപ്പമായ മൂന്നോ നാലോ അടി ഉയരത്തിലെത്തുന്നത്. വെള്ളവും വളരെ കുറച്ചുമതി. തണുപ്പുകാലത്ത് കാര്യമായി നനയ്‌ക്കേണ്ട ആവശ്യവുമില്ല.
ഇൻഡോർ പ്ലാന്റായി വളര്‍ത്തുമ്പോള്‍ കുറേ ചെടികള്‍ ഒരു പാത്രത്തില്‍ തന്നെ നടാവുന്നതാണ്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഓരോ ചെടിയും നേരെ കുത്തനെ വളരുകയും കൂടുതല്‍ ആകര്‍ഷകത്വം ലഭിക്കുകയും ചെയ്യും. ആദ്യത്തെ കുറച്ചുവര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കൂടുമ്പോഴും വളര്‍ച്ചയ്ക്കനുസരിച്ച് പാത്രം മാറ്റിക്കൊടുക്കേണ്ടി വരും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ പിന്നെ മേല്‍മണ്ണ് മാത്രം മാറ്റിനിറച്ചാല്‍ മതി. ഈ ചെടി വീട്ടിനകത്തുള്ള കുറഞ്ഞ വെളിച്ചത്തില്‍ വളര്‍ത്തുന്നതാണ് ഉത്തമം.
ഈ ചെടിയില്‍ കുലകളായുള്ള ചെറിയ വെളുത്ത പൂക്കളുണ്ടാകും. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ ചെറുതും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറത്തോടുകൂടിയതുമായ കായകളുമുണ്ടാകും. വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ശത്രുവെന്നത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതാണ്. കൃത്യമായി നനയ്ക്കണം. വേരുകള്‍ക്ക് ചുറ്റും പുതയിടല്‍ നടത്തിയാല്‍ ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയാം. ഉച്ചയ്ക്കുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഈ പന വളര്‍ത്തരുത്.
വിത്തുകൾ മുളയ്ക്കാനുള്ള അനുയോജ്യമായ താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. വളരെ മാസങ്ങളെടുത്താണ് വിത്തുകള്‍ മുളയ്ക്കുന്നത്. രണ്ടിലകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചെടി മറ്റൊരു പാത്രത്തിലേക്ക് മാറ്റിനടാവുന്നതാണ്. വളരെ ആഴത്തില്‍ വേരുകള്‍ കുഴിച്ചിടരുത്.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments