ആചാരത്തിലും ആയുർവേദത്തിലും പ്രഥമസ്ഥാനമാണ് തുളസിയ്ക്ക്. വീടായാൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകാൻ ഒരു തുളസിത്തറ വേണമെന്നും അതിൽ തുളസി നട്ട് ദിവസവും പരിചരണം നൽകണമെന്നും പറയാറുണ്ട്. ഒട്ടനവധി ഔഷധമൂല്യങ്ങളുള്ള തുളസി പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. അതിനാൽ, മിക്ക രോഗങ്ങളിൽ നിന്നും ശാശ്വത പരിഹാരം നേടാമെന്നതിനാലും വീട്ടിൽ തുളസിയുണ്ടെങ്കിൽ ഐശ്വര്യം തന്നെയാണെന്ന് പറയാം.
ആയുർവേദത്തിലും പൂജ ആവശ്യങ്ങൾക്കും നമ്മുടെ നിത്യജീവിതത്തിലുമെല്ലാം തുളസി പല തരത്തിൽ പ്രയോജനപ്പെടാറുണ്ട്. വീടുകളിൽ മാത്രമല്ല, ക്ഷേത്രപരിസരങ്ങളിലും തുളസി നട്ട് പരിപാലിക്കുന്നു. ചിലന്തി, പഴുതാര പോലുള്ള ക്ഷുദ്രജീവികളിൽ കടിച്ചാൽ തുളസിയിലയും തണ്ടും നീരാക്കി തേക്കുന്നത് ഒരു മരുന്നായി കണക്കാക്കുന്നു.
ഇങ്ങനെ പോഷകങ്ങളാൽ സമ്പന്നമായ തുളസി മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണെന്ന് മിക്കയുള്ളവർക്കും അറിയാം. എന്നാൽ, ഇത് ചർമത്തിനും പ്രയോജനകരമാണെന്ന് അറിയാമോ? അതായത്, തിളങ്ങുന്ന സുന്ദരമായ ചർമമുണ്ടാകാൻ തുളസി സഹായിക്കുന്നു. ഇതിനായി ഒരു പ്രത്യേക രീതിയിൽ, എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന തുളസി പേസ്റ്റാണ് ഉപയോഗിക്കേണ്ടത്. തുളസിയില കൊണ്ടുണ്ടാക്കുന്ന പലതരം കൂട്ടുകൾ മുഖത്ത് പുരട്ടാവുന്നതാണ്. ഇവ എങ്ങനെ തയ്യാറാക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്.
തയ്യാറാക്കുന്ന വിധം
-
തുളസിയില പൊടിയാക്കി ഇതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇതിൽ കുറച്ച് വെള്ളമൊഴിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10 മുതൽ 15 മിനിറ്റിന് ശേഷം ഇത് സാധാരണ വെള്ളത്തിൽ കഴുകുക. ഇതിലൂടെ തിളക്കവും ആരോഗ്യവുമുള്ള ചർമം നിങ്ങൾക്കും സ്വന്തമാക്കാം.
-
തുളസിപ്പൊടിയിൽ നാരങ്ങാനീരിന് പകരം തൈര് ചേർക്കുക. ഇവ രണ്ടും സംയോജിപ്പിച്ച് ലഭിക്കുന്ന മിശ്രിതം മുഖത്തും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും പുരട്ടാവുന്നതാണ്. ഇത് മുഖത്ത് പിടിച്ച് ഉണങ്ങുന്നത് വരെ കാത്തിരിക്കുക. ഇതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. വരണ്ട ചർമത്തിൽ നിന്നുള്ള ഉത്തമ പ്രതിവിധിയാണിത്.
-
ഇനി തൈരില്ലെങ്കിൽ പാൽ കൊണ്ടും തുളസിപ്പൊടി പേസ്റ്റ് ഉണ്ടാക്കാനാകും. തുളസിപ്പൊടിയിലേക്ക് കുറച്ച് പാലൊഴിച്ച് മിശ്രിതമാക്കുക. ഇത് ചർമത്തിൽ പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകുക. ഇതിലൂടെ ചർമം നന്നായി തിളങ്ങുന്നതും മിനുസമുള്ളതാകുന്നതിനും സഹായിക്കും.
-
തുളസിപ്പൊടിയിൽ തക്കാളി ചേർത്തുള്ള പേസ്റ്റും ചർമ സംരക്ഷണത്തിനുള്ള മറ്റൊരു മികച്ച പൊടിക്കൈയാണ്. ഇതിനായി തുളസിപ്പൊടിയിൽ തക്കാളി പേസ്റ്റിട്ട് കുഴമ്പ് പരുവത്തിലാക്കിയ ശേഷം മുഖത്ത് തേച്ച്, 10 മുതൽ 15 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. ശേഷം, സാധാരണ വെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകണം. മുഖക്കുരുവിന് ഒറ്റമൂലിയായി ഈ ആയുർവേദ വിദ്യ പരീക്ഷിക്കാവുന്നതാണ്.
-
തേൻ ആരോഗ്യസംരക്ഷണത്തിനും ചർമത്തിനും നല്ലതാണെന്ന് മിക്കവർക്കും അറിയാം. അതുപോലെ ചെറുപയറാകട്ടെ പൊടിച്ച് മുഖത്ത് തേച്ചാൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ പമ്പ കടത്താം. ഇവ രണ്ടും തുളസിയുടെ ഔഷധമേന്മയ്ക്കൊപ്പം ചേർന്നാൽ സവിശേഷമായ മാറ്റം നിങ്ങളുടെ ചർമത്തിൽ കാണാൻ സാധിക്കും. ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ…
ഇതിനായി, തുളസിപ്പൊടിയിൽ തേനും ചെറുപയർ പൊടിയും ചേർക്കുക. ഇവ ഇളക്കി യോജിപ്പിത്ത ശേഷം ചർമത്തിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ചർമവും മുഖവും തിളങ്ങുമെന്ന് മാത്രമല്ല, ചർമത്തിലെ പൊടിയും മാലിന്യങ്ങളും നീക്കി ആരോഗ്യമുള്ള ചർമം ലഭിക്കാനും ഈ കൂട്ട് പ്രയോജനകരമാണ്.
Share your comments