മീൻ പോലെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും. ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട. കൂടാതെ, പപ്പായയ്ക്ക് ഒപ്പവും ചമ്മന്തിയായും വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്. ചിലർക്ക് ഉണക്കമീനില്ലാതെ ആഹാരം കഴിയ്ക്കാനാവില്ല എന്നും വാശിയുണ്ട്.
എന്നാൽ, ദിവസവും മീൻ കഴിയ്ക്കുന്നത് അത്ര മികച്ച ഓപ്ഷനല്ല. അത് ശരീരത്തിന് പലപ്പോഴും വിനയായിത്തീരുമെന്ന് തന്നെ പറയാം. ദിവസേന ഉണക്കമീൻ കഴിയ്ക്കരുതെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നതിന് പിന്നിലെ കാരണമെന്തെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
നന്നായി കഴുകി വൃത്തിയാക്കി മീൻ ഉപ്പിട്ട് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്.
പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസം കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ.
ബന്ധപ്പെട്ട വാർത്തകൾ: മീനുകള്‍ ജീവനോടെ വാങ്ങാം: മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ
അതുകൊണ്ട് തന്നെ ഉണക്ക മീൻ വാങ്ങുന്നതിന് മുൻപ് അവ നന്നായി നോക്കി വാങ്ങേണ്ടതും അത്യാവശ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും, എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണോ എന്നും പരിശോധിച്ച് വേണം ഉണക്കമീനുകൾ വാങ്ങേണ്ടത്. അതുപോലെ ചെറിയ പാക്കറ്റുകളിൽ ഒന്നും ലഭിക്കുന്ന മീനുകൾ വാങ്ങാതിരിക്കുന്നതും നല്ലതാണ്.
എന്നിരുന്നാലും, ഇവയിലെ മായം നേരിട്ട് അറിയാൻ പ്രയാസമാണ്. കാരണം, ഇവയിൽ ചേർക്കുന്നത് രാസമാലിന്യങ്ങളാണ്. ഇവ സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമാണെന്നതും ഉപ്പിന്റെ രൂക്ഷത മുന്നിട്ടു നിൽക്കുന്നു എന്നതും മായം കണ്ടെത്താൻ പ്രയാസകരമാണ്.
ഉണക്കമീനുകളിൽ ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു. ഉപ്പിന്റെ അംശമില്ലാത്ത ഉണക്ക മീനുകളാവട്ട, താരതമ്യേന ഏറ്റവും വലിയ അപകടകാരിയാണ്.
കാരണം, ഇവയിൽ കെമിക്കലുകളുടെ സാന്നിധ്യം അധികമാണ്. ഇത്തരം കാര്യങ്ങളാൽ, ഉണക്കമീനുകൾ കഴിയ്ക്കാൻ അതിയായി ഇഷ്ടപ്പെടുന്നവർ വീടുകളിൽ തന്നെ മീൻ കഴുകി വൃത്തിയാക്കി ഉപ്പ് ചേർത്ത് ഉണക്കി സൂക്ഷിക്കുന്നതാണ്. കല്ലുപ്പ് ഉപയോഗിച്ചാൽ കൂടുതൽ നല്ലതാണെന്നും പറയുന്നു.
ഉണക്കമീനിലെ ഗുണങ്ങൾ
പച്ച മത്സ്യത്തിന്റെ മിക്ക ഗുണങ്ങളും ഉണക്കമീനിലും ഉറപ്പിക്കാം. ചാള, ചെമ്മീൻ, കൊഴുവ തുടങ്ങിയവയാണ് പ്രധാന ഉണക്കമത്സ്യങ്ങൾ. ഇവ ആരോഗ്യത്തിനും മികച്ച മത്സ്യങ്ങളാണ്. മീനിലെ ഒമേഗ 3 ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഉണക്കമീനിൽ നിന്നും ലഭിക്കും. കൂടാതെ, ആന്റിബോഡികളുടേയും എൻസൈമുകളുടേയും ഉറവിടമായ പ്രോട്ടീന്റെ കലവറയാണ് ഉണക്കമീൻ എന്ന് പറയാം. കലോറി കുറവായതിനാൽ തന്നെ ഭക്ഷണക്രമത്തിൽ കൃത്യമായ അളവിൽ ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിനുകളും ധാതുലവണങ്ങളും ഉണക്കമീനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, പച്ച മത്സ്യം പോലെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളും രക്തയോട്ടവും നാഡീവ്യവസ്ഥയും ക്രമവും ആരോഗ്യവുമുള്ളതാക്കി നിലനിർത്തുന്നതിനും ഉണക്കമീൻ സഹായകരമാണ്.
Share your comments