മിക്കവർക്കും ഇഷ്ടപ്പെട്ട സ്വാദും ആരോഗ്യവും നൽകുന്ന ഭക്ഷണമാണ് തൈര്. തൈരിൽ വെറുതെ ഉപ്പോ പഞ്ചസാരയും മാത്രം ചേർത്ത് കഴിക്കുന്നതിനും പുളുശ്ശേരിയും മോര് കറിയും സലാഡും തയ്യാറാക്കി കഴിക്കുന്നതിനും ഇഷ്ടമുള്ളവരുമുണ്ട്.
ഉച്ചഭക്ഷണത്തിലും രാത്രി റൊട്ടിയോടൊപ്പവുമൊക്കെ തൈര് കഴിയ്ക്കാറുണ്ട്. കൂടാതെ, വേനൽക്കാലത്തും മറ്റും തൈര് കൊണ്ടുള്ള ലസ്സി കുടിക്കുന്നത് ആരോഗ്യകരമാണെന്ന് പറയുന്നു. തൈരിൽ അൽപം പഴങ്ങളും സാലഡ് വെള്ളരിയുമെല്ലാം ചേർത്ത് കഴിച്ചാലും അത് പോഷകഗുണങ്ങൾ നൽകുന്നതിന് സഹായിക്കുമെന്നും പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പാല്‍ അമിതമായി കുടിച്ചാൽ ഹാനികരം
എന്നാൽ, ചില രീതിയിൽ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയാറുണ്ട്. നിങ്ങൾ പ്രതീക്ഷിക്കാത്ത ഫലങ്ങൾ അതിൽ നിന്നും ലഭിക്കില്ലെന്നും ആരോഗ്യത്തിന് അത് ഹാനികരമാകുമെന്നും ആരോഗ്യ വിദഗ്ധരും പറയുന്നു.
ഇങ്ങനെ തൈര് ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കഴിച്ചാലാണ് ആരോഗ്യത്തിന് അപകടമാകുന്നതെന്ന് നോക്കാം…
-
ഉള്ളി, തൈര് (Onion and curd)
തൈരും ഉള്ളിയും ഒരുമിച്ച് കഴിയ്ക്കുന്നത് നല്ലതല്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുകയോ ഭക്ഷണ വിഭവമായി തയ്യാറാക്കുകയോ ചെയ്താൽ അത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല. കാരണം, ഈ കൂട്ട് ചർമത്തിൽ തിണർപ്പിന് കാരണമാകും.
-
പാലും തൈരും (Milk and curd)
പാലിലും തൈരിലും പ്രോട്ടീൻ കൂടുതൽ അളവിൽ കാണപ്പെടുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ അത് ഉദര പ്രശ്നങ്ങളിലേക്ക് നയിക്കും. വയറ്റിൽ ഗ്യാസ്, അസിഡിറ്റി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്കും പാലും തൈരും ഒരുമിച്ച് കഴിയ്ക്കുന്നത് കാരണമാകും.
-
ഉഴുന്നും തൈരും (Urad and curd)
പയറും തൈരും ഒന്നിച്ച് കഴിയ്ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു പ്രശ്നവുമുണ്ടാകില്ല. എന്നാൽ ഉഴുന്നിനൊപ്പം തൈര് കഴിയ്ക്കുന്നത് ഒഴിവാക്കണം. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വയറിളക്കം, വയർ വേദന പോലുള്ള ഉദര പ്രശ്നങ്ങൾക്ക് കാരണമാകും.
-
മാങ്ങയും തൈരും (Mango and curd)
നിങ്ങൾ സ്മൂത്തിയിലോ ഫ്രൂട്ട് സാലഡിലോ മാമ്പഴവും തൈരും കലർത്തി കഴിയ്ക്കാറുണ്ടായിരിക്കാം. എന്നാൽ ഇവ രണ്ടും ചേർത്ത് കഴിച്ചാൽ അത് ആരോഗ്യത്തിന് നല്ലതല്ല. മാമ്പഴം ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുകയും തൈര് വിപരീതമായി ശരീരത്തിനെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരുമിച്ചു കഴിയ്ക്കുമ്പോൾ വയറിന് മാത്രമല്ല, ചർമ കോശങ്ങൾക്കും ഇത് ദോഷം ചെയ്യും.
ഇതുകൂടാതെ, തൈരിൽ ഉപ്പിട്ട് കഴിയ്ക്കുന്ന ശീലവും പ്രശ്നമാകാൻ സാധ്യതയുള്ളതാണ്. മിക്കവരും തൈരിൽ ഉപ്പിടുകയോ അല്ലെങ്കില്‍ ചോറില്‍ തൈരിനൊപ്പം ഉപ്പു ചേർക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് തൈരിന്റെ ഗുണം ഇല്ലാതാക്കുക മാത്രമല്ല, ശരീരത്തിന് കൂടുതൽ ദോഷകരമാവുകയാണ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഈ പഴങ്ങൾ നല്ലതല്ല, കഴിവതും ഒഴിവാക്കുക
അതായത്, തൈരില്‍ ഉപ്പു ചേര്‍ത്താൽ ഇതിലുള്ള ലാക്ടോബാസില്ലസ് എന്ന ബാക്ടീരിയ നശിക്കും. നശിച്ച ബാക്ടീരിയകള്‍ വയറ്റിലെത്തുന്നത് ഉദരപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാൽ, തൈരിൽ പഞ്ചസാരയിട്ടു കഴിയ്ക്കുന്നത് നല്ലതാണ്. ഉപ്പ് ഇട്ട് കഴിയ്ക്കുന്നവർ പഞ്ചസാരയിലേക്ക് മാറുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
Share your comments