1. Environment and Lifestyle

സ്ഥലപരിമിതിയുള്ളവർക്ക് വീട്ടിനകത്തും ചെറിയ പൂന്തോട്ടമുണ്ടാക്കാം

സ്ഥലപരിമിതിയുള്ളവർക്കും, ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്കും വീട്ടിനുള്ളില്‍ മനോഹരമായ ടെറേറിയം നിര്‍മ്മിച്ച് വീട് അലങ്കരിക്കാം. കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗിച്ച് വീട്ടിനുള്ളില്‍ ചെടി വളര്‍ത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാം. ഗ്ലാസ് പാത്രവും വളര്‍ത്താനുള്ള ചെടികളും അലങ്കാര വസ്തുക്കളുമുണ്ടെങ്കില്‍ ഈ കുഞ്ഞു പൂന്തോട്ടം നിർമ്മിക്കാം

Meera Sandeep
Terrarium
Terrarium

സ്ഥലപരിമിതിയുള്ളവർക്കും, ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്കും വീട്ടിനുള്ളില്‍ മനോഹരമായ ടെറേറിയം നിര്‍മ്മിച്ച് വീട് അലങ്കരിക്കാം.  കുറച്ചു സാധനങ്ങൾ  മാത്രം ഉപയോഗിച്ച് വീട്ടിനുള്ളില്‍ ചെടി വളര്‍ത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാം. ഗ്ലാസ് പാത്രവും വളര്‍ത്താനുള്ള ചെടികളും അലങ്കാര വസ്തുക്കളുമുണ്ടെങ്കില്‍ ഈ കുഞ്ഞു പൂന്തോട്ടം നിർമ്മിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പൂന്തോട്ടം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിനകത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത സ്ഥലത്തു വേണം ടെറേറിയം നിര്‍മ്മിക്കാൻ. എ.സി ഉള്ള മുറിയില്‍ ടെറേറിയം വെക്കരുത്. വളരുന്ന ചെടികളെ പൊടി, പുക, വാതകങ്ങള്‍, പെട്ടെന്നുള്ള താപവ്യതിയാനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ ടെറേറിയത്തിന് കഴിയും. പൂര്‍ണമായും അടച്ചു സൂക്ഷിക്കുന്ന ടെറേറിയത്തിനകത്തുള്ള ഈര്‍പ്പം റീസൈക്കിള്‍ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വെള്ളം ചെടി വലിച്ചെടുക്കുകയും ഇലകള്‍ വഴി ചുറ്റുമുള്ള വായുവിലേക്ക് ഈര്‍പ്പത്തിന്റെ അംശം പുറന്തള്ളുകയും ചെയ്യുന്നു. ഈ ഈര്‍പ്പം ഗ്ലാസ് പാത്രത്തിനുള്ളില്‍ നിന്ന് പുറത്തുപോകാനാകാതെ വീണ്ടും ജലകണികകളായി പോട്ടിങ്ങ് മിശ്രിതത്തിലേക്ക് തന്നെ തിരിച്ചു വരുന്നു. ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു.

തയ്യാറാക്കേണ്ട വിധം

ടെറേറിയം തയ്യാറാക്കാന്‍ ചില്ലുപാത്രം തന്നെ വേണമെന്നില്ല. തിരഞ്ഞെടുക്കുന്ന പാത്രത്തിന്റെ അടിയില്‍ 1 മുതല്‍ 2.5 സെ.മീ ഉയരത്തില്‍ ചെറിയ കല്ലുകള്‍ ഇടുക. ഏകദേശം 55 മുതല്‍ 85 ഗ്രാം ചാര്‍ക്കോള്‍ യോജിപ്പിക്കുക. ഇത് ബ്ലോട്ടിങ്ങ് പേപ്പര്‍ അല്ലെങ്കില്‍ ദിനപ്പത്രം ഉപയോഗിച്ച് മൂടിവെക്കുക. ഇതിലേക്ക് അഞ്ച് സെ.മീ ഉയരത്തില്‍ പോട്ടിങ്ങ് കമ്പോസ്റ്റ് നിറയ്ക്കുക. ഈ പോട്ടിങ്ങ് മിശ്രിതത്തിന്റെ 25 ശതമാനം അധികം ചകിരിച്ചോറ് ചേര്‍ക്കുക. എല്ലാം കൂടി അമര്‍ത്തിയ ശേഷം നനയ്ക്കുക. ഒരു ദിവസം ഇത് ഇങ്ങനെ തന്നെ വെക്കുക. അതിനുശേഷം മാത്രം ചെറിയ ചെടികള്‍ നടാം. വളരെ പതുക്കെ മാത്രം വളരുന്ന ഇനങ്ങള്‍ വേണം തെരെഞ്ഞുടുക്കാൻ.  അമിതമായി നനച്ചാല്‍ വേര് ചീയലുണ്ടാകും. വെള്ളം ബാഷ്പീകരിച്ച് പോകാന്‍ സാധ്യതയില്ലാത്തതാണ് കാരണം.

നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചെടികള്‍ നടാം. ഉയരമുള്ള ചെടികള്‍ക്ക് ടെറേറിയത്തിന്റെ മുന്‍വശത്ത് സ്ഥാനം നല്‍കുന്നതിനേക്കാള്‍ പുറകുവശത്തായി നടുന്നതാണ് നല്ലത്. ഉയരം കുറഞ്ഞ് വളരുന്ന ചെടികള്‍ മുന്‍വശത്തായി നടാം. അങ്ങനെയാകുമ്പോള്‍ ടെറേറിയത്തിലെ മുഴുവന്‍ ചെടികളെയും ഒരുപോലെ കാണാന്‍ കഴിയും.

ടെറേറിയത്തിന് യോജിച്ച ചെടികള്‍: പെപ്പറോമിയ; ഫിറ്റോണിയ; ക്ലോറോഫൈറ്റം അഥവാ സ്‌പൈഡര്‍ പ്ലാന്റ്; ക്രിപ്റ്റാന്തസ്; പന്നച്ചെടി അഥവാ ചിത്രപ്പുല്ല്; ആഫ്രിക്കന്‍ വയലറ്റ്; മൊസൈക്ക് ചെടി; ബെഗോണിയ;റിബ്ബണ്‍ ചെടി (ഡ്രസീന); ലക്കി ബാംബു; സാന്‍സിവേറിയ; സക്കുലന്റ് ഇനങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില്ലുപാത്രം വെളിച്ചമുള്ള സ്ഥലത്ത് വെക്കണം. പക്ഷേ, നേരിട്ട് സൂര്യപ്രകാശമേല്‍ക്കരുത്. ചെടി നടുന്നതിന് മുമ്പ് കീടങ്ങളും അസുഖങ്ങളുമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ഡ്രിഫ്റ്റ് വുഡ് ഉപയോഗിക്കാം.

രണ്ടു തരത്തിലാണ് ടെറേറിയമുള്ളത്. ചില്ലുഭരണിയില്‍ അടച്ചുസൂക്ഷിക്കുന്ന ചെടികളാണ് പലരും ഇഷ്ടപ്പെടുന്നത്. പകുതി തുറന്ന പാത്രത്തിലും ടെറേറിയം ഒരുക്കാം. പകുതി തുറന്ന ടെറേറിയത്തില്‍ ഈര്‍പ്പം അധികം തങ്ങിനില്‍ക്കില്ല. ഉള്ളില്‍ ചൂടും കൂടുതലുണ്ടാകില്ല.

വെള്ളാരംകല്ലുകളും മാര്‍ബിള്‍ കഷണങ്ങളും രണ്ട് അടുക്കുകളായി ചില്ലുഭരണിയില്‍ നിരത്തിയും ടെറേറിയം തയ്യാറാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മരക്കരിയുടെ കഷണങ്ങള്‍ ഇതിന് മുകളില്‍ നിരത്തണം. ഈ മരക്കരിയുടെ മുകളില്‍ ചകിരിച്ചോറും മണലും മണ്ണിരക്കമ്പോസ്റ്റും കലര്‍ത്തിയ പോട്ടിങ്ങ് മിശ്രിതം നിറച്ച് ചെടി നടുന്ന രീതിയുമുണ്ട്.

അടച്ചു സൂക്ഷിക്കുന്ന ടെറേറിയത്തിലെ ഇലകളുടെ അറ്റം കരിഞ്ഞാല്‍ ചൂട് കൂടുതലാണെന്ന് മനസിലാക്കാം. ഇതിന്റെ അടപ്പ് ആഴ്ചയിലൊരിക്കല്‍ തുറന്ന് വായുസഞ്ചാരം നല്‍കണം. അതുപോലെ ചില്ലിന്റെ വശങ്ങളിലുള്ള ഈര്‍പ്പം പഞ്ഞി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.

English Summary: Those who have limited space can make a terrarium at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds