വായും പല്ലും നാവും ഒക്കെ തന്നെ നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളാണ്. വേദന വന്നു കഴിയുമ്പോഴാണ് പല്ലിന്റെ പ്രാധാന്യം നാം മനസിലാക്കുന്നത്. എന്നാൽ ദന്തരോഗങ്ങളുടെ അവസാന ഘട്ടമാണ് പല്ലുവേദന. പല്ലിനിടയിലും മോണയിലും ആഹാര സാധനങ്ങൾ അടിഞ്ഞുകൂടുമ്പോഴാണ് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും മോണയിൽ നിന്ന് രക്തം വരുന്നതും. ഇത് മോണരോഗത്തിന്റെ ആദ്യ ലക്ഷണമാണ്.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം തേടി ദൂരെയെങ്ങും പോകണ്ട, നമ്മുടെ അടുക്കള വരെ ചെന്നാൽ മതി. നല്ല ചിരിക്കും മികച്ച സംഭാഷണങ്ങൾക്കും വായുടെ ആരോഗ്യം പ്രധാനമാണ്. അതിൽ വിട്ടുവീഴ്ച പാടില്ല.
ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും
വെളുത്തുള്ളി (Garlic)
വായിലെ അണുക്കളെ നശിപ്പിക്കാനും വേദന കുറയ്ക്കാനും വെളുത്തുള്ളിയേക്കാൾ വലിയ മാർഗം വേറൊന്നുമില്ല. ഒരു വലിയ അല്ലി വെളുത്തുള്ളി ചതച്ച് അതിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് വേദനയുള്ള പല്ലിനു മുകളിൽ വയ്ക്കുക. വേദന ഞൊടിയിടയ്ക്കുള്ളിൽ മാറും. വെളുത്തുള്ളി അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുന്നതും പല്ലുകൾക്കും മോണകൾക്കും ഉത്തമമാണ്.
ഗ്രാമ്പൂ (Clove)
പല്ലുവേദനയ്ക്കുള്ള പരമ്പരാഗത പരിഹാരമാണ് ഗ്രാമ്പൂ. വെറും രണ്ട് ഗ്രാമ്പൂ പൊടിച്ചെടുത്ത ശേഷം ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് പല്ലുവേദന വരുന്ന ഭാഗത്ത് വയ്ക്കുന്നത് ഫലപ്രദമാണ്. ടൂത്ത് പേസ്റ്റുകളുടെ നിർമാണത്തിനും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ തൈലം പല്ലിൽ പുരട്ടുന്നത് വേദന കുറയ്ക്കുകയും, തൈലം ചൂടുവെള്ളത്തിൽ ചേർത്ത് വായിൽ കൊള്ളുന്നത് വായ്നാറ്റം അകറ്റാനും സഹായിക്കുന്നു.
കുരുമുളക് (Pepper)
മോണയെ ശക്തിപ്പെടുത്താനും പല്ലിന്റെ വേദന കുറയ്ക്കാനും കുരുമുളക് മിശ്രിതം വളരെ നല്ലതാണ്. കുരുമുളക് പൊടിയിൽ കുറച്ച് ഉപ്പ് ചേർക്കുക. ശേഷം വെള്ളമൊഴിച്ച് ഇത് മിശ്രിതമാക്കി വേദനയുള്ള പല്ലിന്റെ ഭാഗത്ത് വയ്ക്കുക. പൊടിച്ചെടുത്ത കുരുമുളകും മഞ്ഞളും ഒരേ അളവിലെടുത്ത് മോണയിൽ പുരട്ടുന്നതും വായുടെ ആരോഗ്യത്തിന് നല്ലതാണ്.
ഐസ് കട്ടയും ഉപ്പുവെള്ളവും (Ice and Salt Water)
പെട്ടെന്നുള്ള പല്ലുവേദനയ്ക്ക് പരിഹാരമായി കുറച്ച് ഐസെടുത്ത് അത് തൂവാലിൽ പൊതിഞ്ഞ് വേദനയുള്ള ഭാഗത്തെ കവിളിൽ കുറച്ചുനേരം മാറ്റാതെ പിടിക്കുക. ഇത് ഏറെക്കുറെ കഠിനമായ വേദനയെ ശമിപ്പിക്കും.
അതുപോലെ തന്നെ വേദനയെടുക്കുന്ന സമയത്ത് ഉപ്പുവെള്ളം കൊള്ളുന്നതും മികച്ച പ്രതിവിധിയാണ്. ദിവസേന രണ്ടോ മൂന്നോ തവണ ഉപ്പുവെള്ളം ഉപയോഗിച്ച് വായ് കഴുകുന്നത് നല്ലതാണ്.
പേരയില (Guava leaves)
പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വായ് കഴുകുന്നത് പല്ലിനും മോണയ്ക്കും നല്ലതാണ്. പേരയുടെ തളിരില ഉപ്പും ചേർത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ മിക്സ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് വായ്നാറ്റം അകറ്റുകയും വേദനയ്ക്ക് ശമനവും നൽകുന്നു.
Share your comments