ചിക്കറി എന്ന ഈ ചെടിയെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ചിക്കറി ലഭിക്കുന്നത് നീലപ്പൂക്കളുള്ള ബഹുവര്‍ഷിയായ ചെടിയില്‍ നിന്നാണ്. കൂടുതല്‍ പരിചരണമൊന്നും ആവശ്യമില്ലാത്ത ഈ ചെടി ഇലകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്. ഫില്‍ട്ടര്‍ കോഫിയില്‍ ഏകദേശം മുപ്പത് ശതമാനത്തോളം ചിക്കറി അടങ്ങിയിരിക്കുന്നു. മിക്കവാറും എല്ലാത്തരം പ്രദേശങ്ങളിലും ചിക്കറി ചെടി വളരുന്നു.
ശീതകാലത്താണ് നല്ല വിള ലഭിക്കുന്നത്. ഇന്ത്യയില്‍ വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമേ ചിക്കറി ഉത്പാദിപ്പിക്കുന്നുള്ളു. ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ചിക്കറി ഉത്പാദനത്തിന്റെ 97 ശതമാനവും നടക്കുന്നത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണിലാണ് ഇത് നന്നായി വളരുന്നത്. കാരറ്റ്, സവാള, തക്കാളി, കടുക്, നിലക്കടല, ബീന്‍സ് എന്നിവയെല്ലാം വളര്‍ത്തുന്ന അതേ മണ്ണും കാലാവസ്ഥയും സാഹചര്യവുമാണ് ചിക്കറിക്കും ആവശ്യം.
രണ്ടു തരത്തിലുള്ള ചിക്കറിയുണ്ട്. അതിൽ ചിക്കറി ഗ്രീന്‍സ് വളര്‍ത്തുന്നത് ഇലകള്‍ക്ക് വേണ്ടിയും റൂട്ട് ചിക്കറി വളര്‍ത്തുന്നത് കാപ്പിയില്‍ ചേര്‍ക്കാനും ഔഷധ സസ്യമായുമാണ്. വിറ്റ്‌ലൂഫ് (Witloof) എന്നറിപ്പെടുന്ന ഇനം വലിയ വേരുകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ കാപ്പിയില്‍ ഉപയോഗപ്പെടുത്താനായാണ് കൃഷി ചെയ്യുന്നത്. ഇലകള്‍ക്ക് വേണ്ടി വളര്‍ത്തുന്ന ഇനങ്ങളാണ് റോസ ഡി ട്രെവിസോ (Rossa di treviso), റോസ ഡി വെറോണ (Rossa di verona), ഫയര്‍ബേര്‍ഡ് (Firebird) എന്നിവ.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പിയിൽ കറുവാപ്പട്ട; കുടിച്ചാൽ ഗുണങ്ങൾ പലത്
കളകള്‍ പറിച്ചു കളയണം. നല്ല നീരൊഴുക്കുള്ള സ്ഥലത്തായിരിക്കണം ചിക്കറി വളർത്തേണ്ടത്. ജൈവവസ്തുക്കൾ അടങ്ങിയ മണ്ണാണ് ചിക്കറി കൃഷി ചെയ്യാന്‍ ആവശ്യം. നല്ല സൂര്യപ്രകാശം ലഭിക്കണം. ഏകദേശം 7-24 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കണം അന്തരീക്ഷ താപനില. 85 മുതല്‍ 100 ദിവസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പ് നടക്കുന്നത്. വേരുകള്‍ക്ക് വേണ്ടിയാണ് വളര്‍ത്തുന്നതെങ്കില്‍ നല്ല വെയിലുള്ള സ്ഥലത്തും ഇലകള്‍ക്ക് വേണ്ടിയാണെങ്കില്‍ പകുതി തണലുള്ള സ്ഥലത്തുമാണ് വളര്‍ത്തേണ്ടത്. തുള്ളിനനയാണ് അഭികാമ്യം.
25 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വിത്ത് മുളപ്പിക്കാനാവശ്യമായ അനുകൂലമായ താപനില . ഏറ്റവും കുറഞ്ഞ താപനിലയായി എട്ട് ഡിഗ്രിയും പരമാവധി താപനിലയായി 30 ഡിഗ്രിയുമുള്ള സ്ഥലത്തും ചിക്കറി വളര്‍ത്താം. ചിക്കറിയുടെ വിത്തുകള്‍ 9 ഇഞ്ച് മുതല്‍ 1.5 അടി വരെ അകലത്തിലും 1.5 ഇഞ്ച് ആഴത്തിലുമാണ് വിതയ്ക്കുന്നത്. മുളയ്ക്കാനുള്ള കാലയളവ് രണ്ടു മുതല്‍ നാല് ആഴ്ചയാണ്. ഇളം ഇലകള്‍ ഏഴ് ആഴ്ചകള്‍ക്ക് ശേഷം വിളവെടുക്കാം. പച്ചയായി കഴിക്കാനാണെങ്കില്‍ ഇലകളുടെ മധ്യഭാഗത്തുള്ള നാര് കട്ടികൂടുന്നതിന് മുമ്പ് പറിച്ചെടുക്കണം. വേരുകളാണ് വിളവെടുക്കുന്നതെങ്കില്‍ തണുപ്പുകാലത്ത് ചെയ്യരുത്. തണുപ്പ് കൂടുമ്പോള്‍ വേരുകളുടെ വലുപ്പവും ഗുണവും കൂടുമെന്നതിനാല്‍ ഈ കാലാവസ്ഥ കഴിഞ്ഞ് വേനലിന് തൊട്ടുമുമ്പ് വിളവെടുക്കുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
സാധാരണയായി കീടാക്രമണം കുറവാണ്. ഒച്ചുകളാണ് ശല്യക്കാര്‍. ഈര്‍പ്പമുള്ള സാഹചര്യത്തില്‍ ഇലകള്‍ അഴുകിപ്പോകുന്നതും പ്രശ്‌നമാണ്. ഫ്യൂസേറിയം വില്‍റ്റ് എന്ന കുമിള്‍ കാരണം ഇലകള്‍ മഞ്ഞയായി മാറാം. ആന്ത്രാക്‌നോസ് ബാധിച്ചാല്‍ ഇലകളില്‍ ചാരനിറത്തിലുള്ള കുത്തുകളുണ്ടാകാം. ഇലകളുടെ അടിഭാഗത്ത് മുഞ്ഞകളുണ്ടായാല്‍ ചെടി പൂര്‍ണമായും നശിപ്പിക്കും. മുഞ്ഞകള്‍ വളരുന്ന ഭാഗം കൊമ്പുകോതല്‍ നടത്തി വെട്ടിമാറ്റിക്കളയണം.
ചെടിക്ക് 12 മുതല്‍ 18 വരെ ഇഞ്ച് വലുപ്പമായാല്‍ ഇലകള്‍ വിളവെടുക്കാം. ഇലകള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരാഴ്ചത്തോളം കേടുവരാതെ സൂക്ഷിക്കാം. വേരുകള്‍ വേനല്‍ക്കാലം കഴിയുമ്പോഴാണ് വിളവെടുക്കുന്നത്.
Share your comments