എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന വിളയാണ് കരിമ്പ്. പ്രധാനമായും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കരിമ്പ് കൂടുതലായി കൃഷി ചെയ്യുന്നത്. ഫെബ്രുവരി മാസത്തോടെ സമതലപ്രദേശങ്ങളിൽ നടീൽ പൂർത്തീകരിച്ചാൽ നല്ല വിളവ് ലഭ്യമാകും. മലമ്പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഉത്തമം.
കൃഷിരീതി
നല്ലവണ്ണം ഉഴുത് നിരപ്പാക്കിയ സ്ഥലത്ത് 75 സെൻറീമീറ്റർ അകലത്തിലും 25 സെൻറീമീറ്റർ താഴ്ചയുമുള്ള പാത്തികൾ ഒരുക്കി കൃഷി ആരംഭിക്കാം. മധ്യകാല ഇനങ്ങൾക്ക് 90 സെൻറീമീറ്റർ അകലം ആണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: കരിമ്പ് നടുന്ന വിധമറിയാം
രോഗ വിമുക്തമായ കരിമ്പിന്റെ മുകളിലത്തെ മൂന്നിലൊന്ന് ഭാഗത്തിൽ നിന്ന് എടുക്കുന്ന മൂന്ന് കണ്ണുകൾ വീതമുള്ള കഷ്ണങ്ങൾ നടീൽ വസ്തുവായി തെരഞ്ഞെടുക്കാം. നടുന്നതിന് മുൻപ് ഏതെങ്കിലും കുമിൾനാശിനിയിൽ അതിൻറെ തലക്കങ്ങൾ മുക്കുന്നത് നല്ലതാണ് കൃഷിക്ക് ഒരുക്കിയ സ്ഥലത്ത് ഒന്നിനുപുറകെ ഒന്ന് എന്ന ക്രമത്തിൽ ഇവ കിടത്തി നടുക. മുകുളങ്ങൾ വശങ്ങളിലേക്ക് വരത്തക്കവിധം തലക്കങ്ങൾ നടുക. അടിവളമായി കമ്പോസ്റ്റ് അല്ലെങ്കിൽ കാലിവളം ചേർത്താൽ നല്ലതാണ്. നിലമൊരുക്കുന്നതിനുമുൻപ് കുമ്മായം ചേർത്ത് മണ്ണ് സൂര്യതാപീകരണം നടത്തേണ്ടത് രോഗ സാധ്യതകളെ കുറയ്ക്കുവാൻ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കരിമ്പ് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ
പാലക്കാട് ജില്ലയിൽ കറുത്ത പരിത്തി മണ്ണുള്ള കൃഷി ഇടങ്ങളിൽ കരിമ്പ് കൃഷിചെയ്യുമ്പോൾ ഹെക്ടറിന് 60 കിലോഗ്രാം സൾഫർ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. കൂടാതെ ഇവിടങ്ങളിൽ കർഷകർ കരിമ്പ് നടുന്നതിന് മുൻപ് തലക്കങ്ങൾ 500 ഗ്രാം അസോസ്പൈറില്ലം എന്ന ജീവാണുവളത്തിൽ മുക്കി നടുക. കൂടാതെ ഹെക്ടറൊന്നിന് 5 കിലോഗ്രാം വീതം മണ്ണിൽ ചേർക്കുകയും ചെയ്യുന്നു.
മറ്റു പരിചരണ രീതികൾ
ഇതിന് ഇടവിളയായി പയർ കൃഷി ചെയ്യാവുന്നതാണ്. ജലസേചിത കൃഷിയിൽ പയറുവർഗ്ഗ വിളകൾ കൃഷി ചെയ്യുന്നത് മികച്ച വിളവിന് കാരണമാകുമെന്ന് കർഷകർ പറയുന്നു. കരിമ്പ് നടുന്നതിന് ഒരു മാസം മുൻപ് പയർ വിത്ത് വിതച്ചാൽ മതി. ഇടവിള കൃഷി ചെയ്യുന്നതോടൊപ്പം കളനിയന്ത്രണം പ്രധാനമാണ്. കരിമ്പ് 60 ദിവസത്തിന് ശേഷം ഏതെങ്കിലും കളനാശിനി ഉപയോഗപ്പെടുത്തി കളകൾ പൂർണമായി നീക്കം ചെയ്യുക. മഴയുടെ ലഭ്യത അനുസരിച്ചാണ് ജലസേചനം നടപ്പാക്കേണ്ടത്. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ പലതവണ നന നൽകണം പക്ഷേ മുളക്കുന്ന സമയത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഇതിനായി ഓലകൾ ഉപയോഗപ്പെടുത്തി പാത്തികളിൽ പുതയിട്ട് നൽകുക.
സസ്യസംരക്ഷണം
കരിമ്പിൽ ധാരാളമായി കീടരോഗ സാധ്യതകൾ കണ്ടുവരാറുണ്ട്. തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണം കാണുന്ന സമയത്ത് 10 ശതമാനം കാർബാറിൽ വിതറി കൊടുക്കുക. കരിമ്പിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് ഉണങ്ങി പോകുന്നത്. ഇത്തരം തണ്ടുകൾ പൊളിച്ചു നോക്കിയാൽ ഉൾവശത്ത് കറുത്ത ചുവപ്പുനിറം കാണാം. ഇത്തരം രോഗം ബാധിച്ച ചെടികൾ പൂർണമായും നീക്കം ചെയ്യുക. രോഗ ബാധിത പ്രദേശത്ത് നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് വെള്ളമൊഴുക്കാതെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം. ഈ പ്രദേശങ്ങളിൽ നിന്ന് നടീൽവസ്തു മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകരുത്. കരിമ്പ് കൃഷി ചെയ്യുമ്പോൾ നല്ല രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. രോഗംബാധിച്ച വിളയിൽ നിന്ന് ഒരിക്കലും കാലാക്കരിമമ്പ് കൃഷി ആരംഭിക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ: പല രീതികളിലുള്ള കരിമ്പ് കൃഷി ഏതൊക്കെയാണെന്ന് നോക്കാം
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments