ചെടികൾ നടുമ്പോൾ വേര് എളുപ്പത്തിൽ പിടിച്ചു വളരുവാനാണ് റൂട്ടിങ് ഹോർമോൺ ഉപയോഗിക്കുന്നത്.
കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി വളരെ വേഗം വേര് പിടിച്ചു വളർന്നുവരണമെന്നത് അവരുടെ ആവശ്യവും, ആഗ്രഹവുമാണ്. അതിനായി പലരും റൂട്ടിങ് ഹോർമോണുകൾ ഉപയോഗിക്കുന്നുണ്ട്. കടകളിൽ നിന്നും പല പേരിൽ ഇവ ലഭിക്കുമെങ്കിലും ജൈവ റൂട്ടിങ് ഹോർമോണുകളാണ് ഏറ്റവും ഉത്തമം.
ഇത് വളരെ എളുപ്പം വീട്ടിൽ തയാറാക്കാൻ സാധിക്കുന്നതാണ്. ആദ്യം റൂട്ടിങ് ഹോർമോണുകൾ എന്താണ് എന്ന് മനസിലാക്കാം. ചെടികളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു തരം ഹോർമോണാണ് റൂട്ടിങ് ഹോർമോൺ. ഓക്സിൻ ആണ് പ്രധാനമായും ഉൽപ്പാദിപ്പിക്കപ്പെടുന്ന റൂട്ടിങ് ഹോർമോൺ.
റൂട്ടിങ് ഹോർമോൺ തയ്യാറാക്കുന്ന വിധം
റൂട്ടിംഗ് ഹോർമോണുകൾ തയാറാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ കറ്റാർവാഴയുടെ ഇല, കുറച്ചു കറുവപ്പട്ട, അൽപ്പം തേൻ എന്നിവയാണ്. ആദ്യം കറ്റാർവാഴയുടെ ഇലയ്ക്ക് ചുറ്റും ഉള്ള തൊലി പൂർണമായും നീക്കം ചെയ്യുക. നീക്കം ചെയ്‌തു കഴിഞ്ഞു ലഭിക്കുന്ന ജെൽ മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക. ഒരു ടീസ്പൂൺ ലഭിക്കുന്ന രീതിയിൽ കറുവപ്പട്ട പൊടിച്ചതും, ഒരു ടീസ്പൂൺ തേനും ഒഴിച്ച് ഇവ മൂന്നും നന്നായി ഇളക്കുക. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം കറ്റാർവാഴയുടെ ജെൽ പോലെ മിക്സിയിൽ തന്നെ ഇട്ടു അടിച്ചെടുക്കാൻ പാടില്ല. പകരം ഒരു പാത്രം ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.
ഇത്രയും ചെയ്തു കഴിയുമ്പോൾ തന്നെ ഈ മിശ്രിതം റൂട്ടിങ് ഹോർമോൺ ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഉണ്ടാക്കിയ ദിവസം തന്നെ ഇത് ഉപയോഗിക്കേണ്ടതുണ്ട്.
മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പാടില്ല. ശേഷം വേര് പിടിപ്പിക്കേണ്ട കമ്പ് പത്തു മിനിറ്റോളം ഈ മിശ്രിതത്തിൽ മുക്കി വെക്കുക.
Share your comments