വീട്ടിലെ ചെടികൾക്കും പച്ചക്കറിക്കും വളം ഇടാനായി പച്ചച്ചാണകം അന്വേഷിച്ചു നടക്കാറുണ്ട്. പിന്നെ അത് വീട്ടിൽ കൊണ്ടുവന്നു വെയിലത്തിട്ട് ഉണക്കി എടുക്കുന്നു ചെടികൾക്കിടാനായി. ആ ചാണകം നല്ല ജൈവ സമ്പുഷ്ടമാണോ? പച്ചക്കറികൾക്കിടാൻ? അത് പോരാ . ഈ ലോകം മുഴുവൻ അംഗീകരിച്ച ഒരു ജൈവവളമാണ് ചാണകപ്പൊടി എങ്കിൽ കൂടി ചാണകപ്പൊടിയെ ചാണകപ്പൊടിയാക്കിയെടുക്കാൻ കുറച്ചു പ്രോസസ്സ് ഉണ്ട്.
പച്ചച്ചാണകം വെയിലത്ത് ഉണങ്ങിയാൽ അത് ചാണകപ്പൊടി ആകില്ല. നാട്ടിൻപുറങ്ങളിൽ കാലി തൊഴുത്തിന് പുറകിലുള്ള ചാണകക്കുഴിയിൽ നിന്ന് പച്ചചാണകം പുറത്തേക്ക് കോരി ഇട്ടാൽ അവിടെ കിടന്ന് വെയിൽ കൊണ്ടും വീട്ടിലെ കോഴികൾ ചികഞ്ഞുമൊക്കെയാണല്ലോ ചാണക പൊടി ഉണ്ടാക്കുന്നത്.
എന്നാൽ ഇങ്ങനെ വെയിൽ കൊള്ളുന്നതോടുകൂടി അതിലുള്ള ബാക്ടീരിയ പോലെയുള്ള ജീവാണുക്കൾ എല്ലാം നശിച്ചു ജലാംശം വറ്റി ഉണങ്ങി ഉപയോഗശൂന്യമായി പോകുന്നു. അത് വെറും ഉണക്ക ചാണകം( വെറും waste ) അത് വിറകിനു പകരമായി കത്തിക്കാം എന്നുള്ളത് മാത്രമാണ് അതുകൊണ്ടുള്ള ഏക പ്രയോജനം.
അത് വെള്ളത്തിൽ പൊങ്ങിക്കിടക്കും, മണ്ണിൽ മിക്സ് ആകില്ല പറമ്പുകളിലൊക്കെ മാസങ്ങളോളം ഇങ്ങനെ കട്ടയായി കിടക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും, ഇതേപോലെയുള്ള ഉണക്ക ചാണകം കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴുകി നടക്കുന്നതും നമുക്ക് കാണാൻ കഴിയും പ്രത്യേകിച്ചു അതുകൊണ്ട് യാതൊരു ഗുണവും ഇല്ല.
എന്നാൽ പച്ച ചാണകം തണൽ ഉള്ള സ്ഥലങ്ങളിൽ മണ്ണിൽ കൂട്ടി ഇട്ടതിനുശേഷം (സിമൻറ് തറയിലോ ഉറച്ച പ്രതലങ്ങളിൽ ആവരുത്) പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുറമെ പൊതിഞ്ഞ് അതിനുമുകളിൽ മണ്ണിട്ടു മൂടുക. ( പ്ലാസ്റ്റിക് കവറുകൾ ഇടാതെ തന്നെ നേരിട്ടും മണ്ണിട്ട് മൂടാം ) പച്ചച്ചാണകവുമായി ഒരുതരത്തിലുള്ള വായുസഞ്ചാരവും, വെയിലും കൊള്ളാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഏറ്റവും കുറഞ്ഞത് 45 മുതൽ 60 ദിവസം അങ്ങനെ തന്നെ കിടക്കണം. ഈ 60 ദിവസം കൊണ്ട് അതിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനഫലമായി പച്ചച്ചാണകം പൂർണമായും അഴുകുകയും കൂടാതെ അതിലുള്ള ജലാംശം മണ്ണിലേക്ക് വലിഞ് പൂർണമായും ഡ്രൈ ആവുകയും ചെയ്യും. . 45 മുതൽ 60 ദിവസത്തിനുള്ളിൽ മണ്ണും കവറും മാറ്റി നോക്കിയാൽ 100% ജൈവമായ ചാണകപ്പൊടി ആയിരിക്കും നിങ്ങൾക്കു കാണാൻ കഴിയുന്നത്. (ആറുമാസത്തോളം വലിയ വലിയ കുഴികൾ ഉണ്ടാക്കി അതിൽ പച്ചച്ചാണകം നിറച്ച് ഇതേപോലെ വലിയ രീതിയിൽ ചാണക പൊടി ഉണ്ടാക്കുന്നത് ഉത്തരേന്ത്യയിൽ പലസ്ഥലങ്ങളിലും കാണാൻ കഴിയും.)
അപ്പോഴേക്കും അത് പൂർണമായും ജലാംശം വറ്റി പൗഡർ രൂപത്തിൽ ആയിട്ടുണ്ടാവും. ഇതിനാണ് ഗുണമേന്മയുള്ള ചാണകപ്പൊടി എന്ന് പറയുന്നത്. പച്ചില ഉണങ്ങിയതും പച്ചച്ചാണകം ഉണങ്ങിയതും ഏകദേശം ഒരേ നിറം തന്നെയാണ്. പക്ഷേ ഇതിന്റെ നിറം പൂർണ്ണമായും കറുപ്പ് ആയിരിക്കും.ഇതൊരിക്കലും കട്ട കട്ടയായി വെള്ളത്തിൽ പൊങ്ങി കിടക്കില്ല, വളരെ പെട്ടെന്ന് തന്നെ വെള്ളം ഒഴിക്കുമ്പോൾ തന്നെ മണ്ണിൽ അലിഞ്ഞു ചേരും . ഇതിൽ ഉണ്ടാകുന്ന ചെറിയ ചെറിയ ചാണക കട്ടകൾ പോലും വെള്ളത്തിൽ വളരെ പെട്ടെന്ന് അലിഞ്ഞുചേരും. ഇതൊരു നല്ല ജൈവ വളമാണ്. ഈ ചാണകപൊടിയാണ് പച്ചകറികൾക്ക് പറ്റിയ ജൈവ വളം. ഈ ചാണകപ്പൊടി തയ്യാറാക്കിയ സ്ഥലത്ത് ഇട്ട് നന്നായി മിക്സ് ചെയ്യും, ശേഷം നടാൻ ഉദ്ദേശിക്കുന്ന തൈകൾ നടും . ചെടികൾ നാല് അല്ലെങ്കിൽ അഞ്ചുമാസം ആണല്ലോ ലൈഫ്. ഇതിനിടയിൽ ഇതല്ലാതെ വേറെ വളപ്രയോഗത്തിന്റെ യാതൊരു ആവശ്യവും വരുന്നില്ല.
മണ്ണും ഈ ചാണകപ്പൊടിയും സമാസമം മിക്സ് ചെയ്താണ് ചെടിച്ചട്ടികളിലും നിറക്കുന്നത്. ഇങ്ങനെയുള്ള ചാണകപൊടിക്ക് ചെടിച്ചട്ടികളിൽ മണ്ണിൽ ജലാംശം പിടിച്ചുനിർത്താനുള്ള ഒരു പ്രത്യേക കഴിവുണ്ട്. മണ്ണ് എപ്പോഴും സോഫ്റ്റ് ആയിരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.
Share your comments