പച്ചക്കറി കർഷകരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് അവയിലെ വൈറസ്‌ബാധയാണ്. പയർ വർഗ്ഗങ്ങൾ , വെള്ളരിഇനങ്ങൾ, വെണ്ട, മരച്ചീനിവർഗ്ഗങ്ങൾ എന്നിവയിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് കർഷകരുടെ ആധി. മഞ്ഞും വെയിലും ചെറിയ മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥയും ഈ സമയത്തുണ്ടാകുന്ന വിവിധ പ്രാണികളുടെ വർധനവും, നല്ലയിനം വിത്തുകളുടെ അഭാവവും ആണ് ഇതിനെല്ലാം കാരണമായി പറയുന്നത് .
വൈറസ് ഒരു സമയം ബാധിച്ചു കഴിഞ്ഞാൽ ആച്ചെടികളിൽ അസുഖം ഭേദപ്പെടുത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ അത് മറ്റുള്ളവയിലേക്കു പടരാതെ നോക്കുക എന്നതാണ് ആകെയുള്ള പോംവഴി.
വെള്ളരിവർഗങ്ങൾ
വെള്ളരിയുടെ ഇലകൾ ഉണങ്ങുക, ഇലകളിൽ പച്ചയും മഞ്ഞയും കലർന്ന നിറം കാണുക , ഇല മുരടിക്കുക എന്നിവകണ്ടാൽ മനസ്സിലാക്കാം വൈറസ് ബാധയുണ്ടായെന്ന്. കൂടാതെ എത്ര വളമിട്ടിരുന്നാലും കായ്കൾ കുറഞ്ഞു തുടങ്ങും. അതുപോലെ ഉണ്ടാകുന്ന കായ്കൾ വലിപ്പം കുറയുകയും ചെയ്യും.
ഇലകളിലെ ഈ നിറവ്യത്യാസം കാണുമ്പോഴേ അസുഖം ബാധിച്ച ഇലകൾ പിഴുതു മാറ്റുക. വെവ്വേറെ നിൽക്കുന്ന ചെടികൾ ആണെങ്കിൽ അവ പിഴുത് മാറ്റുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യാം. വിത്ത് വാങ്ങുമ്പോൾ നല്ലയിനം തന്നെ നോക്കി വാങ്ങുക. അസുഖം പരത്തുന്ന പ്രാണികളെ നശിപ്പിക്കുകയും ചെയ്യാം. അതിനായി വേപ്പെണ്ണ–-ആവണക്കെണ്ണ–-വെളുത്തുള്ളി മിശ്രിതം തളിക്കാവുന്നതാണ്. അല്ലെങ്കിൽ നിമ്പിസിഡിൻ രണ്ട് മില്ലീലിറ്റർ, ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
പയർവർഗം
പയർ വർഗം വിളകളിൽ കാണുന്ന അസുഖം മൊസൈക്ക് രോഗം ആണ്. അതും വെള്ളരിച്ചെടികളിൽ കാണുന്നത് പോലെ ഇലപ്പരപ്പിൽ പച്ചയും മഞ്ഞയും കലർന്ന നിറത്തിൽ ഇലകൾ കാണുക, ഇല മുരടിക്കുക , കാഫലം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രോഗം ബാധിച്ചു എന്നനുമാനിക്കാം.
വിത്തുകൾ ശേഖരിക്കുമ്പോഴേ ശ്രദ്ധിക്കണം. അതിനായി രോഗമില്ലാത്ത തോട്ടത്തിൽനിന്ന് മാത്രമേ വിത്ത് ശേഖരിക്കാവൂ . രോഗം പരത്തുന്ന പയർ മുഞ്ഞയെയും പേനുകളെയും നശിപ്പിക്കുക. ഇവയെ തടയാൻ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ–- വെളുത്തുള്ളി മിശ്രിതം തളിക്കുക.
വെണ്ട
ഇല ഞരമ്പുകൾ തെളിഞ്ഞു കാണുക, കട്ടി കൂടുക, മഞ്ഞ നിറമാവുക തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോഴേ തീരുമാനിക്കുക വെണ്ടയിൽ രോഗം ബാധിച്ചു എന്ന്. . ഇലയും കായയും ചെറുതാകും മഞ്ഞ കലർന്ന പച്ച നിറമാവുകയും ചെയ്യും. ഉൽപാദനം കുറയുകായും ചെയ്യും.
ആദ്യഘട്ടത്തിൽ രോഗലക്ഷണം കണ്ടവ പിഴുതു മാറ്റുക. രോഗം പരത്തുന്നത് വെള്ളീച്ചയും ഇല തുരപ്പനുമാണ്. രോഗമില്ലാത്ത ചെടിയിൽനിന്നു മാത്രം വിത്തെടുക്കുക, കള നിയന്ത്രണം യഥാസമയം നടത്തുക എന്നിവ പ്രധാനം.നേരത്തെ പറഞ്ഞ ജൈവകീടനാശിനികൾ തളിക്കുകയും ചെയ്യാം. .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീടുകളിൽ കുറ്റികുരുമുളക് പറിക്കേണ്ട വിവിധ സമയങ്ങൾ
Share your comments