കർഷകന്റെ മിത്രമെന്നാണ് മരോട്ടിയെ അറിയപ്പെടുന്നത്. പണ്ട് കർഷകർ പുതയിടാനും ജൈവവളമായും ഉപയോഗിച്ച് പോന്നിരുന്ന മരോട്ടിക്കായ ഇന്ന് ഗൃഹാതുരത്വം ഉണർത്തുന്ന ഓര്മ കൂടിയാണ്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഈ സസ്യവും അതിന്റെ ഫലവും ഇന്നത്തെ കൃഷിക്ക് അത്ര സുപരിചിതമല്ലെന്നു പറയാം.
മലയാളത്തിൽ മരോട്ടിക്കായയുടെ മറ്റൊരു പേര് നീരട്ടി കായ എന്നാണ്. ചാൽമൊഗര എന്ന് ഹിന്ദിയിലും തുവരക, കുഷ്ഠവൈരി എന്നിങ്ങനെ സംസ്‌കൃതത്തിലും ഇത് അറിയപ്പെടുന്നു. തമിഴിൽ മരവത്തായിയെന്നാണ് വിളിക്കുന്നത്. ഹിഡ്‌നോകാർപ്പസ് വൈറ്റിയാന എന്നാണ് ശാസ്ത്രനാമം.
ഇന്നും മരോട്ടിക്കായയെ കുറിച്ചു പറയുമ്പോൾ പഴമക്കാർക്ക് പറയാനുള്ളത് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നത് ഇതിന്റെ എണ്ണ ആയിരുന്നു എന്നതാണ്. അതായത് മണ്ണെണ്ണ വരുന്നതിന് വളരെ മുമ്പാണിത്.
മരോട്ടിക്കായയുടെ എണ്ണക്ക് വേറെയുമുണ്ട് ഗുണങ്ങൾ. ചർമ്മരോഗങ്ങൾക്ക് ഉത്തമമാണിത്. കുഷ്ഠ രോഗ ചികിത്സക്കും ഉപയോഗിക്കാറുണ്ട്.
മരോട്ടിയുടെ പ്രത്യേകതകൾ
കേരളത്തിൽ മഴ നന്നായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് മരോട്ടി മരം പൊതുവെ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലും അസമിലെ നിത്യഹരിതവനങ്ങളിലും തണുപ്പു പ്രദേശങ്ങളിലും മരോട്ടിയെ വ്യാപകമായി കാണാം.
10മുതൽ 15 മീറ്റർ വരെയാണ് മരോട്ടിയുടെ ഉയരം. ഇതിന്റെ തൊലിയുടെ നിറം കറുപ്പാണ്. ഇല വളരെ മൃദുവായതും 15 സെന്റി മീറ്റർ നീളവും, ശരാശരി ആറു സെ.മീ വീതിയുമുള്ളതാണ്. ഒരു ചെറിയ മധുര നാരങ്ങയുടെ വലിപ്പത്തിൽ തവിട്ട് നിറത്തിലാണ് ഇവയുടെ ഫലം കണ്ടുവരുന്നത്.
കായ് പൊട്ടിച്ച് അതിലുള്ള വിത്തിലുള്ള വഴുവഴുപ്പു മാറാൻ ചാരത്തിൽ പൊതിഞ്ഞ് ഒരു ദിവസം വച്ചതിന് ശേഷം കഴുകി വെയിലിലോ പുകയിലോ ഉണക്കിയെടുക്കണം. കൊപ്ര ഉണക്കുന്നത് പോലെയാണ് ഉള്ളിലെ കുരു ഉണക്കി എടുക്കേണ്ടത്. ഉണക്കിയതിന് ശേഷം കട്ടിയുള്ള തൊണ്ട് പൊട്ടിച്ച് കുരു എടുത്ത് ആട്ടി എണ്ണയാക്കി ഉപയോഗിക്കുന്നു.
കൃഷിയിടത്തിൽ മരോട്ടിയുടെ ഉപയോഗങ്ങൾ
വേപ്പു പോലെ മരോട്ടിയുടെയും പല ഭാഗങ്ങളും കർഷകന് പ്രയോജനപ്രദമാണ്. കൃഷിയിടങ്ങളിൽ വിളകൾക്ക് പുതയിടാനും ജൈവവളമായും മരോട്ടി അടിമുടി ഉപയോഗിക്കാം. കൃഷിയിടത്തിലെ ചിതൽശല്യമില്ലാതാക്കാനും നിമാ വിരയുടെ ആക്രമണം നേരിടാനും ഉത്തമം.
മരോട്ടിയെ ജൈവവളമായി ഉപയോഗിച്ചുകൊണ്ട് തെങ്ങിന്റെ ചെന്നീരൊലിപ്പ്, കുരുമുളകിന്റെ ദ്രുതവാട്ടം എന്നിവയെ ഫലപ്രദമായി തടയാനാകും. ഇത്രയധികം പ്രയോജനങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ന് മരോട്ടിയുടെ ഉപയോഗം താരതമ്യേനെ കുറഞ്ഞുവരുന്നു.
കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴു എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ മരോട്ടിക്കായയുടെ എണ്ണയോ എണ്ണയെടുത്തതിനുശേഷമുള്ള പിണ്ണാക്കോ ഉപയോഗിക്കാം.
മരോട്ടിക്കായയുടെ കായ പൊളിച്ചെടുക്കുന്ന പരിപ്പ് ചതച്ച് തിളപ്പിച്ച് കുറുക്കി എടുക്കുന്നവെള്ളം കീടനാശിനിയാണ്. ഏറ്റവും ചെലവുകുറഞ്ഞ ഒരു ജൈവപ്രതിരോധമാർഗമായി കുരുമുളകു കർഷകർ ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കുരുമുളകിന്റെ താങ്ങുകാലുകളിൽ കാണപ്പെടുന്ന ഉറുമ്പിനെയും ചിതലിനെയും നശിപ്പിക്കാൻ മരോട്ടിയെണ്ണ എമെൽഷനാക്കി തളിക്കാം. പയർചെടിയിൽ കാണപ്പെടുന്ന കറുത്ത എറുമ്പ്, ചിതൽ, എന്നിവയെ അകറ്റുന്ന ജൈവ പ്രതിരോധം കൂടിയാണിത്.
കുഷ്ഠരോഗമുള്ളവർ 12 മില്ലി മരോട്ടിയെണ്ണ മൂന്നോ അഞ്ചോ ദിവസം കുടിച്ച് വയറിളക്കുകയും തുടർന്ന് 5 മില്ലി മരോട്ടിയെണ്ണ പഥ്യമനുസരിച്ച് ദിവസേന സേവിക്കുന്നതും നല്ലതാണ്.
ഇതിനു പുറമെ നേത്രരോഗ ശമനങ്ങൾക്കായി മരോട്ടിക്കായയുടെ പരിപ്പിൽ നിന്നുണ്ടാക്കുന്ന കൺമഷി വളരെ ഗുണകരമാണ്. പൊണ്ണത്തടി കുറയ്ക്കാനും മരോട്ടിയെണ്ണ ഉപയോഗിച്ചുവരുന്നു.
Share your comments