എല്ലാവരും അടുക്കളത്തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്ന പ്രധാനപ്പെട്ട വിളയാണ് മുളക്. വീട്ടാവശ്യത്തിന് വേണ്ടി ആണെങ്കിൽ മൂന്നോ നാലോ ഗ്രോബാഗുകളിലോ ചട്ടികളിലോ മുളക് തൈകൾ വച്ചുപിടിപ്പിക്കാവുന്നതാണ്.
എന്നാൽ മുളകിൽ ധാരാളം കീട രോഗങ്ങൾ കാണപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ട രോഗമാണ് ഇലകളുടെ മുരടിപ്പ്. ഇലകൾ ചുരുണ്ട് പോകുന്നതിന് പ്രധാന കാരണം വൈറസ് ബാധയാണ്. ഇതുകൂടാതെ ഇലപ്പേനിന്റെ ഫലമായും ഇലകൾക്ക് മുരടിപ്പ് ഉണ്ടാകാറുണ്ട്.
ഇലപ്പേനും കുഞ്ഞുങ്ങളും ഇലകളുടെ അടിയിൽ ഇരുന്ന് നീര് കുടിക്കുന്നത് കാരണമാണ് മുളക് ചെടികളുടെ വളർച്ച മുരടിച്ചു പോകുന്നത്. തന്മൂലം ഇലകളുടെ വശങ്ങൾ മുരടിച്ചു ചെടികളുടെ വളർച്ച പൂർണ്ണമായും നശിക്കുന്നു. വൈറസ് ബാധയും ഇലപ്പേൻ ബാധിച്ച ചെടികളും തോട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും നശിക്കുകയാണ് ആദ്യത്തെ പ്രതിരോധ മാർഗം. വൈറസ് രോഗം ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേക്ക് പകരാൻ പ്രധാന കാരണം ഇലപ്പേനുകളാണ്. ഇലപ്പേൻ നശിപ്പിക്കാൻ ധാരാളം ജൈവ കീടനാശിനികൾ ഉപയോഗപ്രദമാക്കാം. അതിൽ പ്രധാനപ്പെട്ടതാണ് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, ഗോമൂത്രം കാന്താരി മിശ്രിതം തുടങ്ങിയവ. ഇത് കൂടാതെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു നിയന്ത്രണ മാർഗമാണ് കിരിയാത്ത് -സോപ്പ്- വെളുത്തുള്ളി മിശ്രിതം. ഇത് തയ്യാറാക്കിയചെടികളിൽ വൈകുന്നേര സമയങ്ങളിൽ അടിച്ചു കൊടുത്താൽ പൂർണമായും ഇലപ്പേനുകളെ ഇല്ലാതാക്കാം.
കിരിയാത്ത് മിശ്രിതം തയ്യാറാക്കുന്ന വിധം
കിരിയാത്ത് ചെടികളുടെ ഇളം തണ്ടും ഇലകളും ചതച്ചു പിഴിഞ്ഞ് ഒരു ലിറ്റർ നീരെടുക്കുക. അര ലിറ്റർ വെള്ളത്തിൽ, ബാർസോപ്പ് 60 ഗ്രാം ചീകിയിട്ട് അലിയിച്ച് എടുക്കണം. അതിനുശേഷം സോപ്പുലായനി കിരിയാത്ത് നീരിലേക്ക് കുറേശ്ശെ ചേർത്ത് നന്നായി ഇളക്കി ചേർക്കണം. അതിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കാം. ഇതിലേക്ക് 330 ഗ്രാം വെളുത്തുള്ളി നല്ലവണ്ണം അരച്ച് ചേർത്ത് അരച്ചെടുത്ത് ഇലയുടെ അടിയിൽ വീഴ്ത്തുക വിതം തളിക്കുക.
ഓരോ ദിവസവും ഇടവിട്ട് തണുത്ത കഞ്ഞി വെള്ളം നേർപ്പിച്ചു തളിക്കുക കൂടി ചെയ്താൽ പൂർണമായും ഇലപ്പേനുകളെ അകറ്റാം. കിരിയാത്ത് മിശ്രിതത്തിന് പകരമായി പുകയിലക്കഷായം ഉപയോഗിക്കുന്നത് നല്ലതാണ്.
Share your comments