<
  1. Farm Tips

അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.

കൃഷി ചെയ്യാൻ അല്പം സ്ഥലവും അതിലേറെ മനസ്സും ഉണ്ടായാൽ മതി. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് കൃഷി ചെയ്യാം. ഉത്സാഹിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു കൗതുകവുമാകും. അതാണല്ലോ ഇവ ഇടവിളകളായും വളർത്താം എന്നുപറയുന്നത്. വിത്തുകൾ അതതിടത്തെ കർഷകർ, കൃഷി ഭവനുകൾ, VFPCK, കർഷകക്കൂട്ടായ്മകൾ എന്നിവരുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാം.

K B Bainda

കൃഷി ചെയ്യാൻ അല്പം  സ്ഥലവും അതിലേറെ മനസ്സും ഉണ്ടായാൽ മതി. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് കൃഷി ചെയ്യാം. ഉത്സാഹിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു കൗതുകവുമാകും. അതാണല്ലോ ഇവ ഇടവിളകളായും വളർത്താം എന്നുപറയുന്നത്. വിത്തുകൾ അതതിടത്തെ കർഷകർ, കൃഷി ഭവനുകൾ, VFPCK,  കർഷകക്കൂട്ടായ്മകൾ എന്നിവരുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാം.

ഗ്രോബാഗിലും മട്ടുപ്പാവിലും

സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോബാഗിലോ ചട്ടിയിലോ ഒട്ടുമിക്ക പച്ചക്കറികളും വളർത്താം. മട്ടുപ്പാവുകളിലും അത്യാവശ്യം ഫ്ളാറ്റുകളുടെ ബാൽക്കണിയിലും ഗ്രോബാഗുകൾ ഉപകരിക്കും. ചട്ടിയുടെ താഴെ നനവും മറ്റും പടരാതിരിക്കാൻ ഒരു ട്രേ വെച്ചുകൊടുക്കണം എന്നുമാത്രം. മട്ടുപ്പാവിലാകുമ്പോൾ ഗ്രോബാഗുകൾ ഇഷ്ടികയിലോ മറ്റോ പൊക്കി വെക്കാം. ഇവിടെ പ്രധാനം നല്ല നടീൽമിശ്രിതം ഒരുക്കുക എന്നതാണ്.

മേൽമണ്ണ്, ചാണകപ്പൊടി (ട്രൈക്കോഡെർമ കൾച്ചർ കലർത്തിയതെങ്കിൽ ഉത്തമം), മണൽ എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതമാണ് നല്ലത്. ചാണകപ്പൊടി കിട്ടാനില്ലെങ്കിൽ എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും നല്ലതാണ്. ഇതോടൊപ്പം 25 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് കൂടെ കലർത്താൻ ആയാൽ നന്ന്. മിശ്രിതം ഗ്രോബാഗിന്റെ പകുതി നിറച്ചാൽ മതി. ഇതിലാണ് വിത്ത്/തൈ നടേണ്ടത്.

പയർ കൃഷി എങ്ങനെ?

ലോല, മാലിക, ശാരിക തുടങ്ങിയ വള്ളിപ്പയറിനങ്ങളും കനകമണി, കൈരളി, ഭാഗ്യലക്ഷ്മി തുടങ്ങിയ കുറ്റിപ്പയറുകളും അനശ്വര എന്ന തടപ്പയറും ഒക്കെ ഇന്ന് പരിചിതമാണ്. ചട്ടിയിലായാലും ഒരുക്കിയ കൃഷിയിടത്തിലായാലും നാലോ അഞ്ചോ വിത്ത് വീതം പാകുക. കരുത്തുള്ള രണ്ടു തൈമാത്രം നിർത്തി ബാക്കി നീക്കാം. തലപ്പ് പടരാൻ തുടങ്ങുമ്പോൾ കമ്പുകൾ കുത്തിക്കൊടുക്കാം. ചീരയ്ക്കു പറഞ്ഞ ജൈവവളങ്ങൾ തന്നെ ഇവിടെയും മതിയാകും. മുഞ്ഞശല്യമോ മറ്റോ കണ്ടാൽ കഞ്ഞിവെള്ളം നേർപ്പിച്ചു ചെടിയിൽ തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും നല്ലതാണ്.

പാവൽ കൃഷി ചെയ്യുമ്പോൾ

പാവയ്ക്കാ വിത്ത് പാകുന്നതിന് മുമ്പ് 10-12 മണിക്കൂർ വെള്ളത്തിൽ കുതിർത്തു നട്ടാൽ വേഗം മുളയ്ക്കും. ഒരു ഗ്രോബാഗിൽ മുളപ്പിച്ച 12 തൈ നടാം. പോട്ടിങ് മിശ്രിതം നേരത്തേ പറഞ്ഞതുതന്നെ മതി. പ്രീതി, പ്രിയ, പ്രിയങ്ക, മായ ഒക്കെ നല്ല ഇനങ്ങളാണ്. ഇനി വിത്തുകളില്ലെങ്കിൽ വാങ്ങിയ പാവക്കയിൽ പഴുത്തവയിൽനിന്ന് വിത്തുകൾ കഴുകിയെടുത്തു പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കി തണലത്തുണക്കി നടുകയുമാവാം. ആഴ്ചയിലൊരിക്കൽ എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകത്തെളി എന്നിവ ലഭ്യത അനുസരിച്ചു ചേർക്കാം. വള്ളിക്കു പടരാൻ സൗകര്യം ചെയ്യണം. ഒരു തകരഷീറ്റിൽ മഞ്ഞ പെയിന്റടിച്ച് എണ്ണയോ പുരട്ടിവെച്ചാൽ ചെറുകീടങ്ങൾ അതിൽ പറ്റി നശിച്ചുകൊള്ളും. കായുണ്ടാകുമ്പോൾ കടലാസുകൂടുകൾക്കുള്ളിൽ ആക്കിയാൽ കായീച്ച കുത്താതെ കഴിക്കാം.

പടവലം കൃഷി

പാവൽ പോലെ തന്നെ പടവലവും വളർത്താം. മട്ടുപ്പാവിലും ഗ്രോബാഗിലും നടാം. കൗമുദി, ബേബി, മനുശ്രീ, ഹരിതശ്രീ എന്നിവ നല്ല ഇനങ്ങളാണ്. വിത്തുപാകി മുളപ്പിച്ച തൈകൾ കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ കലർത്തിയ മിശ്രിതത്തിൽ നടണം. ആഴ്ച തോറും ഓരോ പിടി പച്ചച്ചാണകം ചേർത്താൽ കൊള്ളാം. വള്ളി ലഭ്യമായ സൗകര്യത്തിൽ കയറ്റിവിട്ടാൽ മതി.

വെണ്ട കൃഷി

വിത്ത് നേരിട്ട് പാകിയാണ് വെണ്ടക്കൃഷി. സൽകീർത്തി, അരുണ, സുസ്ഥിര തുടങ്ങിയവ നല്ല ഇനങ്ങളാണ്. വിത്തുകൾ 24 മണിക്കൂർ നേരം പത്തു ഗ്രാം സ്യൂഡോമോണസ് ലായനിയിൽ കുതിർത്തു നട്ടാൽ നന്ന്. മൂന്നുനാലു ദിവസം മതി വിത്ത് മുളയ്ക്കാൻ. നാലഞ്ചില ആയാൽ മാറ്റി നടാം. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് ഒക്കെ ചേർത്താൽ നല്ല വിളവ് കിട്ടും. 45-50 ദിവസത്തെ വളർച്ചയിൽ ആദ്യ വിളവെടുക്കാം.

തക്കാളി കൃഷി

തക്കാളി കൃഷി ചെയ്യാൻ വിത്ത് പാകി മുളപ്പിച്ച തൈകൾ ഒരു മാസം ആകുമ്പോഴാണ് നടേണ്ടത്. ശക്തി, മുക്തി, അനഘ എന്നിവ തക്കാളിവാട്ടം ചെറുക്കുന്ന ഇനങ്ങളാണ്. തൈ നട്ട് രണ്ടുമാസംമതി വിളവെടുക്കാൻ.

മുളക്

മുളകിലുമുണ്ട് മികച്ച ഇനങ്ങൾ. ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, വെള്ളായണി അതുല്യ തുടങ്ങിയവ. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വാങ്ങിയ പച്ചമുളകിൽ പഴുത്തുപോയതുണ്ടെങ്കിൽ അരിയെടുത്തുണക്കി മണ്ണൊരുക്കി പാകാം. കാലിവളം, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്ക് സ്ലറി, എല്ലുപൊടി, ചാരം തുടങ്ങിയവ ചേർത്ത് വളർത്താം. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ചാണകത്തെളി തളിച്ചും കൊടുക്കാം. രണ്ടുനേരം നന നിർബന്ധം. ആവശ്യമെങ്കിൽ താങ്ങു കൊടുക്കാം.

ചീര

അനായാസം വളർത്താവുന്നതാണ് ചീര. നല്ല വെയിൽ വേണം. ഗ്രോബാഗിലോ ചട്ടിയിലോ അല്ല സ്ഥലമുണ്ടെങ്കിൽ നനവ് കിട്ടുന്ന എവിടെയും ചീരവിത്ത് വിതറാം. ഉറുമ്പുശല്യം ഉണ്ടാകാതിരിക്കാൻ അല്പം മഞ്ഞൾപ്പൊടിയോ അരിപ്പൊടിയോ കലർത്തി വിതറണം എന്നുമാത്രം. ഗ്രോബാഗിലെങ്കിൽ ചുറ്റും പൊടി തൂകിയാൽ മതി. ആവശ്യമെങ്കിൽ രണ്ടുനേരം നനയ്ക്കുക. ഒരു സെന്റിൽ നൂറു തൈ വരെ നടാം. ഓരോ പത്തുദിവസം കൂടുമ്പോൾ വിളവെടുക്കാം. വിളവെടുപ്പ് കഴിഞ്ഞു ചാണകം കലക്കി ലായനിയാക്കിനേർപ്പിച്ചത്, എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, നേർപ്പിച്ച ഗോമൂത്രം എന്നിവ വളമായി ചേർക്കാം. ചീരയിൽ ഒട്ടേറെ ഇനങ്ങൾ ഇന്നുണ്ട്. തെങ്ങിൻതടത്തിലോ മറ്റോ ചീരവിത്തു വിതറിയാൽ അങ്ങനെയും വളർന്ന് നിരന്തരം ചീര കിട്ടും എന്നോർക്കുക.

മൈക്രോഗ്രീൻ സ്ഥലമേ വേണ്ട

പച്ചക്കറികളിലെ പുതിയ താരമായ മൈക്രോഗ്രീൻ വളർത്താനെങ്കിൽ സ്ഥലവും വേണ്ട അധ്വാനവും കുറവ്. പുറത്തിറങ്ങാൻ പരിമിതികളുള്ള കാലത്തിനു യോജിച്ച കൃഷിരീതിയാണിത്. കിട്ടുന്ന ഏതു വിത്തും മൈക്രോഗ്രീൻ ആക്കാം. പയറും കടലയും ഉണ്ടെങ്കിൽ കുശാലായി. മറ്റു ധാന്യങ്ങളും ചീരയും കടുകും ഒക്കെ ഇങ്ങനെ മൈക്രോഗ്രീനായി വളർത്തി ഉപയോഗിക്കാം. വിത്തുകൾ എട്ട് മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്ത ശേഷം വെള്ളം ഊറ്റുക. അടുത്ത ദിവസം ഇവ മുളച്ചു കഴിയും. ഇതാണ് നടേണ്ടത്.

ചെറിയ സുഷിരങ്ങളുള്ള ഒരു പ്ലാസ്റ്റിക് ട്രേയിൽ അല്പം ചകിരിച്ചോറോ അല്ലെങ്കിൽ ടിഷ്യു പേപ്പറോ വിരിച്ചു വിത്തുകൾ അടുപ്പിച്ചു വിതറുക. അഞ്ചാറു ദിവസമാകുമ്പോൾ തൈകൾ വളർന്നു കഴിയും. ഇവ മുറിച്ചെടുത്തു തോരനോ കറികളോ തയാറാക്കാം. പത്തു ദിവസത്തിനകം വിളവെടുക്കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അകത്തി കൃഷിയിൽ മികച്ച വിളവിന് നൂതന മാർഗങ്ങൾ

English Summary: kitchen garden (1)

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds