മുളച്ച പാഴായിപ്പോയ തേങ്ങ ഇരട്ടിവില കിട്ടുന്ന രീതിയിൽ കുറ്റിച്ചെടി ആക്കി നമുക്ക് മാറ്റാവുന്നതാണ്. ബോൺസായി തെങ്ങുകൾ എന്ന് വിളിക്കുന്ന ഇവയ്ക്ക് മാർക്കറ്റിൽ വൻ ഡിമാൻഡ് ആണ് ഉള്ളത്. നമ്മുടെ വീട്ടുവരാന്തയിൽ ഒന്നര അടി ഉയരത്തിൽ കുള്ളൻ തെങ്ങിൻ തൈ വളരുന്നത് അതി മനോഹര കാഴ്ചയാണ് നമുക്ക് സമ്മാനിക്കുക. നഗരവാസികൾക്കും സ്ഥലപരിമിതി നേരിടുന്നവർക്കും ഇതാണ് മികച്ച വഴി. സൂര്യപ്രകാശം ലഭ്യമാകുന്ന ഏതു ഇടവും ബോൺസായി തെങ്ങ് വളർത്താൻ അനുയോജ്യമാണ്.
എങ്ങനെ തയ്യാറാക്കാം
തെങ്ങിൻറെ ഏത് ഇനം ആണെങ്കിലും ബോൺസായി ചെടിയായി വളർത്താൻ നല്ലതാണ്. മുള പുറത്തേക്ക് വരുന്ന തേങ്ങ ഇതിനുവേണ്ടി തെരഞ്ഞെടുക്കാം. ആദ്യമേതന്നെ തേങ്ങയുടെ തൊണ്ടു ശ്രദ്ധാപൂർവം നീക്കം ചെയ്യണം. ചിരട്ട നാരുകളും കളയണം. അതിനുശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ചിരട്ട നന്നായി മിനുക്കി എടുക്കണം. അതിനു ശേഷം ലാക്കർ പോളിഷ് ചെയ്താൽ ചിരട്ട കൂടുതൽ ഭംഗി കിട്ടും.
ഇനി മുളപ്പിന്റെ ചുവട്ടിൽനിന്ന് വേരുകൾ മുളപ്പിക്കാൻ ശ്രമിക്കാം. ഇതിനായി പാത്രത്തിൽ നിറച്ച് വെള്ളത്തിലിൽ ചിരട്ട പകുതി ഭാഗം മൂക്കുന്ന വിധം തേങ്ങ ഇറക്കി വയ്ക്കണം. തൊണ്ടു നീക്കംചെയ്ത തേങ്ങയുടെ ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ മുകളത്തിന് ചുവട്ടിൽനിന്ന് വേരുകൾ ഉണ്ടായിവരും. വേരുകൾ വളർന്നുവന്ന തെങ്ങിൻതൈ പാത്രത്തിൽ നിറച്ച മിശ്രിതത്തിലേക്ക് മാറ്റി നടാം. ഏകദേശം നാലിഞ്ച് ആഴമുള്ള ആകർഷകമായ പാത്രമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.നടീൽ മിശ്രിതത്തിൽ ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, ചുവന്നമണ്ണ് എന്നിവയാണ് ചേർക്കേണ്ടത്. നടുന്നതിന് മുൻപായി വിടർന്നു വരുന്ന ഇലകളുടെ ചുവട്ടിൽ പൊതിഞ്ഞിരിക്കുന്ന വല പോലുള്ള പൊറ്റ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്ന പക്ഷം ഇലകൾ പെട്ടെന്ന് തന്നെ വളരും. ബ്ലേഡ് ഉപയോഗിച്ച് പൊറ്റ നീക്കം ചെയ്യുമ്പോൾ ഒരിക്കലും തണ്ടിന് കുഴപ്പം വരരുത്. ചിരട്ട മുഴുവനായി കാണുന്ന വിധത്തിൽ വേരുകൾ മാത്രമേ മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കാവൂ. നട്ടശേഷം മിശ്രിതം നനച്ചു കൊടുക്കുവാനും, ഭംഗിക്ക് വെള്ളാരംകല്ലുകൾ ഉപയോഗിക്കുവാനും ശ്രമിക്കണം.
We can change the sprouted waste coconut into a shrub at double the price. These so-called bonsai coconuts are in great demand in the market. Growing dwarf coconut seedlings one and a half feet high in our backyard gives us a beautiful view.
പരിചരണം
തണൽ ലഭ്യമാകുന്ന ഇടങ്ങളിലാണ് ബോൺസായി തെങ്ങ് പരിപാലിക്കേണ്ടത്. 3- 4 ഇലകൾ ആകുമ്പോൾ താഴെയുള്ള ഇലകൾ ആവശ്യാനുസരണം നീക്കം ചെയ്യണം. ഇലകൾ നീക്കം ചെയ്തതിനുശേഷം കുമിൾനാശിനി തളിച്ചു കൊടുക്കേണ്ടതാണ്.
കാലാവസ്ഥയ്ക്കനുസരിച്ച് നന പ്രധാനമാണ്. വേനൽക്കാലത്ത് രണ്ടുനേരവും നനച്ചു നൽകണം. ആറുമാസത്തിലൊരിക്കൽ പഴയ മിശ്രിതം മാറ്റി പുതിയതിലേക്ക് മാറ്റാം. ഈ സമയത്ത് വേരുകൾ മുറിച്ച് നീളം കുറയ്ക്കാം. രണ്ടു വർഷത്തിലൊരിക്കൽ അല്പംകൂടി വലുപ്പമുള്ള ചട്ടിയിലേക്ക് കുള്ളൻ തെങ്ങ് മാറ്റി നടാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ വളം നൽകിയിരിക്കണം. ചിരട്ടയുടെ പുറംഭാഗത്ത് പോളിഷ് മങ്ങുമ്പോൾ പോളിഷ് ചെയ്തു നൽകാവുന്നതാണ്.
Share your comments