ആര്യവേപ്പ്, നീലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. അതില്‍ ആര്യവേപ്പ് ദാഹം, ചുമ, പനി മുതലായവയെ ശമിപ്പിക്കും. കണ്ണുരോഗത്തിന് പച്ചിലയും, വ്രണം കരിയാന്‍ പഴുത്തിലയും മരുന്നായി ഉപയോഗിക്കുന്നു.വേപ്പിന്റെ ഇല, തൊലി, പൂവ്, കായ്, വേര് എന്നീ പഞ്ചഘടകങ്ങളും രക്തദോഷത്തെ ശമിപ്പിക്കുന്നവയാണ്.
മുഖക്കുരുവിന് മരുന്ന്
പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്തിട്ടാല്‍ മുഖക്കുരു ശമിക്കും. ഇത് ശരീരമാസകലം തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ വസൂരി കലകളും പാടുകളും മാഞ്ഞുപോകുന്നതാണ്.
ചെറുപയര്‍പൊടി, മഞ്ഞള്‍ പൊടി സമമെടുത്ത് പാലും വേപ്പിലയും ചേര്‍ത്തരച്ച് കുളിക്കുന്നതിനു മുമ്പ് കട്ടിയായി തേക്കുക. ഉണങ്ങുമ്പോള്‍ ചീവയ്ക്കാപൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക. മുഖക്കുരു മാറുകയും മുഖത്ത് സ്‌നിഗ്ദ്ധത വര്‍ദ്ധിക്കുകയും കാന്തി ലഭിക്കുകയും ചെയ്യും.
കീടനാശിനിയാക്കാൻ ഏറ്റവും നല്ലത്
1. വേപ്പിന്‍ കുരു 50 ഗ്രാം പൊടിച്ച് തുണിയില്‍ കിഴിയാക്കി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിവെച്ച് പിഴിഞ്ഞെടുത്ത നീര് തളിച്ചാല്‍ പേരയ്ക്കാ, വെണ്ടയ്ക്ക മറ്റ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയിലെ കായ് തുരപ്പന്‍ പുഴവിനെ നിയന്ത്രിക്കുവാന്‍ സാധിക്കും.
2. വേപ്പിന്‍ പിണ്ണാക്ക് 1 കിലോഗ്രാം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 24 മണിക്കൂര്‍ കഴിഞ്ഞ് തെളിയൂറ്റിയെടുത്ത് ചീര, പയര്‍ മുതലായവയില്‍ തളിക്കാവുന്നതാണ്. ഇതുമൂലം ഇലപ്പുഴു, കട്ടപ്പുഴു, മറ്റു പ്രാണികള്‍ എന്നിവയെ നശിപ്പിക്കുവാന്‍ സാധിക്കുന്നു. ഇലകളില്‍ പറ്റിപ്പിടിക്കുവാന്‍ പശയായി ജലത്തിലലിയിച്ച ബാര്‍സോപ്പോ, കഞ്ഞിവെള്ളമോ, സാന്റോവിറ്റ് പശയോ ചേര്‍ക്കേണ്ടതാണ്.
3. ഗോവേപ്പില സംയുക്തം നല്ലൊരു കീടനാശിനിയായി ഉപയോഗിക്കുന്നു. 2 ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി ലിറ്റര്‍ ഗോമൂത്രവും 100 ഗ്രാം ചാണകവും 200 ഗ്രാം നന്നായരച്ച വേപ്പിലയും കൂട്ടിയോജിപ്പിച്ച് 24 മണിക്കൂര്‍ പുളിപ്പിക്കുക. രണ്ട് പ്രാവശ്യം തുല്യ ഇടവേളകളില്‍ മിശ്രിതം ഇളക്കണം. ഈ മിശ്രിതം തുണിയില്‍ അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പേന്‍, നീരൂറ്റിക്കുടിയ്ക്കുന്ന പ്രാണികള്‍, മറ്റു കീടങ്ങള്‍ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാം.
4. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (കാന്താരി) വേപ്പിന്‍ കുരു പൊടിച്ചത്, തുളസി നീര്, ഉമ്മത്തിന്‍ കായ് എന്നിവയെല്ലാം ഒരേ അനുപാതത്തില്‍ കലര്‍ത്തി 24 മണിക്കൂര്‍ വെച്ചതിനുശേഷം തളിച്ചുകൊടുത്താല്‍ മിക്ക കീടങ്ങളേയും നിയന്ത്രിക്കുവാന്‍ സാധിക്കും.
5. 50 മില്ലി ലിറ്റര്‍ വേപ്പെണ്ണയില്‍ പെരുവലത്തിന്റെ ഇലയുടെ സത്ത് 50 മില്ലി ലിറ്റര്‍ 1 ലിറ്റര്‍ ജലവുമായി ചേര്‍ത്തടിക്കുന്നതും കീടങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നവയാണ്. തെങ്ങിന്റെ കവിളുകളില്‍ വേപ്പിന്‍ പിണ്ണാക്കും സമം മണലും ചേര്‍ത്തിട്ടാല്‍ തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികളെ തുരത്താവുന്നതാണ്.
6. കീടരോഗ പ്രതിരോധത്തിന് കര്‍ഷകന്റെ ആത്മമിത്രവും മനുഷ്യരുടെ ആരോഗ്യ രംഗത്തെ കരുത്തുമാണ് വേപ്പ്.
7. സന്ന്യാസിമാര്‍ പോലും വേപ്പിലയും വേപ്പെണ്ണയും ആരോഗ്യ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നു എന്നത് വേപ്പിലയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ആയുര്‍വേദ രംഗത്തേയും, സൗന്ദര്യ വര്‍ദ്ധക വ്യാപാരത്തേയും നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും വേപ്പിനും വേപ്പാധാരിത ഉല്പന്നങ്ങള്‍ക്കും മികവുറ്റ സ്വാധീനവുണ്ട്. ഭക്ഷണവും വായുവും, ജലവും തരുന്ന പ്രകൃതി നമ്മെ രക്ഷിക്കുവാനാവശ്യമായ ഔഷധങ്ങളേയും സൂക്ഷിച്ചിരിക്കുന്നു എന്നത് വൈവിദ്ധ്യമാര്‍ന്ന പ്രകൃതിയുടെ സൗമനസ്യവും ഉദാരതയുമാണ്.
ഔഷധിയായി ഉപയോഗിക്കാം
1. വേപ്പിന്‍ കുരു പൊടിച്ച് തലയില്‍ പുരട്ടി കിടന്നുറങ്ങിയാല്‍ പേന്‍ നശിക്കും. വേപ്പിന്‍ പൂവ് ഇട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ താരന്‍ ഒഴിഞ്ഞു കിട്ടുന്നു. പൊരികണ്ണി അഥവ ചുണങ്ങിനും വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ഉത്തമമായ പരിഹാരമാണ്.
2. തീ പൊള്ളിയാല്‍ വേപ്പില അരച്ച് പുരട്ടിയാല്‍ വ്രണം കരിയും.
3. വേപ്പെണ്ണ തലയില്‍ തേച്ചു കുളിച്ചാല്‍ തുമ്മലുള്ളവര്‍ക്ക് ശമനം ലഭിക്കും.
4. ആര്യ വേപ്പില അരച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ പിത്തം ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കും.
5. വേപ്പെണ്ണയില്‍ കുരുമുളക് പൊടിച്ചിട്ട് ചാലിച്ച് പുരട്ടിയാല്‍ പുഴുക്കടി മാറുന്നതാണ്.
6. പച്ച മഞ്ഞളും വേപ്പിലയും അരച്ചു പുരട്ടുന്നതും പുഴുക്കടിക്ക് നല്ലതാണ്.
7. വേപ്പ്മരത്തൊലിയും, കിരിയാത്തും കൂടി കഷായം വെച്ചു കുടിച്ചാല്‍ മലമ്പനിക്ക് ശമനമാകും.
8. വേപ്പിലയും കുരുമുളകും ചേര്‍ത്തരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തെ ഇല്ലായ്മ ചെയ്യും.
9. നെയ്യില്‍ വേപ്പില അരച്ച് വെണ്ണയും, പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ രക്തപിത്തം മാറി കിട്ടും.
10. രക്ത വര്‍ദ്ധനയ്ക്ക് ആര്യവേപ്പില ഉണക്കിപ്പൊടിച്ച് നെയ്യില്‍ കുഴച്ച് ഒരു ടീസ്പൂണ്‍ കഴിക്കുന്നത് ഉത്തമമാണ്.
11. ഉണക്കമഞ്ഞളും വേപ്പിലയുംകൂടി ഗോമൂത്രത്തില്‍ അരച്ച് ദേഹത്ത് പുരട്ടി രണ്ടു മണിക്കൂര്‍ കഴിഞ്ഞശേഷം കുളിച്ചാല്‍ ചൊറിയെന്ന അസുഖം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും.
12. രക്തദൂഷ്യം, പ്രമേഹം, മൂത്രംപോക്ക് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എല്ലാ ദിവസവും ഒരു ടീസ്പൂണ്‍ വേപ്പെണ്ണ കഴിക്കുന്നത് രോഗത്തെ ശമിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യും.
13. മുണ്ടിവീക്കം അഥവ മുണ്ടിനീര് രോഗം വന്നവര്‍ക്ക് വേപ്പിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് നീര്‍ക്കെട്ടുവന്ന ഭാഗത്തിട്ടാല്‍ രോഗം കുറയുന്നതാണ്.
കാര്‍ഷിക രംഗത്ത് ജൈവകൃഷി ചെയ്യുന്നവരുടെ അത്താണിയാണ് വേപ്പും വേപ്പ് ഉത്പന്നങ്ങളും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മുതല്‍ 50 മില്ലി വേപ്പെണ്ണ തനിയെ അടിച്ചാലും കീടങ്ങളെ പരമാവധി അകറ്റി നിര്‍ത്താനും നിയന്ത്രിക്കുവാനും സാധിക്കും. തെങ്ങിലുണ്ടാകുന്ന മണ്ഡരി രോഗത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് വേപ്പെണ്ണയാണ്. 50 മില്ലി വേപ്പെണ്ണയും, 30 ഗ്രാം വെളുത്തുള്ളിയും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മച്ചിങ്ങകളില്‍ ഒന്നില്‍കൂടുതല്‍ പ്രാവശ്യം അടിച്ചുകൊടുത്താല്‍ മണ്ഡരി നിശ്ശേഷം ശമിക്കുന്നതാണ്. വെണ്ടയിലും മറ്റുമുണ്ടാകുന്ന മൈറ്റ്‌സിന്റെ ഉപദ്രവത്തിനും ഇലപ്പുഴു നിയന്ത്രണത്തിനും വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി മിശ്രിതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
Share your comments