സ്ഥലപരിമിതി ഉള്ളവർക്കും സുരക്ഷിതവും ജൈവ രീതിയിലുള്ളതുമായ പച്ചക്കറി മട്ടുപ്പാവില്‍ നിന്നും വിളയിച്ചെടുക്കാം. വീട്ടിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറികൾ എളുപ്പത്തില്‍ മട്ടുപ്പാവിൽ കൃഷി ചെയ്യാം.
മട്ടുപ്പാവിൽ പച്ചക്കറികൾ വളർത്തുന്നതിനായി മൺചട്ടി, പ്ലാസ്റ്റിക് ഗ്രോ ബാഗ്, പ്ലാസ്റ്റിക് ചട്ടി, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ മിശ്രതമാക്കി ചട്ടികളിലും ചാക്കുകളിലും മുക്കാൽ ഭാഗംവരെ നിറക്കുക. ചാക്കുകളും ഗ്രോ ബാഗുകളും രണ്ടോ മൂന്നോ ഇഷ്ടിക ഇട്ട് അതിന്മേൽ വയ്‌ക്കണം. ഇത് ഈർപ്പം മട്ടുപ്പാവിൽ തട്ടാതെ രക്ഷിക്കും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: അറിയേണ്ടതെല്ലാം
ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവയുടെ വിത്തുകൾ നേരിട്ട് മണ്ണില്‍ നടാം. വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം എന്നിവയുടെ വിത്തുകൾ ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാവുന്നതാണ്.
വെണ്ടയും വെള്ളരിയും പയറും 3-4 ദിവസത്തിൽ മുളക്കും. ബാക്കി ഉള്ളവ ഒരു ആഴ്ചയിൽ മുളച്ചു വരും. പാകമായ തൈകൾ ഒരു ഗ്രോ ബാഗിൽ 2 തൈകൾ എന്ന കണക്കിൽ നടാവുന്നതാണ്.
ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്.
വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കുന്നത് വിളവുകൂട്ടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മട്ടുപ്പാവിൽ ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം. ഇതിനായി 3-4 പോളിത്തീൻ ഷീറ്റ് മട്ടുപ്പാവിൽ വിരിച്ചിട്ടതിനുശേഷം കൃഷി ചെയ്താൽ മതിയാകും.
- ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം.
- കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ, വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
- രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിച്ചുകൊടുക്കണം.
- തുടര്‍ച്ചയായ മഴയുള്ള സമയം മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമല്ല.
- വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം.
- വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുള്ള കംമ്പോസ്റ്റ്, ചാണകപ്പൊടി, കോഴികാഷ്ഠം എന്നിവ ഉള്‍പ്പെടെയുള്ള ജൈവ വളങ്ങള്‍ മാത്രം മട്ടുപ്പാവിലെ കൃഷിയ്ക്ക് നല്‍കുക.
- ദിവസവും ഓരോ ചെടിയുടെയും ഇലകളുടെയും ഇരുവശങ്ങളും പരിശോധിച്ച് കീടങ്ങളുണ്ടെങ്കില്‍ എടുത്ത് കളയണം.
- മട്ടുപ്പാവ് കൃഷിയ്ക്ക് രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത് കാരണം കോൺക്രീറ്റ് കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത് പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രോബാഗിൽ മണ്ണിന് ഇളക്കം വരാൻ തണലത്തു ഉണക്കിയ ചാണകപ്പൊടി ഉപയോഗിക്കണം
- വീട്ടിൽ നിന്ന് കുറച്ച് ദിവസം മാറിനിൽക്കേണ്ട സാഹചര്യത്തിൽ ഒരു പ്ലാസ്റ്റിക് കവറിലോ ഒരു പാൽ കവറിലോ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ വെള്ളം നിറച്ച് അതിൽ ചെറിയൊരു സൂചികൊണ്ട് ദ്വാരം ഇടുക. ഇത് ചെടി തളങ്ങളിൽ വയ്ച്ചു കൊടുത്താൽ മതിയാകും ഒരു മൂന്നു ദിവസത്തേക്കു ചെടി വാടാതെ നിൽക്കാൻ.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments