നാടൻ ജൈവകീടനാശിനി ഉണ്ടാക്കാനായി നമ്മുടെ തൊടികളിൽ പച്ചിലകളും മരുന്ന് ചെടികളും മാത്രം മതി. നല്ല ഒന്നാംതരം ഓർഗാനിക് വളങ്ങൾ ലഭിക്കും.
ഒട്ടും പണം മുടക്കില്ലാതെ ഇത്തരം ജൈവ കീടനാശിനി പച്ചക്കറികളിലെ കീടമകറ്റാന്‍ ഉപയോഗിക്കാം. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശി നികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഇവയില്‍ ചിലത് പരിചയപ്പെടാം.
1) ഉങ്ങ് :- ഉങ്ങുമരത്തിന്റെ ഇല ഒരു കി.ഗ്രാം ചതച്ച് നീരെടുക്കുക. ഇതില്‍ അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍ ശല്‍കകീടങ്ങള്‍ എന്നിവയെല്ലാം നശിക്കും.
2) പപ്പായ ഇല :- പപ്പായ (കപ്ലങ്ങ, കര്‍മോസ്)യുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത ലായനി തളിച്ചാല്‍ ഇലതീനി പുഴുവിനെയും വണ്ടിനെയും തടയാം.
3) പെരുവലം (വട്ടപിരിയം) :- നമ്മുടെ വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളര്‍ന്നുവരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനി പുഴു ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. ഇല തെങ്ങിന്‍ചുവട്ടിലോ, മറ്റിടങ്ങളിലോ ഇട്ടാല്‍ വേരുതിന്നുന്ന പുഴുക്കളും നശിക്കും.
4) കൊങ്ങിണി :- കാട്ടില്‍ വളര്‍ന്ന് പൂത്തുനില്‍ക്കുന്ന കൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍ അഞ്ചിരട്ടിവെള്ളം ചേര്‍ത്തു തളിച്ചാല്‍ ഇലതീനിപ്പുഴു ഉള്‍പ്പെടെ എല്ലാ കീടങ്ങളും നശിക്കും.
5) കരിനൊച്ചി :- മുഞ്ഞ, ഇലതീനി പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ കരിനൊച്ചിയടെ ഇല ഉത്തമമാണ്. ഒരു കി.ഗ്രാം കരിനൊച്ചി ഇല അരമണിക്കൂര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറില്‍ അഞ്ചിരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.
6) പാണല്‍ :- പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.
7) ശവംനാറിച്ചെടി (നിത്യകല്യാണി) :- കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം.
8) കമ്യൂണിസ്റ്റ് പച്ച :- ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.
9) കാന്താരി മുളക് :- ഒരുപിടി കാന്താരി മുളക് അരച്ച് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളെയും കായീച്ചയെയും തടയാം.
10) ആത്ത :- ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.
11) കിരിയാത്ത് :- നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക.
12) ആര്യവേപ്പില :- പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.
Share your comments