വീട്ടിലൊരു പൂന്തോട്ടം ആരാണ് ആഗ്രഹിക്കാത്തത്? ചുറ്റും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. എന്നാൽ അതിമനോഹരമായ പൂക്കൾ നിറഞ്ഞ പൂന്തോട്ടം ഒരുക്കിയെടുക്കാൻ നല്ല പരിപാലനവും ആവശ്യമാണ്. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ചില തെറ്റുകൾ ചെടികളുടെ ആരോഗ്യം ഇല്ലാതാക്കും. പൂന്തോട്ടം പരിപാലിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
വെള്ളം ആവശ്യത്തിന് മാത്രം:
ജീവജാലങ്ങളെപ്പോലെ തന്നെ സസ്യങ്ങൾക്കും വായു ആവശ്യമാണ്. അവ മണ്ണിലെ വായു അറകളിലൂടെയാണ് ശ്വസിക്കുന്നത്. എന്നാൽ ഈ വായു അറകളിൽ എല്ലായ്പ്പോഴും വെള്ളം നിറഞ്ഞു നിന്നാൽ എന്താകും സംഭവിക്കുക? എയർ പോക്കറ്റുകളിൽ വെള്ളം നിറഞ്ഞ് ചെടി നശിച്ചു പോകും. അതിനാൽ ചെടികൾ നനയ്ക്കുന്ന സമയത്ത് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കാലാവസ്ഥയോട് യോജിച്ചവ വളർത്താം:
ചെടികൾ നന്നായി വളരാനും മനോഹരമായ പൂക്കൾ നൽകാനും അനുയോജ്യമായ കാലാവസ്ഥ അത്യാവശ്യമാണ്. അതിനാൽ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയോട് യോജിച്ചതാണോ എന്ന് ഉറപ്പ് വരുത്തണം.
അനാവശ്യ ശിഖരങ്ങൾ വെട്ടി മാറ്റാം:
ചെടികൾ നന്നായി തഴച്ചു വളരാൻ അതിന്റെ നശിച്ചു തുടങ്ങിയ അഗ്രഭാഗം നിശ്ചിത ഇടവേളകളിൽ വെട്ടിമാറ്റണം. ദ്രവിച്ചു തുടങ്ങിയ ശിഖരങ്ങൾ ചെടിയിൽ നിലനിർത്തിയാൽ അത് ചെടി വളർന്നു പുഷ്ടിപ്പെടുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യപ്രകാശം അത്യാവശ്യം:
ചെടികൾ നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ഓരോ ചെടിയ്ക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ് തിരിച്ചറിഞ്ഞു സ്ഥാനം നിശ്ചയിക്കുകയാവും നല്ലത്. ചിലതിന് അമിതമായ സൂര്യപ്രകാശമേൽക്കുന്നത് കരിഞ്ഞു പോകാൻ കാരണമാകും, എന്നാൽ മറ്റ് ചിലതിന് നല്ല സൂര്യപ്രകാശത്തിൽ മാത്രമാകും വളരാൻ കഴിയുക. അതിനാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.
ആരോഗ്യകരമായ അകലം നിർബന്ധം:
ചെടികൾ നടുമ്പോൾ ഓരോന്നും തമ്മിൽ നിശ്ചിത അകലം നിർബന്ധമാണ്. ചില ചെടികൾ വേരുകൾ പടർന്നു പിടിക്കുന്നവയാകും, അതിനാൽ അത്തരം ചെടികൾക്ക് ആവശ്യമായ സ്ഥലം നൽകി മാത്രമേ അടുത്ത ചെടിയ്ക്ക് സ്ഥലം നൽകാവൂ. മാത്രമല്ല, ചെടികൾക്കിടയിൽ നിശ്ചിത അകലമുണ്ടെങ്കിൽ മാത്രമേ ഒരു ചെടിയെ ബാധിക്കുന്ന രോഗങ്ങൾ സമീപത്തെ മറ്റ് ചെടികളിലേയ്ക്ക് പകരാതെ ശ്രദ്ധിക്കാൻ കഴിയൂ.
വേരുകൾക്കായി ബെഡ് ഒരുക്കാം:
ചില ചെടികൾ ആഴത്തിൽ വേരിറങ്ങുന്നവയാകാം. അവ നടുമ്പോൾ മണ്ണ് നന്നായി ഇളക്കി കട്ടിയിൽ ബെഡ് ഒരുക്കി അതിന് മുകളിൽ വേണം തൈ നടാൻ. എങ്കിൽ മാത്രമേ വേരുകൾ ഇറങ്ങാനും ചെടികൾക്ക് നന്നായി വളരാനും കഴിയൂ. ഇല്ലെങ്കിൽ മണ്ണ് ഉറയ്ക്കുകയും വേരുകൾക്ക് നല്ല രീതിയിൽ മണ്ണിലേയ്ക്ക് ഇറങ്ങാൻ കഴിയാതെ വരികയും ചെയ്യും.
വെള്ളം വേരുകളിൽ നൽകൂ:
ചെടിയുടെ മുകളിലൂടെ നനയ്ക്കുന്ന രീതി പലർക്കുമുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യില്ല. എല്ലായ്പ്പോഴും ചെടിയുടെ വേരുകളിലാണ് ആവശ്യത്തിന് വെള്ളം നൽകേണ്ടത്. ഇലകൾക്ക് മുകളിൽ വെള്ളമൊഴിക്കുന്ന രീതി വേനൽ കാലത്ത് മാത്രമേ ആവശ്യമുള്ളൂ.
കീടനാശിനി ഉപയോഗം ശ്രദ്ധിച്ച്:
ചെടികളിൽ പല തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കീടനാശിനി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. എന്നാൽ കാലാവസ്ഥ കൂടി പരിഗണിച്ച് വേണം കീടനാശിനി പ്രയോഗിക്കാൻ. ശക്തമായ കാറ്റോ മഴയോ ഉള്ള ദിവസങ്ങളിൽ കീടനാശിനി ഉപയോഗിക്കാൻ ശ്രമിക്കരുത്. ഇവ കാറ്റിലും മഴയിലും നഷ്ടപ്പെട്ട് പോകാം. അതുകൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയും ചെയ്യും.
Share your comments